ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ പോര്‍ട്ടലുമായി കേന്ദ്രസര്‍ക്കാര്‍. 'പുഷ്ടി' എന്ന പേരിലാണ് പോർട്ടൽ (NIA Pushti Portal) പുറത്തിറക്കിയത്. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (NIA) അന്വേഷണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, വ്യാജ രേഖകളും മറ്റും പരിശോധിച്ച് ഡിജിറ്റൽ അറസ്റ്റ് പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനുമായി വികസിപ്പിച്ചെടുത്ത സംവിധാനമാണിത്.
ന്യൂഡൽഹിയിൽ നടന്ന ദേശീയ ഭീകരവിരുദ്ധ സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് പോർട്ടൽ പുറത്തിറക്കിയത്. തട്ടിപ്പുകാർ ഉപയോഗിക്കുന്ന രേഖകൾ ഓൺലൈനിലൂടെ വെരിഫിക്കേഷൻ നടത്താവുന്നതാണ്. എൻഐഎയുടേത് അടക്കം രേഖകൾ ശരിയായിട്ടുള്ളതാണോ എന്ന് പൊതുജനങ്ങൾക്ക് പോർട്ടലിൽ പരിശോധിക്കാനാകും. എൻഐഎയുടെ പേരിലടക്കം വ്യാജ ഡിജിറ്റൽ അറസ്റ്റ് ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി.
'ഡിജിറ്റൽ അറസ്റ്റ്' പോലുള്ള സൈബർ തട്ടിപ്പുകളിൽ വ്യാജ രേഖകളും നോട്ടീസുകളും കാണിച്ചു ഭീഷണിപ്പെടുത്തുന്നത് വ്യാപകമാണ്. ഇന്ത്യൻ നിയമപ്രകാരം 'ഡിജിറ്റൽ അറസ്റ്റ്' എന്നൊരു രീതി നിലവിലില്ല. സംശയാസ്പദമായ രേഖകളോ ഭീഷണികളോ നേരിട്ടാൽ ഉടൻ തന്നെ Digital Police അല്ലെങ്കിൽ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറായ 1930-ൽ വിവരം അറിയിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates