കൊച്ചി: എത്ര തവണ അറസ്റ്റ് ചെയ്താലും രാജ്യത്തുടനീളം ദേശീയ പതാകയേന്തി പര്യടനം നടത്തുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ജനങ്ങളുടെ ഭക്ഷണക്രമം, വ്യക്തിബന്ധങ്ങള്‍, വോട്ടവകാശം എന്നിവയ്ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എസ്‌ഐആറിനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും സിജെപി സംഘടിപ്പിച്ച 'ജന്തര്‍ മന്തര്‍ അറ്റ് കൊച്ചി' പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സംവിധാനം നിലവില്‍ വരുന്നത് വരെ പോരാട്ടം തുടരുമെന്ന് ദീപ്‌കെ വ്യക്തമാക്കി. ദേശീയ പതാകയുമായി ജന്തര്‍ മന്തറിലേക്ക് പ്രവേശിച്ചതിന് തന്നെയും സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയും ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്ത സംഭവം പരാമര്‍ശിക്കവേ, താന്‍ എവിടെ പോയാലും ത്രിവര്‍ണ പതാക ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.
'ഈ പതാക ഉയര്‍ത്തിയതിനാണ് എന്നെയും എന്റെ സഹോദരങ്ങളായ സൗരവിനെയും അശുതോഷിനെയും ജയിലിലടച്ചത്. ബ്രിട്ടീഷ് ഭരണകാലത്താണ് മുന്‍പ് ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. നരേന്ദ്ര മോദിയോട് എനിക്ക് ഒന്നേ പറയാനുള്ളൂ; ഈ രാജ്യത്തിന്റെ ഏത് കോണിലും ഞാന്‍ ഈ ത്രിവര്‍ണ പതാകയുമേന്തി പോകും. എന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ ഡല്‍ഹിയിലോ മഹാരാഷ്ട്രയിലോ കേരളത്തിലോ തമിഴ്നാട്ടിലോ വെച്ച് അറസ്റ്റ് ചെയ്യാം. എന്നാല്‍ ഞാന്‍ വീണ്ടും തിരിച്ചുവന്ന് ഈ പതാക ഉയര്‍ത്തുക തന്നെ ചെയ്യും' -ദീപ്‌കെ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാനാണ് എസ്‌ഐആര്‍ നടപടികള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിആര്‍ അംബേദ്കര്‍, മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നീ മഹാരഥന്മാരുടെ ആശയങ്ങളിലാണ് രാജ്യത്തിന്റെ അടിത്തറയെന്ന് ചൂണ്ടിക്കാണിച്ച ദീപ്‌കെ, ഗാന്ധിജി ഇന്ത്യയുടെ ആത്മാവും അംബേദ്കര്‍ നട്ടെല്ലും നെഹ്‌റു മനസുമാണെന്ന് വിശേഷിപ്പിച്ചു. 'നിങ്ങള്‍ 120 വര്‍ഷം ഭരണത്തില്‍ തുടര്‍ന്നാലും അംബേദ്കറേക്കാളും ഗാന്ധിയേക്കാളും നെഹ്‌റുവിനേക്കാളും വലിയ ആളാകാന്‍ നിങ്ങള്‍ക്ക് കഴിയില്ല' -മോദിയെ ലക്ഷ്യമിട്ട് ദീപ്‌കെ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates