India

ഇന്ത്യയെ വിഭജിച്ചത് നന്നായി, അല്ലെങ്കില്‍ ജിന്നയും മുസ്ലിം ലീഗും രാജ്യത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലായിരുന്നു : നട്‌വര്‍ സിങ്

ഇന്ത്യ വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ സംഘര്‍ഷഭരിതമായ ദിനങ്ങള്‍ ഉടലെടുക്കുമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ വിഭജിക്കപ്പെട്ടത് നന്നായിയെന്നും, അല്ലെങ്കില്‍ ജിന്നയുടെ മുസ്ലിം ലീഗ് രാജ്യത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലായിരുന്നുവെന്ന് പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ നട്‌വര്‍ സിങ്. മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന എം ജെ അക്ബറിന്റെ പുതിയ പുസ്തകമായ Gandhh's Hinduism, The struggle against Jinnah's Islam എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇന്ത്യ വിഭജിക്കപ്പെട്ടത് നന്നായി എന്നാണ് എന്റെ കാഴ്ചപ്പാട്. ഇന്ത്യ വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ സംഘര്‍ഷഭരിതമായ ദിനങ്ങള്‍ ഉടലെടുക്കുമായിരുന്നു. അത്തരത്തില്‍ ആദ്യമുണ്ടായ സംഭവം 1946 ഓഗസ്റ്റ് 16ന് കൊല്‍ക്കത്തയിലാണ്. ആയിരക്കണക്കിന് ഹിന്ദുക്കളാണ് അന്ന് കൊല്ലപ്പെട്ടത്. അതിനോടുള്ള പ്രതികാരമായി ആയിരക്കണക്കിന് മുസ്ലിങ്ങള്‍ ബിഹാറിലും കൊല്ലപ്പെട്ടു. മുസ്ലിം ലീഗ് രാജ്യത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നുള്ളതു കൊണ്ട് തന്നെ പിന്നെ കാര്യങ്ങളെല്ലാം അസാധ്യമാവുമായിരുന്നു', നട്‌വര്‍ സിങ് പറഞ്ഞു.

രാജ്യത്തെ വിഭജിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവാന്‍ മുസ്ലിങ്ങളോട് മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഫലമായാണ് കൊല്‍ക്കത്തയിലും ബിഹാറിലും വര്‍ഗ്ഗീയ കലാപങ്ങള്‍ പിന്നീട് പൊട്ടിപ്പുറപ്പെട്ടത്. മാത്രമല്ല 1946 സെപ്റ്റംബര്‍ 2ന് രൂപീകരിച്ച ഇടക്കാല സര്‍ക്കാരിന്റെ ഭാഗമാവാന്‍ ജിന്ന തയ്യാറായിരുന്നില്ല. പിന്നീട് ഭാഗമായപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച എല്ലാ പ്രമേയങ്ങളെയും ജിന്ന തള്ളിയതും നട്‌വര്‍ സിങ് ചൂണ്ടിക്കാട്ടി.

അതുകൊണ്ട് തന്നെ ഇന്ത്യയെ വിഭജിച്ചില്ലായിരുന്നുവെങ്കില്‍ മുസ്ലിം ലീഗ് കാര്യങ്ങള്‍ എത്രത്തോളം കുഴപ്പത്തിലാക്കിയേനേ എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമായിരുന്നുവെന്നും നട്‌വര്‍ സിങ് വിശദീകരിച്ചു. അത്തരമൊരു സാഹചര്യത്തില്‍ ജീവിക്കുക വളരെ ദുഷ്‌കരമാണ്. മഹാത്മാഗാന്ധി ശ്രേഷ്ഠമായ വ്യക്തിത്വമാണ്. അതേസമയം ജിന്ന വളരെ സങ്കീര്‍ണ്ണനായ വ്യക്തിയാണെന്നും നട്‌വര്‍ സിങ് പറഞ്ഞു. മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് പുസ്തക പ്രകാശനം നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT