തിരുവനന്തപുരം: ഇന്ധനവില വർദ്ധനവുമായി ബന്ധപ്പെട്ട് 2021-ൽ പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയ രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങൾ നിലവിലെ മാറിയ സാഹചര്യത്തിൽ മുഖ്യമന്ത്രി വിഡി സതീശന് സൈബർ രാഷ്ട്രീയ വെല്ലുവിളിയാകുന്നു. അക്കാലത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് നടത്തുന്നത് 'ടാക്സ് ടെററിസം' അഥവാ നികുതി ഭീകരതയാണെന്നായിരുന്നു വി.ഡി. സതീശൻ ശക്തമായി വാദിച്ചിരുന്നത്. കേന്ദ്രം നികുതി കുറച്ചതിന് അനുപാതികമായി സംസ്ഥാന സർക്കാരും തങ്ങൾക്ക് ലഭിക്കുന്ന അധിക വരുമാനത്തിൽ കുറവ് വരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്ധനവില വർദ്ധനവിലൂടെ കേരളത്തിന് കിട്ടുന്ന അധിക നികുതി വരുമാനം വേണ്ടെന്നു വെക്കുന്ന മണ്ടത്തരം തന്റെ സർക്കാർ കാണിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ വ്യക്തമാക്കിയതോടെയാണ്, പഴയ വാക്കുകൾ പാലിക്കാൻ തയ്യാറാകണമെന്ന ഓർമ്മപ്പെടുത്തലുമായി മുൻ പ്രസംഗങ്ങളുടെ വീഡിയോകളും വാർത്തകളും സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്.
പ്രതിപക്ഷത്തിരുന്നപ്പോൾ ഇന്ധന സെസിനെതിരെ തെരുവിൽ സമരം ചെയ്ത വിഡി സതീശൻ ഇപ്പോളത് മറക്കരുതെന്ന് നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുൻ ധനമന്ത്രി കെഎൻ ബാലഗോപാലും സഭയിൽ ഓർമ്മിപ്പിച്ചു. പ്രതിപക്ഷ നേതാവായിരിക്കെ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രി എന്ന പദവിയിലിരിക്കുമ്പോൾ ഓർക്കണമെന്നാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ഉയരുന്ന പ്രധാന ആവശ്യം. എന്നാൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി വിഡി സതീശൻ തന്റെ നിലപാടിനെ ശക്തമായി പ്രതിരോധിക്കുകയാണുണ്ടായത്. മുൻ ധനമന്ത്രി തോമസ് ഐസക് ഇതേക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ സഭാരേഖകളിലുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ആ മണ്ടത്തരം ഇപ്പോൾ ഈ സർക്കാരും കാണിക്കണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും സഭയിൽ ചോദിച്ചു.
ഒന്നിടവിട്ട ദിവസങ്ങളിൽ ഇന്ധനവില വർദ്ധിക്കുന്ന നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് സെസ് കുറയ്ക്കാൻ സർക്കാർ ഒട്ടും ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അസന്ദിഗ്ദ്ധമായി വ്യക്തമാക്കി. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഇന്ധനവില കുത്തനെ കൂടിയപ്പോൾ 3000 കോടി രൂപ അധികമായി ഖജനാവിലേക്ക് ലഭിച്ചിട്ടും ഒരു രൂപ പോലും പൊതുജനങ്ങൾക്ക് വേണ്ടി കുറയ്ക്കാൻ അന്ന് ഇടതുമുന്നണി സർക്കാർ തയ്യാറായിരുന്നില്ലെന്ന കാര്യവും അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates