ദുബൈ: ഓൺലൈൻ തട്ടിപ്പിന് പുതിയ രൂപം കൈവന്നിട്ടുള്ളത് ടിക്കറ്റുകളുടെരൂപത്തിലാണ്. വിവിധ പരിപാടികൾ, യാത്ര എന്നിവയുടെ ടിക്കറ്റുകളുടെ പേരിലാണ് പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നത്.
സംഗീതപരിപാടികൾ, വിനോദ പരിപാടികൾ, കായിക മത്സരങ്ങൾ, യാത്ര എന്നിവയ്ക്കുള്ള വ്യാജ ടിക്കറ്റുകൾ ഉൾപ്പെടുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. ഔദ്യോഗികവും അംഗീകൃതവുമായ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമേ ഇവ വാങ്ങിക്കാൻ പാടുള്ളൂ എന്ന് ദുബൈ നിവാസികളോട് പൊലീസ് അഭ്യർത്ഥിച്ചു.
ദുബൈ പൊലീസിന്റെ #BewareOfFraud ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി-ഫ്രോഡ് സെന്റർ ആണ് മുന്നറിയിപ്പ് നൽകിയത്.
ഉയർന്ന ഡിമാൻഡും പരിമിതമായ ലഭ്യതയും ചൂഷണം ചെയ്ത് തട്ടിപ്പ് വർദ്ധിച്ചുവരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. വ്യാജ വെബ്‌സൈറ്റുകളിലൂടെയും സ്ഥിരീകരിക്കാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും നിലവിലില്ലാത്ത ടിക്കറ്റുകൾ പ്രമോട്ട് ചെയ്തുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്.
ഈ പ്ലാറ്റ്‌ഫോമുകൾ പലപ്പോഴും അറിയപ്പെടുന്ന സംഘാടകരുടെയോ ഔദ്യോഗിക സ്ഥാപനങ്ങളുടെയോ പേരുകളോ ബ്രാൻഡിങ്ങോ അനുകരിക്കുന്നതിലൂടെയാണ് നിയമാനുസൃതമെന്ന് തോന്നിപ്പിക്കുന്നത്.
പണം കൈമാറാനോ ബാങ്ക് കാർഡ് വിശദാംശങ്ങൾ നൽകാനോ കെണിയിൽ വീഴുന്നവരോട് തട്ടിപ്പുകാർ ആവശ്യപ്പെടാറുണ്ട്, എന്നാൽ പിന്നീട് ടിക്കറ്റ് നൽകിയിട്ടില്ലെന്നോ അവരുടെ അക്കൗണ്ടുകളിൽ നിന്ന് അനധികൃത ഇടപാടുകൾ നടന്നു എന്ന് മനസ്സിലാകുമ്പോഴാണ് പലരും തട്ടിപ്പിന് ഇരയായതായി അറിയുന്നത്.
പരിപാടികൾ നടത്തുന്ന സംഘാടകരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്നോ അംഗീകൃത ടിക്കറ്റിങ് പ്ലാറ്റ്‌ഫോമുകളിൽ നിന്നോ മാത്രമായി ടിക്കറ്റുകൾ വാങ്ങുക, പണമടയ്ക്കുന്നതിന് മുമ്പ് വെബ്‌സൈറ്റ് ലിങ്കുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക എന്നീ കാര്യങ്ങൾ നിർബന്ധമായും ചെയ്യണമെന്ന് ദുബൈ പൊലീസ് നിർദ്ദേശിച്ചു. മാർക്കറ്റ് നിരക്കിനേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ഓഫറുകൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംശയാസ്‌പദമായ വെബ്‌സൈറ്റുകൾ, വ്യാജ പ്ലാറ്റ്‌ഫോമുകൾ അല്ലെങ്കിൽ തട്ടിപ്പുകൾക്ക് ശ്രമിച്ചവരെ കുറിച്ച് ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പ് വഴിയോ, 901 എന്ന നമ്പറിൽ വിളിച്ചോ, സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates