ന്യൂഡല്‍ഹി: വനിതാ സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. അതേസമയം, 2051 വരെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള നിലവിലെ ജനസംഖ്യാ അനുപാതത്തിലുള്ള പ്രാതിനിധ്യം നിലനിര്‍ത്തുമെന്നും നിര്‍ദേശത്തിലുണ്ട്. 1971ലെ സെന്‍സസ് അടിസ്ഥാനമാക്കുന്ന രീതി 25 വര്‍ഷത്തേക്ക് കൂടി തുടരാനാണ് നീക്കം.
വനിതകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കുന്നതിനായി ഭരണഘടനാ ഭേദഗതി ബില്ലിനാണ് വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നടക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഏപ്രിലില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ട ബില്‍ വീണ്ടും അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നവംബര്‍ 30ന് ലോക്‌സഭയും ഡിസംബര്‍ രണ്ടിന് രാജ്യസഭയും സമ്മേളിക്കും. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ലമെന്ററി നടപടികള്‍ അനുസരിച്ച് ഡിസംബര്‍ മൂന്നോടെ ഇരുസഭകളുടെയും സമ്മേളനം അവസാനിച്ചേക്കും.
കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മണ്ഡല പുനര്‍നിര്‍ണയത്തെ ആശങ്കയോടെയാണ് കാണുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ലോക്സഭാ സീറ്റുകള്‍ പുനര്‍വിഭജിച്ചാല്‍, ജനസംഖ്യാ നിയന്ത്രണ നടപടികള്‍ ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്ക് ഇതുവഴി തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള പ്രാതിനിധ്യവും ജനസംഖ്യാ വളര്‍ച്ച നിയന്ത്രിച്ച സംസ്ഥാനങ്ങളുടെ താത്പര്യങ്ങളും തമ്മില്‍ സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്നതാണ് മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ പ്രധാന വിഷയം.
ലോക്സഭയുടെ ആകെ അംഗബലം 850 ആയി ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ സംസ്ഥാനങ്ങളില്‍നിന്ന് 815 അംഗങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്ന് 35 അംഗങ്ങളും ഉള്‍പ്പെടും. ഏപ്രിലില്‍ അവതരിപ്പിച്ച ബില്ലിന് പാര്‍ലമെന്റില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഭേദഗതികളുമായി ബില്‍ വീണ്ടും അവതരിപ്പിക്കാനുള്ള നീക്കം. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരും. മണ്‍സൂണ്‍ സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് പ്രത്യേക സിറ്റിങ് നടത്തുന്നത്. ഈ സമ്മേളനത്തില്‍ ബില്‍ വീണ്ടും പരിഗണിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
അതേസമയം, ബില്‍ വീണ്ടും അവതരിപ്പിക്കാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത തന്ത്രം ആവിഷ്‌കരിക്കാനുള്ള നീക്കത്തിലാണ്. കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശനിയാഴ്ച പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കേന്ദ്രത്തിന്റെ നീക്കത്തെ വിമര്‍ശിച്ചു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ തുടര്‍വിജയം ലക്ഷ്യമിട്ടുള്ള ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ പിഴവായിരിക്കും ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates