ന്യൂഡല്‍ഹി: നാലു വയസ്സുകാരി ലൈംഗികപീഡനത്തിന് ഇരയായ സംഭവത്തില്‍ ഹരിയാന പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. പൊലീസിന്റെ നിലപാട് ലജ്ജാകരവും വിവേക ശൂന്യവുമെന്ന് കോടതി അഭിപ്രായപ്പെട്ടു. നാലു വയസ്സുള്ള കുട്ടിയുടെ കൈവശം തെളിവില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണോയെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പ്രതിയെ സംരക്ഷിക്കാനുള്ള ഹീനമായ ശ്രമമാണ് ഗുരുഗ്രാം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഗുരുഗ്രാമില്‍ നടന്ന കുറ്റകൃത്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തെ സുപ്രീംകോടതി നിയോഗിച്ചു. മനുഷ്യത്വപൂര്‍ണമായ അന്വേഷണം വേണമെന്നും നിര്‍ദേശിച്ചു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനും പൊലീസിന് നിര്‍ദേശം നല്‍കാന്‍, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് ഗുരുഗ്രാം പൊലീസ് കമ്മീഷണര്‍ വികാസ് കുമാര്‍ അറോറയ്ക്കും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കോടതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് മാറ്റിയ ഡോക്ടര്‍ക്കും ചീഫ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ക്കും കോടതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കമ്മീഷണര്‍ മുതല്‍ സബ് ഇന്‍സ്‌പെക്ടര്‍ വരെയുള്ള മുഴുവന്‍ പൊലീസ് സേനയും കുട്ടിയുടെ പക്കല്‍ തെളിവില്ലെന്ന് സമര്‍ത്ഥിക്കാനാണ് ശ്രമിച്ചതെന്ന് കോടതി വിമര്‍ശിച്ചു.
ഇരയായ കുട്ടിയെ പ്രതിയുടെ സമീപം വെച്ച് ചോദ്യം ചെയ്തത്, 'ഒരു ഇരയോടുള്ള അനാദരവിന്റെ ഏറ്റവും മോശം രൂപമാണ്' എന്ന് ജസ്റ്റിസ് ബാഗ്ചി വിശേഷിപ്പിച്ചു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ ചീഫ് ജസ്റ്റിസ് അതിരൂക്ഷമായി വിമര്‍ശിച്ചു. 'നിങ്ങള്‍ സിസിടിവിയില്‍ കാണുന്ന 4 വയസ്സുള്ള കുട്ടിയെ വിശ്വസിക്കുന്നില്ല! നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു. സംസ്ഥാനസര്‍ക്കാരിന് നിയമത്തോട് അല്‍പ്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍, അവരെ സ്ഥലം മാറ്റുകയെങ്കിലും ചെയ്യൂ! ഞങ്ങള്‍ ശ്രദ്ധിച്ചതോടെയാണ് നിങ്ങള്‍ അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്. ചീഫ് ജസ്റ്റിസ് പറഞ്ഞു.
പോക്‌സോ (ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) നിയമപ്രകാരം ഫയല്‍ ചെയ്ത എഫ്ഐആറില്‍ കുറ്റകൃത്യത്തെ കഠിനമായ വകുപ്പില്‍ നിന്ന് ലഘുവായി തരംതാഴ്ത്തിയെന്ന് പൊലീസിനെ കോടതി വിമര്‍ശിച്ചു. ഇര മേശയോ കസേരയോ ആണോയെന്നു ചോദിച്ച ചീഫ് ജസ്റ്റിസ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളെ ആരാണി നിയമിച്ചതെന്ന് ചോദിച്ചു. അവര്‍ കുറഞ്ഞത് കുട്ടിയുടെ വീട്ടില്‍ പോകുകയെങ്കിലും ചെയ്യണമായിരുന്നു. കുട്ടിയുടെ മൊഴിയില്‍ പൂര്‍ണ്ണമായും മാറ്റം വരുത്തിയതിന് ഒരു സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറെയും കോടതി വിമര്‍ശിച്ചു. 'ഒരു ഡോക്ടര്‍ അങ്ങനെ ചെയ്തത് ലജ്ജാകരമാണ്' എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates