Bengaluru Stampede pti
India

ബംഗലൂരു ദുരന്തം: കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; ആര്‍സിബി ഭാരവാഹികളെ അറസ്റ്റ് ചെയ്യും

ഹൈക്കോടതി ജഡ്ജി മൈക്കിള്‍ ഡി.കുന്‍ഹ അധ്യക്ഷനായുള്ള ജുഡീഷ്യല്‍ കമ്മിഷനെയാണ് നിയമിച്ചത്

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഹ്ലാദ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ ( Bengaluru Stampede ) കടുത്ത നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. ബംഗലൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരു, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷയന്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ, അഡീഷണല്‍ കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍, സെന്‍ട്രല്‍ ഡിവിഷന്‍ ഡിസിപി, എസിപി, കബ്ബന്‍ പാര്‍ക്ക് പൊലീസ് ഇന്‍സ്പെക്ടര്‍, സ്റ്റേഷന്‍ ഹൗസ് മാസ്റ്റര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. വിജയാഹ്ലാദ പരിപാടി ഞായറാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.

വിരമിച്ച ഹൈക്കോടതി ജഡ്ജി മൈക്കിള്‍ ഡി.കുന്‍ഹ അധ്യക്ഷനായുള്ള ജുഡീഷ്യല്‍ കമ്മിഷനെയാണ് നിയമിച്ചത്. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. നേരത്തെ മജിസ്റ്റീരിയല്‍ അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ ബിജെപി അടക്കം രംഗത്തു വന്നിരുന്നു. തുടര്‍ന്നാണ് മന്ത്രിസഭായോഗം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു പ്രതിനിധികള്‍, ഇവന്റ് മാനേജ്മെന്റ് കമ്പനി ഡിഎന്‍എയുടെ മാനേജര്‍, മറ്റ് അധികൃതര്‍, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്യാനും തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ദുരന്തത്തില്‍ പൊലീസിനെ കുറ്റപ്പെടുത്താന്‍ ആകില്ലെന്നാണ് നേരത്തെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന ആരോപണങ്ങള്‍ക്കും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കും പിന്നാലെയാണ് കൂട്ട നടപടി എടുത്തിരിക്കുന്നത്. സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ദുരന്തത്തിന്റെ കാരണം വ്യക്തമാക്കാനാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു. ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശവും നല്‍കിയിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT