Alok Kumar VHP PTI
India

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ചമ്പത് റായിക്ക് വീഴ്ച പറ്റിയിരിക്കാമെന്ന് വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ

മോഷണത്തിൽ വിഎച്ച്പിക്ക് ഉത്തരവാദിത്തമില്ല; എസ്‌ഐടി അന്വേഷണ റിപ്പോർട്ടിന് ശേഷം സംഘടന നടപടി ആലോചിക്കുമെന്നും വിശദീകരണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും വിഎച്ച്പി അന്താരാഷ്ട്ര വൈസ് പ്രസിഡന്റുമായ ചമ്പത് റായിക്ക് ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച പറ്റിയിരിക്കാമെന്ന് സമ്മതിച്ച് വിശ്വ ഹിന്ദു പരിഷത്ത് അധ്യക്ഷൻ അലോക് കുമാർ. രാമക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിക്കപ്പെട്ട സംഭവത്തിൽ വിഎച്ച്പിക്ക് യാതൊരുവിധ ഉത്തരവാദിത്തവുമില്ലെന്നും, ചമ്പത് റായിക്കെതിരെ സംഘടന തലത്തിൽ നടപടിയെടുക്കുന്ന കാര്യം പ്രത്യേക അന്വേഷണ സംഘത്തിന്റെ പൂർണ്ണമായ റിപ്പോർട്ട് വന്നതിന് ശേഷമേ പരിഗണിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിഎച്ച്പി തലവൻ നിലപാട് വ്യക്തമാക്കിയത്.

രാമക്ഷേത്രത്തിലെ കോടികളുടെ കാണിക്കപ്പണം ചോർന്നത് ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ കടുത്ത നിർഭാഗ്യകരമായ സംഭവമാണെന്ന് അലോക് കുമാർ പറഞ്ഞു. ഇതിനെ പ്രതിരോധിക്കാനോ ന്യായീകരിക്കാനോ സംഘടന ശ്രമിക്കില്ല. കേസിലെ പ്രതികൾ ആരായാലും, അവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കണം എന്ന കാര്യത്തിൽ വിഎച്ച്പിക്ക് നിർബന്ധമുണ്ട്.

എച്ച്പിയുടെ വിശ്വാസ്യതയെ ബാധിക്കില്ല; ഡ്രൈവറാണ് പ്രതി

സുപ്രീം കോടതി വിധി വന്നതോടെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട വിഎച്ച്പിയുടെ ദൗത്യം അവസാനിച്ചതാണെന്ന് അലോക് കുമാർ ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണത്തിലോ ട്രസ്റ്റിന്റെ തീരുമാനങ്ങളിലോ സംഘടനയ്ക്ക് പങ്കില്ല.

"ചമ്പത് റായിയെ ഞങ്ങൾ ട്രസ്റ്റിലേക്ക് നാമനിർദ്ദേശം ചെയ്തതല്ല, അദ്ദേഹം അവിടെ വിഎച്ച്പിയെ പ്രതിനിധീകരിക്കുന്നതുമില്ല. അതുകൊണ്ട് ട്രസ്റ്റിൽ നടന്ന അഴിമതിയിൽ വിഎച്ച്പിക്കോ, ആർഎസ്എസിനോ, പ്രധാനമന്ത്രിയുടെ ഓഫീസിനോ പങ്കുണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നത് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. ചമ്പത് റായിക്കെതിരെ നിലവിൽ നേരിട്ട് അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടില്ല. അദ്ദേഹത്തിന്റെ മുൻ ഡ്രൈവർ രാമശങ്കർ യാദവ് ആണ് കേസിലെ പ്രതി. ഡ്രൈവർക്ക് ജയിലിന്റെ സ്ട്രോങ്ങ് റൂം താക്കോൽ കൈമാറിയതിൽ ചമ്പത് റായിക്ക് ജാഗ്രതക്കുറവും വീഴ്ചയും സംഭവിച്ചിട്ടുണ്ടെന്നത് ഞാൻ സമ്മതിക്കുന്നു. എന്നാൽ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് അദ്ദേഹത്തെ പുറത്താക്കാൻ കഴിയില്ല." - അലോക് കുമാർ വ്യക്തമാക്കി.

വലിയ സ്രാവുകളെയും വെറുതെ വിടില്ല

കേസിൽ ചെറിയ മീനുകളെ മാത്രം പിടിച്ച് വലിയ സ്രാവുകളെ രക്ഷപ്പെടുത്താൻ നീക്കമുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾ വിഎച്ച്പി അധ്യക്ഷൻ തള്ളി. നിലവിൽ അറസ്റ്റിലായ എട്ട് പേർക്ക് പുറമെ, ഈ തട്ടിപ്പിൽ പങ്കാളികളായ എല്ലാവരെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ട്രസ്റ്റ് തന്നെ എഫ്.ഐ.ആറിൽ (FIR) ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം കൃത്യമായ വഴിക്ക് നീങ്ങട്ടെയെന്നും, അതിന് ശേഷം ചമ്പത് റായിയുടെ പങ്കിനെക്കുറിച്ച് വ്യക്തത വന്നാൽ സംഘടന കർശനമായ തിരുത്തൽ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുടെ പദവികൾ രാജിവെച്ചിരുന്നു. നിലവിൽ ഉത്തർപ്രദേശ് പൊലീസ് ചമ്പത് റായിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വരികയാണ്. പ്രതികളിൽ നിന്ന് ഇതിനകം 80 ലക്ഷത്തോളം രൂപയും വിദേശ കറൻസികളും പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്

Champat Rai 'may be guilty of negligence' in Ram Temple donation case,says VHP chief Alok Kumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓഹരി വിൽക്കാൻ അനുമതി തരണം'; സർക്കാരിന് മുന്നിൽ അപേക്ഷയുമായി അദാനി ഗ്രൂപ്പ്

10 പേരായിട്ടും 'സ്വപ്നം വിടാതെ' യുഎസ്എ; 2 ​ഗോളിൽ ബോസ്നിയയെ വീഴ്ത്തി പ്രീ ക്വാർട്ടറിൽ

IBPS: പൊതുമേഖലാ ബാങ്കുകളിൽ 745 ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

PSC: ഡിപ്ലോമ യോഗ്യതയുണ്ടോ? വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ആകാം

കരഞ്ഞാല്‍ വായിലേക്ക് വെള്ളം ചീറ്റും, വാഷിങ് മെഷീനില്‍ ഇരുത്തും; ശുചിമുറിയില്‍ പൂട്ടിയിടും; ഡേ കെയറില്‍ കുഞ്ഞുങ്ങളോട് കൊടും ക്രൂരത; വിഡിയോ പുറത്ത്