ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം ആദ്യത്തെ രണ്ട് ഖണ്ഡികകൾ മാത്രമായി പരിമിതപ്പെടുത്താനുള്ള കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ഭാരതീയ ജനതാ പാർട്ടി. രാഷ്ട്രീയ ലാഭത്തിനോ പ്രീണനത്തിനോ വേണ്ടി ദേശീയ ഗീതത്തിന്റെ മാഹാത്മ്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബിജെപി ഔദ്യോഗികമായി പ്രമേയം പാസാക്കി.
ബിജെപി ദേശീയ ആസ്ഥാനത്ത് പുതിയ ദേശീയ ഭാരവാഹികളുടെ യോഗത്തിൽ ദേശീയ പ്രസിഡന്റ് നിതിൻ നബിന്റെ അധ്യക്ഷതയിലാണ് നിർണ്ണായക പ്രമേയം പാസാക്കിയത്. 1937-ലെ നിലപാട് ആവർത്തിച്ചുകൊണ്ട് ഓഗസ്റ്റ് 19-ന് സിഡബ്ല്യുസി എടുത്ത തീരുമാനത്തെ ബിജെപി ശക്തമായി അപലപിക്കുന്നതായി നിതിൻ നബിൻ വ്യക്തമാക്കി.
വർഗീയ സമ്മർദ്ദങ്ങൾക്കോ ഇടുങ്ങിയ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനോ വഴങ്ങി ദേശീയ ഗീതത്തിന്റെ പ്രാധാന്യം കുറയ്ക്കാനുള്ള ഏത് നീക്കത്തെയും പാർട്ടി എതിർക്കും. ഭരണഘടനാ നിർമ്മാണ സഭയുടെ 1950-ലെ പ്രഖ്യാപനവും, 'ജനഗണമന'യ്ക്ക് തുല്യമായി വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം നൽകിക്കൊണ്ട് 2026-ൽ പാർലമെന്റ് പാസാക്കിയ നിയമവും ഉയർത്തിപ്പിടിച്ചുകൊണ്ട്, ആറ് ഖണ്ഡികകൾ അടങ്ങിയ സമ്പൂർണ്ണ വന്ദേമാതരത്തിന്റെ അന്തസ്സും പൈതൃകവും ബിജെപി സംരക്ഷിക്കും. 1937-ലെ രാഷ്ട്രീയ ഒത്തുതീർപ്പുകൾക്ക് 1950-ലെ ഭരണഘടനാപരമായ തീരുമാനത്തെയും പാർലമെന്റ് നിയമത്തെയും മറികടക്കാനാവില്ലെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
മുസ്‌ലിം ലീഗിന്റെ അന്നത്തെ എതിർപ്പുകളും വിഘടനവാദ രാഷ്ട്രീയത്തിന്റെ സമ്മർദ്ദങ്ങളും ഉൾപ്പെടെ വന്ദേമാതരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നിലെ ചരിത്രപരമായ യാഥാർത്ഥ്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്ന് പാർട്ടി വ്യക്തമാക്കി. വന്ദേമാതരത്തെ "ശുദ്ധമായ ദേശീയ വികാരമുണർത്തുന്ന സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യം" എന്ന് വിശേഷിപ്പിച്ച മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉൾപ്പെടെ ഇതിന്റെ ചരിത്രവും പൈതൃകവും രാജ്യത്തിന്റെ ഓരോ കോണിലും എത്തിക്കാൻ ബി.ജെ.പി രാജ്യവ്യാപകമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. പുതിയ തലമുറയിലേക്ക് ഈ ചരിത്രസ്മരണകൾ എത്തിക്കുന്നതിനായി പ്രത്യേക ബോധവൽക്കരണ ഡ്രൈവ് നടത്തുമെന്നും പാർട്ടി അറിയിച്ചു.
അടുത്തിടെ നടന്ന സി.ഡബ്ല്യു.സി യോഗത്തിലാണ് 1937-ലെ പ്രമേയം മുൻനിർത്തി ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന് കോൺഗ്രസ് തീരുമാനിച്ചത്. 1937-ൽ മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും സർദാർ വല്ലഭ്ഭായ് പട്ടേലും സ്വീകരിച്ച അതേ നിലപാടാണ് പാർട്ടിക്കുള്ളതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates