ദുബൈ: വേനൽക്കാലം ആരംഭിക്കുന്നതിന്റെ സൂചനയായി യുഎഇയിൽ താപനില ഉയരുന്നു. യുഎഇയിലെ പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിക്ക് അൽ ദഫ്ര മേഖലയിൽ ആണ് ഏറ്റവും കൂടുതൽ ചൂട് ഇന്ന് രേഖപ്പെടുത്തിയത്. 42.9 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇവിടെ രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഈ സമയത്ത് സാധാരണ രേഖപ്പെടുത്തുന്ന ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് ഇപ്പോൾ യുഎഇയിലെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്.
യുഎഇയുടെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം താപനില 40 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ മാസത്തിൽ അനുഭവപ്പെടാറുള്ള സാധാരണ താപനിലയേക്കാൾ വളരെ കൂടുതലാണിത്. സാധാരണ ഗതിയിൽ 32 മുതൽ 36 ഡിഗ്രി ചൂട് വരെയാണ് വിവിധ പ്രദേശങ്ങളിലായി ഏറ്റവും ഉയർന്ന താപനിലയായി രേഖപ്പെടുത്താറുള്ളത്. ഇതിനേക്കാൾ വലിയ വർദ്ധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്.
ചൂട് കൂടുന്നുണ്ടെങ്കിലും സരായത്ത് സീസണായതിനാൽ (വസന്തകാലത്ത് നിന്ന് വേനൽ കാലത്തേക്കുള്ള മാറ്റം മാർച്ച് പകുതി മുതൽ മെയ് ആദ്യം വരെ നീണ്ടുനിൽക്കുന്ന കാലയളവാണിത്) അസ്ഥിരമായ കാലാവസ്ഥയ്ക്കുള്ള സാധ്യതകളുണ്ട്.
ഈ കാലയളവിൽ അപ്രതീക്ഷിതമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്.മേയ് ആദ്യവാരം വരെ നീണ്ടുനിൽക്കുന്നതാകും അസ്ഥിരമായ കാലാവസ്ഥയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സരായത്ത് സീസണിൽ കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ സ്വാഭാവികമാണ്. അസ്ഥിരമായ കാലാവസ്ഥയുടെ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഉച്ചകഴിഞ്ഞോ അതിരാവിലെയോ ഇടിമിന്നലോട് കൂടിയ തീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതിനുപുറമേ ശക്തമായ പൊടിക്കാറ്റും പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ട്.
സൗദി അറേബ്യയുൾപ്പെടെയുള്ള അറേബ്യൻ ഉപദ്വീപിന്റെ മധ്യഭാഗങ്ങളെ ബാധിക്കുന്ന ന്യൂനമർദ്ദമാണ് നിലവിലെ അസ്ഥിരതയ്ക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ പറയുന്നു.
കഴിഞ്ഞ ആഴ്ചകളിൽ ഉൾനാടൻ പ്രദേശങ്ങളിൽ 15 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നിരുന്നു. എന്നാൽ പൊടുന്നനെ ചൂട് വർദ്ധിക്കുകയാണ് ചെയ്തത്. താപനിലയിലെ ഈ ഏറ്റക്കുറച്ചിലുകൾ ഈ സമയത്തെ സവിശേഷതയാണെന്നാണ് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാനെ ഉദ്ധരിച്ച് യു എഇ യിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മെയ് പകുതിയോടെ ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദം സജീവമാകുന്നതോടെ അന്തരീക്ഷം മാറുകയും യുഎഇയിൽ വേനൽക്കാലം ശക്തിപ്പെടുകയും ചെയ്യും. ഈ ഘട്ടത്തിൽ താപനില സ്ഥിരമായി 40 ഡിഗ്രിക്ക് മുകളിലായി നിലകൊള്ളും. ഉൾനാടൻ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ ഇത് 50 ഡിഗ്രി വരെയാകാൻ സാധ്യതയുണ്ട്.
നിലവിൽ ചൂടും മഴയും ഇടകലർന്ന സാഹചര്യമാണെങ്കിലും, വരും ദിവസങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകാം.അത് കാഴ്ച തടസ്സപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates