ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് പുറത്താക്കണമെന്ന പ്രമേയത്തിന് രൂപം നൽകാൻ ഇന്ത്യ മുന്നണി യോഗം ചേരുമെന്ന് റിപ്പോർട്ട്. ഗ്യാനേഷ് കുമാറിനെതിരെ പാർലമെന്റിൽ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്റെ പുതിയ നീക്കത്തിന്റെ ഭാഗമായാണ് യോഗം. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ സെപ്റ്റംബർ 30ന് ആണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. പ്രമേയത്തെ പിന്തുണയ്ക്കുന്ന എംപിമാരുടെ ഒപ്പുകൾ ശേഖരിക്കുന്നതും യോഗത്തിൽ ചർച്ചയായേക്കും.
യോഗം വിളിച്ചുചേർക്കുന്നതിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി എന്നിവരുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് സെപ്റ്റംബർ 30ന് യോഗം നടത്താൻ തീരുമാനിച്ചത്.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാക്കളായ മമത ബാനർജി, അഭിഷേക് ബാനർജി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്റെ മൂന്നാമത്തെ ശ്രമമാണിത്. മൂന്ന് അജണ്ടകളാണ് യോഗത്തിൽ ചർച്ച ചെയ്യുക എന്നാണ് വിവരം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്ന് ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തന്ത്രങ്ങളാകും ആദ്യത്തെ അജണ്ട. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുക, തുടർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക എന്നിവയാണ് രണ്ടാമത്തെ അജണ്ട.
പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുക എന്നതാണ് മൂന്നാമത്തെ അജണ്ട. ഈ വിഷയത്തിൽ പാർട്ടി എന്ത് സമീപനം സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) സെപ്റ്റംബർ 29ന് യോഗം ചേരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates