ന്യൂഡല്‍ഹി : രാജ്യത്തെ എല്‍പിജി വിതരണവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍. സിലിണ്ടര്‍ വിലയിലും വിതരണത്തിലും നിര്‍ണായക മാറ്റങ്ങളോടെയാണ് പുതിയ വ്യവസ്ഥകള്‍ നടപ്പില്‍ വരുന്നത്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതോടെ വാതകവിതരണത്തിലുണ്ടായ പ്രതിസന്ധി നേരിടുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നത്. എന്തൊക്കെയാണ് മാറ്റങ്ങളെന്നു നോക്കാം.
ഒന്നുകില്‍ എല്‍പിജി, അല്ലെങ്കില്‍ പിഎല്‍ജി
എല്‍പിജി റെഗുലേഷനുകളില്‍ മാര്‍ച്ച് 14ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം പൈപ്പ് ലൈന്‍ വഴി പ്രകൃതി വാതകം ഉപയോഗിക്കുന്ന കുടുംബങ്ങള്‍ ഗാര്‍ഹിക എല്‍പിജി കണക്ഷന്‍ ഉപേക്ഷിക്കേണ്ടതുണ്ട്. എല്‍പിജി റീഫില്ലുകള്‍ക്കോ പുതിയ കണക്ഷനുകള്‍ക്കോ പിഎന്‍ജി ഉപഭോക്താക്കൾക്ക് അര്‍ഹതയുണ്ടായിരിക്കില്ല.
പൈപ്പ്‌ലൈന്‍ വഴിയുള്ള പ്രകൃതിവാതക വിതരണത്തെ പ്രോത്സാഹിപ്പിക്കുക എന്നതുകൂടെയാണിതിന്റെ ലക്ഷ്യം. ഇരട്ട ഉടമസ്ഥരായ 43,000 കുടുംബങ്ങള്‍ ഇതിനകം സിലിണ്ടറുകള്‍ തിരികെ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇനി ഒടിപി വേണം
ഇനി മുതല്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കാന്‍ ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) നിര്‍ബന്ധമാകും. സിലിണ്ടര്‍ ഡെലിവറി സമയത്ത് ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി അയയ്ക്കും. സ്ഥിരീകരിച്ചാല്‍ മാത്രമേ സിലിണ്ടര്‍ കൈമാറുകയുള്ളു.
ഗ്യാസ് സിലിണ്ടര്‍ വീണ്ടും ബുക്ക് ചെയ്യുന്നതിനുള്ള ഇടവേളയും കൂട്ടിയിട്ടുണ്ട്. നഗരങ്ങളില്‍ 21 മുതല്‍ 25 ദിവസത്തിനുള്ളിലും ഗ്രാമങ്ങളില്‍ 45 ദിവസത്തിനുള്ളിലുമാണ് അടുത്ത ബുക്കിങ് സാധ്യമാവുക. കൂടാതെ കെവൈസിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്.
പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ ഗുണഭോക്താക്കള്‍ക്ക് ആധാര്‍ അടിസ്ഥാനത്തിലുള്ള ഓണ്‍ലൈന്‍ കെവൈസി നിര്‍ബന്ധമാണ്. ഇത് പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്‌സിഡി ലഭിക്കാതിരിക്കാനും ഗ്യാസ് വിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്.
എല്‍പിജി വില വര്‍ധന
19 കിലോ കൊമേര്‍ഷ്യല്‍ എല്‍പിജി സിലിണ്ടറിന്റെ വിലയിലും വര്‍ധനവുണ്ട്. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. അതിനാല്‍തന്നെ ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ചെറിയ ഭക്ഷണശാലകള്‍ എന്നിവയ്ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയേക്കും.
2026 മാര്‍ച്ച് 1 മുതല്‍ മൂന്നുതവണയാണ് വാണിജ്യ വാതകസിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചത്. മാര്‍ച്ച് ഒന്നിന് 28 മുതല്‍ 31 രൂപവരെയും മാര്‍ച്ച് 7 ന് 114.5 രൂപയും ഏപ്രിലില്‍ 196 മുതല്‍ 218 രൂപവരെയും സിലിണ്ടറിനു വില വര്‍ധിപ്പിച്ചിരുന്നു.
എന്നാല്‍ ഗാര്‍ഹിക ഉപയോഗത്തിനായുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. 14.2 കിലോ സിലിണ്ടറിന് മാര്‍ച്ച് 7 ന് 60 രൂപ വര്‍ധിപ്പിച്ചിരുന്നു. ശേഷം മാറ്റങ്ങളുണ്ടായിട്ടില്ല. പെട്രോള്‍, ഡീസല്‍ വിലയുടെ കാര്യത്തിലും മാറ്റമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates