അതിര്‍ത്തി കാവലിലേര്‍പ്പെട്ടിരിക്കുന്ന ബിഎസ്എഫ് ജവാന്‍/ ചിത്രം: പിടിഐ 
India

1962ല്‍ യുദ്ധത്തിന് മുന്‍പ് ഹിന്ദി ഗാനം; ഇപ്പോള്‍ പഞ്ചാബി; 'പാട്ട് കേള്‍പ്പിക്കല്‍ തന്ത്രം' വീണ്ടും പുറത്തെടുത്ത് ചൈന

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ ഇന്ത്യന്‍ സൈനികരെ പ്രകോപിപ്പിക്കുന്ന നടപടികള്‍ ചൈനീസ് സേനയുടെ ഭാഗത്ത് നിന്ന് നിരന്തരമുണ്ടാവുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ ഇന്ത്യന്‍ സൈനികരെ പ്രകോപിപ്പിക്കുന്ന നടപടികള്‍ ചൈനീസ് സേനയുടെ ഭാഗത്ത് നിന്ന് നിരന്തരമുണ്ടാവുകയാണ്. അതില്‍ അവസാനത്തേതായി പുറത്തുവന്നത് പഞ്ചാബി ഗാനങ്ങള്‍ ലൗഡ് സ്പീക്കര്‍ വെച്ച് കേള്‍പ്പിച്ച സംഭവമാണ്. പാംഗോങ് തടാകത്തിന്റെ വടക്കന്‍ കരയില്‍ ഫിംഗര്‍ നാലിലാണ് ലൗഡ്‌സ്പീക്കറുകള്‍ സ്ഥാപിച്ച് ചൈനീസ് സേന പഞ്ചാബി ഗാനങ്ങള്‍ കേള്‍പ്പിച്ചത്.

ചൈനീസ് അധിനിവേശത്തെ ചെറുത്ത് ഓഗസ്റ്റ് 29-30 തീയതികളില്‍ ഇന്ത്യയുടെ സ്‌പെഷല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സ് (എസ്എഫ്എഫ്) കയ്യടക്കിയ പ്രദേശമാണ് ഫിംഗര്‍ 4. ഇവിടെ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ സൈന്യത്തെ പ്രകോപിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. 

മുന്‍പും ഇത്തരത്തിലുള്ള 'പാട്ട് കേള്‍പ്പിക്കല്‍ തന്ത്രം' ചൈനയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. 1962ല്‍ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ചൈനീസ് സൈന്യം ഇതേ രീതിയില്‍ ബോളിവുഡ്-ഹിന്ദി പാട്ടുകള്‍ വെച്ചിരുന്നു. ഇന്ത്യന്‍ ഭാഷ തങ്ങള്‍ക്ക് അറിയാം എന്ന സൂചന നല്‍കിയാണ് അന്ന് അത്തരത്തില്‍ പാട്ടുകള്‍ വെച്ചത്. 

ഇന്ത്യന്‍ സൈന്യത്തിന്റെ എല്ലാ നീക്കങ്ങളും തങ്ങള്‍ അറിയുന്നുണ്ടെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് ഈ പാട്ട് പരിപാടിയെന്നും സൈനിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യന്‍ സൈന്യത്തിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഹിന്ദിയിലും പഞ്ചാബിയിലുമാണ് സംസാരിക്കുന്നത്. ഇന്ത്യന്‍ നീക്കങ്ങളില്‍ തങ്ങള്‍ ആകുലപ്പെടുന്നില്ലെന്ന് കാണിച്ച് സേനയുടെ മനോവീര്യം തകര്‍ക്കാനുള്ള അടവാണ് ഇതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

45 വര്‍ഷം ഒരു വെടിയൊച്ചപോലും കേള്‍ക്കാതിരുന്ന കിഴക്കന്‍ ലഡാക്കിലെ ഇന്ത്യചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ മൂന്ന് തവണയാണ് വെടിവെയ്പ്പ് നടന്നത്. 

പാംഗോങ് തടാകത്തിലെ തെക്കന്‍ തീരത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് നീക്കത്തെ ഇന്ത്യന്‍ സൈന്യം പ്രതിരോധിച്ചപ്പോഴാണ് ആദ്യ വെടിവെയ്പ്പുണ്ടായത്. ഓഗസ്റ്റ് 29മുതല്‍ 30വരെയാണ് മേഖലയില്‍ സംഘര്‍ഷം നിലനിന്നത്.

സെപ്റ്റംബര്‍ ഏഴിന് മുഖ്പാരിയിലാണ് ഇരു സൈന്യവും തമ്മില്‍ വീണ്ടും വെടിവെയ്പ്പുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായി എട്ടാം തീയതി പാംങോങ് തടാകത്തിന്റെ വടക്കന്‍ തീരത്തിലും വെടിവെയ്പ്പുണ്ടായി.

ഇത്തവണ ചൈനയുടെ ഭാഗത്ത് നിന്ന് വളരെ കടുത്ത ആക്രമണമാണ് നേരിട്ടത്. ഇരുവിഭാഗങ്ങളും നൂറു റൗണ്ടിന് പുറത്ത് വെടിയുതിര്‍ത്തെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

മോസ്‌കോയില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തിയ അതേ ദിവസം തന്നെയാണ് അതിര്‍ത്തിയില്‍ ഇരു സേനകളും തമ്മില്‍ ഏറ്റുമുട്ടിയത്.

കമാന്റര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ ആഭ്യന്തര മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനയിരുന്നു. എന്നാല്‍ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ കാലതാമസം, നടപടികളുടെ വേഗം കുറച്ചിരിക്കുകയാണ്. ഏപ്രില്‍ മുതല്‍ കിഴക്കന്‍ ലഡാക്കില്‍ ഇരു സൈന്യവും മുഖാമുഖം നില്‍ക്കുകയാണ്. ഗല്‍വാനില്‍ കടന്നുകയറാനുള്ള ചൈനീസ് ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞതോടെയാണ് പ്രദേശത്ത് സംഘര്‍ഷം വര്‍ദ്ധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്