കാസർകോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ ഇവിഎം ഹാക്കിങ് നടന്നതായുള്ള ആരോപണങ്ങൾ ജില്ലാ യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്തെന്ന മാധ്യമ വാർത്തകൾ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യോഗത്തിൽ അത്തരമൊരു വിഷയം ചർച്ചയായിട്ടില്ലെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ തന്നെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. "യോഗത്തിൽ അങ്ങനെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് യുഡിഎഫ് ജില്ലാ ചെയർമാൻ വ്യക്തമാക്കിയത്. ആരോ എവിടെയോ എന്തോ പറഞ്ഞിട്ടുണ്ടാകാം, എന്നാൽ കമ്മിറ്റിയിൽ ഇത് ചർച്ചയായിട്ടില്ല. അത് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുമില്ല," രമേശ് ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ഔദ്യോഗികമായി പരാതി ലഭിച്ചാൽ വിഷയം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ, വാർത്താസമ്മേളനത്തിൽ ചെന്നിത്തലയുടെ ഒപ്പമിരുന്ന ഉണ്ണിത്താൻ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി കത്ത് നേരിട്ട് കൈമാറുകയായിരുന്നു. എല്ലാവരുടെയും സാന്നിധ്യത്തിലാണ് പരാതി സമർപ്പിക്കുന്നതെന്നും വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
ഇവിഎം തിരിമറി ആരോപണം അടിസ്ഥാനരഹിതമാണെങ്കിൽ മാധ്യമങ്ങൾക്ക് തെറ്റായ വിവരം നൽകിയവർ ശിക്ഷിക്കപ്പെടണം. മറിച്ചാണെങ്കിൽ അത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ്. രാഹുൽ ഗാന്ധി ദേശീയതലത്തിൽ തന്നെ ഇവിഎം ക്രമക്കേടുകൾക്കെതിരെ പോരാടുമ്പോൾ ഇത്തരത്തിലുള്ള നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. പരാതി ലഭിച്ച സാഹചര്യത്തിൽ വിഷയം അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല ഉറപ്പുനൽകി. ബിജെപിയുടെ ഇവിഎം ഹാക്കിങ് തടയാൻ തങ്ങളുടെ പക്കൽ സാങ്കേതികവിദ്യയുണ്ടെന്ന് അവകാശപ്പെട്ട് ചില യുഡിഎഫ് സ്ഥാനാർഥികളിൽ നിന്ന് കാസർകോട്ടെ ഒരു കോൺഗ്രസ് നേതാവ് പണം പിരിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ ഇടപെടൽ. ഇത് ഗൗരവമുള്ള കുറ്റകൃത്യമാണെന്നും പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഷയമായി കണ്ട് തള്ളിക്കളയാനാകില്ലെന്നും തെറ്റുകാരൻ ആരായാലും നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates