ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ്സ് തികഞ്ഞ ജെന്‍-സികളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ 2024 മുതല്‍ നിലച്ചതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും ചേര്‍ന്ന് യുവാക്കളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്, 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം വോട്ടര്‍ പട്ടികയുടെ പുതുക്കല്‍ (സ്‌പെഷല്‍ സമ്മറി റിവിഷന്‍ -എസ്എസ്ആര്‍) നടപടികളൊന്നും നടന്നിട്ടില്ല. പുതുതായി 18 വയസ്സ് തികയുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കുന്ന വാര്‍ഷിക പ്രക്രിയയാണിത്. സാധാരണയായി മെയ് അവസാനത്തോടെ പ്രഖ്യാപിക്കേണ്ട 2026-27 വര്‍ഷത്തെ എസ്എസ്ആര്‍ പ്രഖ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്മീഷന്റെ കഴിഞ്ഞ 10 മാസത്തെ വിവിധ തീരുമാനങ്ങളെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ശക്തമായി എതിര്‍ത്തിരുന്നതായി നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
എന്താണ് എസ്എസ്ആര്‍?
വോട്ടര്‍ പട്ടിക കാലികമായി നിലനിര്‍ത്തുന്നതിനും പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിനുമുള്ള വാര്‍ഷിക പ്രക്രിയയാണിത്. 18 വയസ്സ് തികയുന്നവര്‍ക്ക് ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ തീയതികളില്‍ അപേക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും. അതായത്, വര്‍ഷത്തില്‍ എപ്പോഴെങ്കിലും 18 വയസ്സ് തികയുന്നവര്‍ അടുത്ത ജനുവരി വരെ കാത്തിരിക്കേണ്ടി വരില്ല.
എന്നാല്‍ 2024 മുതല്‍ ഈ നടപടിക്രമങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. ഇതിനിടയില്‍ വിവിധ സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പാക്കിയെങ്കിലും, ദശാബ്ദങ്ങളായി തുടര്‍ന്നുവരുന്ന വാര്‍ഷിക എസ്എസ്ആര്‍ നടപടികള്‍ ഇത് തടസ്സപ്പെടുത്തിയെന്ന് വിമര്‍ശനമുണ്ട്. എസ്എസ്ആര്‍ നിര്‍ത്തിവെച്ചത് വഴി ആയിരക്കണക്കിന് ജെന്‍-സി വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.
'മോദി സര്‍ക്കാരിന് ജെന്‍സി തലമുറയെ ഭയം'
റിപ്പോര്‍ട്ടിന് പിന്നാലെ മോദി സര്‍ക്കാരിനും ഗ്യാനേഷ് കുമാറിനുമെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മോദിക്കെതിരെ നില്‍ക്കുന്നതുകൊണ്ട് സര്‍ക്കാരിന് ജെന്‍-സി തലമുറയെ ഭയമാണ്. ഈ ഭയം കാരണം മോദി ഗ്യാനേഷ് കുമാറുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലും ഗോവയിലും ഇതുവരെ എസ്എസ്ആര്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചു. ഇതിലൂടെ പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും പാര്‍ട്ടി ആരോപിക്കുന്നു.
രാജ്യത്തെ യുവാക്കള്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് കണ്ടാണ് സര്‍ക്കാര്‍ ഈ തന്ത്രം പയറ്റുന്നതെന്ന് രാജ്യസഭാംഗം ജയ്‌റാം രമേശ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വോട്ടിങ് പ്രായം 21ല്‍ നിന്ന് 18 ആയി കുറച്ച് യുവാക്കള്‍ക്ക് അധികാരം നല്‍കിയപ്പോള്‍, നിലവിലെ പ്രധാനമന്ത്രി രഹസ്യ മാര്‍ഗങ്ങളിലൂടെ ആ വോട്ടവകാശം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കമ്മീഷനിലെ 'ഭിന്നാഭിപ്രായങ്ങള്‍' സ്വാഭാവിക ചര്‍ച്ചകളുടെ ഭാഗമാണെന്നാണ് നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates