റിയാദ്: സൗദി അറേബ്യയില്‍ വിവിധ നികുതി ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ ഒഴിവാക്കി നല്‍കുന്ന പദ്ധതിയുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി. പുതിയ തീരുമാനം ബിസിനസ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തങ്ങളുടെ നികുതി ബാധ്യതകള്‍ നിയമവിധേയമായി ക്രമപ്പെടുത്താന്‍ ഇതിലൂടെ കൂടുതല്‍ സമയം ലഭിക്കും.
എല്ലാത്തരം നികുതി സംവിധാനങ്ങള്‍ക്കും ബാധകമായ ഈ പദ്ധതിയിലൂടെ നികുതി റജിസ്‌ട്രേഷന്‍ വൈകിയതുമായി ബന്ധപ്പെട്ട പിഴകള്‍, നികുതി അടയ്ക്കുന്നതിലും റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിലും വരുത്തിയ കാലതാമസം എന്നിവ ഒഴിവാക്കപ്പെടും. കൂടാതെ മൂല്യവര്‍ധിത നികുതി (വാറ്റ്) റിട്ടേണുകളിലെ തിരുത്തലുകളുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴകള്‍ക്കും ഈ പദ്ധതി പ്രകാരം ഇളവ് ലഭിക്കും. 2026 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഇളവുകള്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെ തുടരുമെന്ന് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
ആനുകൂല്യം ലഭിക്കുന്നതിനായി നികുതിദായകര്‍ അതോറിറ്റിയില്‍ കൃത്യമായി റജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും, നിലവില്‍ കുടിശ്ശികയുള്ള എല്ലാ ടാക്‌സ് റിട്ടേണുകളും സമര്‍പ്പിച്ച് നികുതിയുടെ പ്രധാന തുക പൂര്‍ണമായി അടച്ചുതീര്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഒറ്റപ്രാവശ്യമായി തുക അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പദ്ധതിയുടെ കാലാവധിക്കുള്ളില്‍ ഇന്‍സ്റ്റാള്‍മെന്റ് പ്ലാനിനായി അപേക്ഷിക്കാനും സൗകര്യമുണ്ട്.
അതേസമയം, ഗൗരവമേറിയ ചില ലംഘനങ്ങള്‍ക്കുള്ള പിഴകളെ ഈ ഇളവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നികുതി വെട്ടിപ്പിലൂടെയുണ്ടാകുന്ന പിഴകള്‍, വാറ്റ് നിയമത്തിലെ 45-ാം വകുപ്പ് പ്രകാരം ചുമത്തുന്ന കടുത്ത ശിക്ഷകള്‍, പദ്ധതി നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ അടച്ചുതീര്‍ത്ത പിഴകള്‍ എന്നിവയ്ക്ക് ഈ ഇളവ് ബാധകമാകില്ല. കൂടാതെ 2026 ജൂണ്‍ 30ന് ശേഷം സമര്‍പ്പിക്കേണ്ട ടാക്‌സ് റിട്ടേണുകളുമായി ബന്ധപ്പെട്ട വൈകല്‍ പിഴകള്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്ന് അതോറിറ്റി അറിയിച്ചു. വിവരങ്ങള്‍ക്ക് 19993 എന്ന യൂണിഫൈഡ് കോള്‍ സെന്റര്‍ നമ്പറിലോ, എക്‌സ് പ്ലാറ്റ്ഫോമിലെ @Zatca_Care എന്ന അക്കൗണ്ടിലോ, info@zatca.gov.sa എന്ന ഇമെയില്‍ വഴിയോ ബന്ധപ്പെടാം.!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates