കാർ ഡ്രൈവർ സുഹൈൽ, അപകടത്തിന് കാരണമായ മിനി കൂപ്പർ 
Kerala

മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ 'പറന്നത്' അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ

നെടുമ്പാശേരി അത്താണിയില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പൊലീസ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: നെടുമ്പാശേരി അത്താണിയില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പൊലീസ്. ആലപ്പുഴ സ്വദേശിയായ സുഹൈല്‍ സജീവിനെതിരെ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയതായി എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ എസ് സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ മറ്റു വകുപ്പുകള്‍ ചുമത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് ലഹരികള്‍ ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. എന്നാല്‍ സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. പ്രാഥമിക അന്വേഷണത്തിലാണ് മദ്യം കഴിച്ചതായി കണ്ടെത്തിയത്. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ ബിയര്‍ മാത്രമാണ് കഴിച്ചത് എന്നാണ് സുഹൈല്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് മൊബൈല്‍ അടക്കം പരിശോധിച്ചപ്പോള്‍ മൂന്ന് ബാറുകളില്‍ കയറി മദ്യം കഴിച്ചതിന്റെ വിഡിയോ കണ്ടെത്തിയിട്ടുണ്ട്. ഖത്തറില്‍ നിന്ന് വരുന്ന കൂട്ടുകാരനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടാനാണ് സുഹൈല്‍ നെടുമ്പാശേരിയിലേക്ക് പോയത്. രാത്രി 12 മണിയോടെയാണ് കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. ഇന്നലെ ഉച്ച മുതല്‍ സുഹൈല്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. രാജഗിരിയില്‍ ബികോം വിദ്യാര്‍ഥിയാണ് സുഹൈല്‍. അതിനിടെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വെല്ലുവിളിച്ച് സുഹൈല്‍

അപകടത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ ഡ്രൈവര്‍ സുഹൈല്‍ സജീവിനെ നാട്ടുകാരാണ് പിടികൂടിയത്. എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്നായിരുന്നു യുവാവിന്റെ വെല്ലുവിളിയെന്ന് നാട്ടുകാര്‍ പറയുന്നു. സുഹൈല്‍ പ്രമുഖ വസ്ത്രവ്യാപാരിയുടെ മകനാണ്. പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ ഇജാസും ദേവികയും ഗോപികയുമാണ് മരിച്ചത്.

കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് നെടുമ്പാശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ കെ വി മാധ്യമങ്ങളോട് പറഞ്ഞു. കാര്‍ ഡ്രൈവറായ യുവാവിന്റെ ലഹരി ഉപയോഗം തള്ളിക്കളയാനാവില്ലെന്നും രക്ത സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. തൃക്കാക്കരയില്‍ ജോലി ചെയ്യുന്ന ഇവര്‍ മൂന്നും പേരും ചായ കുടിക്കാനായാണ് എയര്‍പോര്‍ട്ടിന് സമീപം എത്തിയത്. ചായ കുടിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ അമിത വേഗത്തിലെത്തിയ മിനി കൂപ്പര്‍ വാഹനം ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹന ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

അതിനിടെ സുഹൈല്‍ സജീവ് മുന്‍പും അമിതവേഗത്തില്‍ കാര്‍ ഓടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ സുഹൈല്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. കേരളത്തിലെ റോഡുകളില്‍ ഇതിന്റെ പകുതി പോലും വേഗത്തില്‍ കാര്‍ ഓടിക്കുന്നത് നിയമവിരുദ്ധമാണ്. അങ്ങനെയിരിക്കെയാണ് നിയമപരമായി ഓടിക്കാവുന്ന പരമാവധി വേഗത്തിന്റെ ഇരട്ടി സ്പീഡില്‍ കാര്‍ ഓടിക്കുന്ന വിഡിയോ പുറത്തുവന്നത്.

ഇന്ന് പുലര്‍ച്ചെയാണ് അത്താണി സിഗ്‌നലിനു സമീപം അപകടമുണ്ടായത്. വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് വന്ന ആഡംബര വാഹനം അമിതവേഗത്തിലെത്തി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. 100 മീറ്ററോളം സ്‌കൂട്ടറിനെ കാര്‍ റോഡിലൂടെ നിരക്കിയതായും നാട്ടുകാര്‍ പറയുന്നു. വയനാട് മടക്കിമല സന്തോഷ് ഭവനില്‍ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചല്‍ ഇബ്രാഹിമിന്റെ മകന്‍ ഇജാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളന്‍കുഴി പ്രദീപ് കുമാറിന്റെ മകള്‍ ഗോപിക (21) എന്നിവരാണു മരിച്ചത്.

culpable homicide charge against Suhail, Nedumbassery accident updation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്‌കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

അപ്രതീക്ഷിത തിരിച്ചടി മറികടക്കാന്‍ ടീം ഇന്ത്യ; വിന്‍ഡീസിനെതിരായ മൂന്നാം ടി20 ഇന്ന്

'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോ​ഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'

കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: വി ഡി സതീശൻ

മകളുടെ ഭാവി സുരക്ഷിതമാക്കാം; ഇതാ മൂന്ന് സമ്പാദ്യപദ്ധതികള്‍, വേറിട്ട സ്ട്രാറ്റജി