ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ  
India

മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ ഭൂകമ്പം; ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിലേക്ക്; പാർലമെന്ററി യോഗത്തിൽ നിന്നും വിട്ടുനിന്ന് ആറ് എംപിമാർ

നിയമത്തിൽ നിന്നും രക്ഷപ്പെടാൻ കൂട്ടത്തോടെ ലയന നീക്കം; ഒപ്പുകൾ ഒത്തുനോക്കി സ്പീക്കറുടെ ഓഫീസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

മുംബൈ: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് പിന്നാലെ മഹാരാഷ്ട്രയിലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) ഔദ്യോഗിക വിഭാഗത്തിൽ പിളർപ്പ് ഉറപ്പായി. പാർട്ടിയിലെ ആകെ ഒമ്പത് ലോക്‌സഭാ എംപിമാരിൽ ആറ് പേരും വ്യാഴാഴ്ച ചേർന്ന നിർണ്ണായക പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്നും കൂട്ടത്തോടെ വിട്ടുനിന്നു. ഇവർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ശിവസേനയിൽ ചേരാൻ ഒരുങ്ങിക്കഴിഞ്ഞതായാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ.

അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നീ മൂന്ന് ലോക്സഭാ എംപിമാരും രാജ്യസഭാ എംപിയായ സഞ്ജയ് റാവത്തും മാത്രമാണ് ഉദ്ധവ് പക്ഷത്തിന്റെ യോഗത്തിൽ പങ്കെടുത്തത്. ബാക്കിയുള്ള ആറ് എംപിമാരായ നാഗേഷ് അഷ്ടിക്കർ, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, സഞ്ജയ് ദിനാ പാട്ടീൽ, ഓംപ്രകാശ് രാജെനിംബാൽക്കർ, ഭാവുസാഹേബ് വക്ചൗരെ എന്നിവരുടെ അസാന്നിധ്യമാണ് പാർട്ടിയിലെ പുതിയ പിളർപ്പ് മറനീക്കി പുറത്തുവരുന്നതിൽ കലാശിച്ചചത്. ഈ ആറ് എംപിമാരും ഒപ്പുവെച്ച കത്ത് ഡൽഹിയിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് സമർപ്പിച്ചതായി വിശ്വസനീയ കേന്ദ്രങ്ങൾ വ്യക്തമാക്കി. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് എംപിമാരെ നേരിൽ കണ്ട് ഒപ്പുകൾ ഒത്തുനോക്കാനുള്ള പരിശോധനകളിലാണ് നിലവിൽ സ്പീക്കറുടെ ഓഫീസ്.

കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ നീക്കം

വിമതർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ചത്തെ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് കാണിച്ച് ശിവസേന (യു.ബി.ടി) മൂന്ന് വരികളുള്ള വിപ്പ് ഒൻപത് എംപിമാർക്കും ബുധനാഴ്ച നൽകിയിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത ഒഴിവാക്കണമെങ്കിൽ ആകെ ഒമ്പത് എം.പിമാരിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ ആറ് പേർ എങ്കിലും ഒരുമിച്ച് നിൽക്കേണ്ടതുണ്ട്. നിലവിൽ ആറ് പേരും ഒന്നിച്ച് നീങ്ങുന്നതിനാൽ ഇവർക്ക് സാങ്കേതികമായി അയോഗ്യതയിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും.

വിപ്പ് ലംഘിച്ചവർക്കെതിരെ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി ആലോചിച്ച് കടുത്ത നടപടിയുണ്ടാകുമെന്ന് അരവിന്ദ് സാവന്ത് മുന്നറിയിപ്പ് നൽകി. എന്നാൽ ഈ വിപ്പിന് നിയമപരമായ യാതൊരു നിലനിൽപ്പുമില്ലെന്നാണ് ഷിൻഡെ വിഭാഗത്തിന്റെ വാദം. സഭയ്ക്കുള്ളിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അല്ലാതെ, പാർട്ടിയുടെ ആഭ്യന്തര യോഗങ്ങൾക്കായി പുറപ്പെടുവിക്കുന്ന ഇത്തരം നിർദ്ദേശങ്ങൾ ലംഘിച്ചാൽ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അയോഗ്യത കൽപ്പിക്കാൻ സാധിക്കില്ലെന്ന് മുൻ കോടതി വിധികൾ ഉദ്ധരിച്ച് ഷിൻഡെ പക്ഷം വ്യക്തമാക്കുന്നു.

ഡൽഹി കേന്ദ്രീകരിച്ച് തന്ത്രപരമായ നീക്കങ്ങൾ

2022-ൽ മഹാവികാസ് അഘാഡി സർക്കാരിനെ താഴെയിറക്കി ശിവസേനയിൽ വൻ പിളർപ്പ് ഉണ്ടാക്കിയ ഏക്നാഥ് ഷിൻഡെ തന്നെയാണ് ഈ പുതിയ നീക്കങ്ങൾക്ക് പിന്നിലും പ്രവർത്തിക്കുന്നത്. ചൊവ്വാഴ്ച രാത്രി വൈകി ഡൽഹിയിലെത്തിയ ഷിൻഡെ ബുധനാഴ്ച മുംബൈയിലേക്ക് മടങ്ങുന്നതിന് മുൻപ് തന്നെ നിർണ്ണായക രാഷ്ട്രീയ ചർച്ചകൾ പൂർത്തിയാക്കിയിരുന്നു.

ലയന നീക്കം മണത്തറിഞ്ഞ ഉദ്ധവ് പക്ഷത്തെ മുതിർന്ന നേതാക്കളായ അരവിന്ദ് സാവന്ത്, അനിൽ ദേശായി, സഞ്ജയ് റാവത്ത് എന്നിവർ കഴിഞ്ഞ ദിവസം ലോക്സഭാ സ്പീക്കർ ഓം ബിർളയെ നേരിൽ കണ്ട് നിയമവിരുദ്ധമായ യാതൊരു കൂറുമാറ്റവും അനുവദിക്കരുതെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ പോലും എം.പിമാരുടെ ഒരു കൂട്ടത്തിന് മാത്രം മറ്റൊരു പാർട്ടിയിൽ ലയനം സാധ്യമല്ലെന്നും, മാതൃപാർട്ടി തന്നെ ലയിച്ചാൽ മാത്രമേ ഇതിന് നിയമസാധുതയുള്ളൂ എന്നുമാണ് അനിൽ ദേശായി വാദിക്കുന്നത്. മഹാരാഷ്ട്രയിൽ രൂപപ്പെട്ടിരിക്കുന്ന ഈ പുതിയ രാഷ്ട്രീയ ഭൂകമ്പം ഡൽഹിയിൽ ഭരണഘടനാ ഭേദഗതികൾക്കായി ഭൂരിപക്ഷം തികയ്ക്കാൻ ഒരുങ്ങുന്ന എൻഡിഎ സഖ്യത്തിന് ലോക്സഭയിൽകരുത്താകും

Escalating the political consolidation ahead of crucial legislative developments, a definitive split emerged within Uddhav Thackeray's Shiv Sena (UBT) faction as six of its nine Lok Sabha MPs skipped a mandatory parliamentary party meeting on Thursday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രിയദർശിനി പദ്ധതി തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണം'; ഹൈക്കോടതി

ട്രക്കുകള്‍ കൊണ്ട് എസ് യു വി വളഞ്ഞ് കെണിയൊരുക്കി; ബിജെപി നേതാവിനെയും കൂട്ടാളികളെയും കാറിനുള്ളിലിട്ട് തീവെച്ചു കൊന്നു

വൈഭവ് സൂര്യവംശിയെ വിലക്കും; കാത്തിരിക്കുന്നത് കടുത്ത ശിക്ഷ? അച്ചടക്കത്തിന്റെ വാളോങ്ങി ബിസിസിഐ

'ദൃശ്യം 3' മുതൽ 'ആശാൻ' വരെ; പുത്തൻ ഒടിടി റിലീസുകൾ

വസ്ത്രങ്ങള്‍ വലിച്ചൂരിയ നിലയില്‍; ബലാത്സംഗമെന്ന് സംശയം; പത്തനംതിട്ടയില്‍ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട നിലയില്‍

SCROLL FOR NEXT