തൃശൂർ: അതിരപ്പിള്ളി കണ്ണംകുഴിയിൽ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ അഞ്ച് വയസുകാരി കൊല്ലപ്പെട്ടതിൽ നാട്ടുകാരുടെ പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുന്നു.
വന്യജീവി ആക്രമണങ്ങൾക്കെതിരെ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നത്. അതിരപ്പിള്ളി വെറ്റിലപറ പതിമൂന്നിലാണ് നാട്ടുകാർ റോഡ് ഉപരോധിച്ച് സമരം ചെയ്യുന്നത്. രാവിലെ ആറ് മണി മുതൽ ഉപരോധ സമരം ആരംഭിച്ചു.
ഉപരോധ സമരത്തിന്റെ തുടക്കത്തിൽ ഗതഗാതം പൂർണമായും തടസപ്പെട്ടു. പിന്നീട് ബസുകൾ കടത്തി വിട്ടു. സമരം തുടരുകയാണ്
അതിരപ്പിള്ളി കണ്ണൻകുഴിയിലാണ് കഴിഞ്ഞ ദിവസം അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നത്. മാള പുത്തൻചിറ സ്വദേശിനി ആഗ്നിമിയ ആണ് മരിച്ചത്. കുട്ടിയുടെ അച്ഛൻ നിഖിലിനും ബന്ധുവിനും കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിന് വേണ്ടിയാണ് ഇവർ അതിരപ്പള്ളിയിൽ എത്തിയത്. ഇവരുടെ വീടിന് സമീപത്ത് നിന്നും അൽപം മാറിയാണ് ഒറ്റയാനയെ കണ്ടത്. ബൈക്കിൽ വരികയായിരുന്ന നിഖിലും ഭാര്യ പിതാവ് ജയനും ആഗ്‌നിമിയയും ആനയെ കണ്ടതോടെ ബൈക്ക് നിർത്തി. ആന ഇവർക്ക് നേരെ തിരിഞ്ഞതോടെ മൂന്നുപേരും ചിതറിയോടി.
ഓടുന്നതിനിടയിൽ കുട്ടിയെ ആന ആക്രമിച്ചു. തലയ്ക്ക് ചവിട്ടേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അച്ഛൻ നിഖിലിനും അപ്പൂപ്പൻ ജയനും പരിക്കേറ്റു. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates