തിരുവനന്തപുരം: റിസോർട്ട് വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനും പരാതി ഉന്നയിച്ച സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനുമെതിരായ ആരോപണങ്ങൾ സിപിഎം അന്വേഷിക്കും. വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി സൂചനകളുണ്ട്. പിബി അംഗങ്ങളായിരിക്കും വിവാദം അന്വേഷിക്കുക.
സംസ്ഥാന സമിതിയിൽ ഇപിയും പിജയരാജനും തമ്മിൽ വാക്കേറ്റമുണ്ടായി. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വ്യക്തിഹത്യയ്ക്ക് ശ്രമം നടന്നെന്നും ഇപി സമിതിയിൽ ആരോപണം ഉന്നയിച്ചു.
കണ്ണൂർ ജില്ലയിലെ മൊറാഴയിലുള്ള ആയുർവേദ റിസോർട്ടിന്റെ പേരിലാണ് ഇപിക്കെതിരെ പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ പരാതി ഉന്നയിച്ചത്. പിന്നാലെ പി ജയരാജന്‍ അവിഹിതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതികൾ പാർട്ടിക്കു ലഭിച്ചു.
എന്നാല്‍, പി ജയരാജന്‍ ഉന്നയിച്ച അതീവ ഗുരുതര സ്വഭാവമുള്ള ആരോപണങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇപി ജയരാജന്‍ നിഷേധിച്ചു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും, എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇപി വിശദീകരിച്ചു.
പാർട്ടി നേതാക്കൾ തെറ്റായ വഴിക്ക് സഞ്ചരിക്കുന്നത് തടയാനായി അടിയന്തര കടമകൾ എന്ന രേഖ ചർച്ച ചെയ്യുമ്പോഴായിരുന്നു ആരോപണം. പരാതി ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും ഡിസംബറിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജൻ ആവശ്യപ്പെട്ടത്.
ആരോപണം രേഖാമൂലം എഴുതി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. തെറ്റു ചെയ്താൽ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപി ജയരാജന്റെ ഭാര്യയും മകനും റിസോർട്ടിന്റെ ഡയറക്ടർ ബോർഡിൽ അംഗമാണെന്ന് പി ജയരാജൻ ആരോപിച്ചിരുന്നു. റിസോർട്ട് നിർമാണ സമയത്തുതന്നെ ആരോപണം ഉയർന്നിരുന്നതായും പി ജയരാജൻ ചൂണ്ടിക്കാട്ടി.
ഏറെ നാളായി പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു പി ജയരാജൻ. കഴിഞ്ഞ സിപിഎം സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ പി ജയരാജൻ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അദ്ദേഹത്തെ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തു നിയമിക്കുകയാണ് ചെയ്തത്. ഏറെ നാളായി ഇപി ജയരാജനും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് അവധിയെടുത്ത് മാറി നിന്നിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates