തിരുവനന്തപുരം: കേരളത്തിൽ അധികാരത്തിൽ എത്താമെന്ന ബിജെപിയുടെ മോഹം ഒരിക്കലും പൂവണിയാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തിന്റെ ശക്തമായ മതേതര പാരമ്പര്യമാണ് ബിജെപിയുടെ രാഷ്ട്രീയ വളർച്ചയ്ക്ക് ഏറ്റവും വലിയ പ്രതിബന്ധമായി നിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയെയും അതിന്റെ ദേശീയ നേതൃത്വത്തെയും നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയോ സംഘപരിവാറോ ഉയർത്തുന്ന വെല്ലുവിളികൾ മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന കോൺഗ്രസിന് ഭീഷണിയല്ലെന്നും പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണവും മൂന്ന് നിയമസഭാ സീറ്റുകളും നേടി ബിജെപി ഉണ്ടാക്കിയ മുന്നേറ്റം കേരള രാഷ്ട്രീയത്തിന്റെ പൊതുസ്വഭാവത്തിൽ വന്ന മാറ്റമല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുൻപ് ഭരണത്തിലുണ്ടായിരുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ പരാജയങ്ങളും ഇരുപാർട്ടികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുമാണ് ബിജെപിക്ക് ഈ നേട്ടം സമ്മാനിച്ചത്. വെള്ളിത്തളികയിൽ വെച്ച് സിപിഎം നൽകിയ സമ്മാനമാണിത്. വാർഡ് വിഭജനത്തിലെ പ്രശ്നങ്ങളും കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ അപാകതകളുമാണ് ബിജെപിക്ക് അനുകൂലമായത്. നേമം ഒഴികെയുള്ള മറ്റ് രണ്ട് മണ്ഡലങ്ങളിലും കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച സിപിഎം ഇത്തവണ സീറ്റുകൾ അടിയറവ് വെക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വർഗീയ ധ്രുവീകരണത്തിലൂടെ വോട്ടർമാരെ ഭിന്നിപ്പിക്കാൻ ബിജെപി എത്ര ശ്രമിച്ചാലും കേരളം മതേതര മൂല്യങ്ങളിൽ ഉറച്ചുനിൽക്കും. ബിജെപിക്ക് സംസ്ഥാനത്ത് പരമാവധി ലഭിക്കാവുന്നത് 15 മുതൽ 20 ശതമാനം വരെ വോട്ട് മാത്രമാണ്; അതിനപ്പുറം വളരാൻ അവർക്ക് കഴിയില്ല. സംഘപരിവാറും ബിജെപിയും ഉയർത്തുന്ന വെല്ലുവിളി കേവലം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടത് മാത്രമല്ല, മറിച്ച് പ്രത്യയശാസ്ത്രപരമാണ്. കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം വർഗീയ രാഷ്ട്രീയത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത ഉറച്ച മതേതര നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ചില രാഷ്ട്രീയ-മത നേതാക്കൾ സംസ്ഥാനത്ത് വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദിയുടെ ജനപ്രീതിക്കൊപ്പം ആർഎസ്എസിന്റെ സംഘടനാ സംവിധാനവുമാണ് ബിജെപിയുടെ സ്വാധീനത്തിന് പിന്നിലുള്ളത്. ജനങ്ങളെ ധ്രുവീകരിക്കാനും വിദ്വേഷ പ്രചാരണങ്ങളിലൂടെ വിള്ളലുകൾ സൃഷ്ടിക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇത് ചിലയിടങ്ങളിൽ അവർക്ക് താത്കാലിക നേട്ടങ്ങൾ നൽകിയേക്കാം. എന്നാൽ കേരളത്തിലെ ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബിജെപി നടത്തുന്ന ആസൂത്രിത നീക്കങ്ങൾ ദയനീയമായി പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഇരു ന്യൂനപക്ഷ വിഭാഗങ്ങളുമായും കോൺഗ്രസിന് ഊഷ്മളമായ ബന്ധമാണുള്ളത്. കേരളത്തിലെ ഹിന്ദു സമൂഹവും വലിയ തോതിൽ മതേതര നിലപാട് പുലർത്തുന്നവരാണെന്നും അവർ വർഗീയ രാഷ്ട്രീയത്തിന് വഴങ്ങാതെ കോൺഗ്രസിനും സിപിഎമ്മിനുമാണ് വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും ഭരണനേതൃത്വത്തിൽ 25 വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നുവെങ്കിലും, ബിജെപി സഞ്ചരിക്കുന്നത് ജനാധിപത്യ വിരുദ്ധമായ ഫാസിസ്റ്റ് പാതയിലൂടെയാണെന്ന് സതീശൻ വിമർശിച്ചു. ഭൂരിപക്ഷ വോട്ടുകൾ ഏകീകരിക്കാനായി വിദ്വേഷത്തിന്റെ വിത്തുകൾ വിതയ്ക്കുകയാണ് അവരുടെ അജണ്ട. പാർട്ടിയെ പൂർണ്ണമായും നിയന്ത്രിക്കുന്നത് ആർഎസ്എസ് നേതൃത്വമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലെന്നും, മതേതരത്വത്തിൽ വിശ്വസിക്കുന്ന ജനങ്ങൾ ഒപ്പമുള്ളിടത്തോളം സംഘപരിവാറിന് കേരളത്തിന്റെ മനസ്സ് മാറ്റാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അടിവരയിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates