തിരുവനന്തപുരം: അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം അടക്കം ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. കേരളം വികസനത്തിന്റെ പാതയില്‍ മുന്നേറുന്നു. കഴിഞ്ഞ പത്തു വര്‍ഷം സംസ്ഥാനം മികച്ച മുന്നേറ്റം നടത്തിയെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പ്രസംഗത്തില്‍ പറഞ്ഞു. 15-ാം നിയമസഭയുടെ അവസാന സമ്മേളനത്തിനാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായത്.
കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും ഗവര്‍ണര്‍ വായിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി തിരിച്ചടിയായി. തൊഴിലുറപ്പു പദ്ധതിയില്‍ കേന്ദ്രം നടത്തിയ ഭേദഗതികളും 100 പ്രവൃത്തിദിവസം 60 ദിവസമായി കുറച്ചതും സംസ്ഥാനത്തിനു തിരിച്ചടിയാണെന്നും പദ്ധതി പഴയ നിലയില്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്നു. കേന്ദ്രനടപടികള്‍ ആരോഗ്യരംഗത്തെ ഉള്‍പ്പെടെ ബാധിച്ചു. വിവിധ പദ്ധതികളില്‍ കേന്ദ്രത്തില്‍ നിന്നു ലഭിക്കാനുള്ള കുടിശിക 5650 കോടി രൂപയാണ്. ജിഎസ്ടി വിഹിതത്തില്‍ കുറവുണ്ട്. വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു. ദേശീയപാത പദ്ധതിയില്‍ ചെലവഴിച്ചിരിക്കുന്ന തുക കടമെടുപ്പ് പരിധിയില്‍പ്പെടുത്തുന്നത് പ്രതിസന്ധിയാണ്. അമേരിക്കയിലെ താരിഫ് മാറ്റം സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഗവർണർ പറഞ്ഞു.
കേന്ദ്രത്തിന്റെ നടപടികള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പല തവണ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി. കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നല്‍കി. ദേശീയപാത വികസനത്തിനും സ്ഥലം ഏറ്റെടുപ്പിനും ചെലവിട്ട 6000 കോടി ഉള്‍പ്പെടെ കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഫെഡറലിസവും ഭരണഘടനാപരമായ അവകാശങ്ങളും സംബന്ധിച്ച ചോദ്യം ഉയരുന്നുണ്ട്. കേരളത്തിന്റെ അവകാശങ്ങള്‍ക്കായി സര്‍ക്കാര്‍ ഭരണഘടനാപരവും നിയമപരവുമായ എല്ലാ മാര്‍ഗങ്ങളും അവലംബിച്ചുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates