ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ കുൻവർ ബാസിത് അലിയും പങ്കെടുത്തു. ഇതോടെ ഷമിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായെങ്കിലും ഇക്കാര്യത്തിൽ താരമോ പാർട്ടിയോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ഷമിയുടെ സഹതാരം യുസ്‌വേന്ദ്ര ചാഹലിനെ ബിജെപിയുടെ ദേശീയ ഒബിസി മോർച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഷമിയും ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. നവംബർ 21ന് നിതിൻ നബിന്റെ നിർദേശപ്രകാരം നടത്തിയ സംഘടനാ പുനഃസംഘടനയുടെ ഭാഗമായാണ് ചാഹലിന് നിയമനം ലഭിച്ചത്. ഡൽഹിയെ പ്രതിനിധീകരിച്ചാണ് ചാഹൽ സമിതിയിലെത്തിയത്.
2027ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ ഒബിസി വിഭാഗങ്ങൾക്കിടയിലെ സ്വാധീനം വർധിപ്പിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ നിയമനത്തെ വിലയിരുത്തുന്നത്.
നവംബർ ആറിനാണ് 36കാരനായ ഷമി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 13 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ 64 മത്സരങ്ങളിൽനിന്ന് 229 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ഷമി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
എന്നാൽ ബിജെപി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയുടെ ലക്ഷ്യമോ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനമോ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates