Satheesan Cabinet briefing 
Kerala

ഇനി തോന്നിയപോലെ ഡാമുകൾ തുറക്കില്ല! മഴയുടെ അളവും ഒഴുക്കും നിരീക്ഷിക്കാൻ 'ഡിജിറ്റൽ കണ്ണ്'

മണലും എക്കലും നീക്കും;ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്ന എഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ് സംവിധാനം കേരളത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഡാമുകളിലേക്കുള്ള വെള്ളത്തിന്റെ വരവ്, പുറത്തേക്കുള്ള ഒഴുക്ക് , മഴയുടെ അളവ് എന്നിവ ശാസ്ത്രീയമായി വിലയിരുത്തിയ ശേഷമായിരിക്കും ഇനി ഡാമുകളുടെ ഷട്ടറുകൾ തുറക്കുക. വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുന്നതിനായി ഡാമുകളിലും നദികളിലും അടിഞ്ഞുകൂടിയ മണ്ണും ചെളിയും അടിയന്തരമായി നീക്കം ചെയ്യും. ഒഡീഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ മാതൃകയിൽ കാലാവസ്ഥാ പ്രവചനവും ഫ്ലഡ് മാപ്പിംഗും ശക്തിപ്പെടുത്തി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി പ്രത്യേക 'ഡിസാസ്റ്റർ റെസീലിയൻസ് പ്രോഗ്രാമിന്' രൂപം നൽകും.

അസറ്റ് രജിസ്റ്ററും ലാൻഡ് ഓഡിറ്റിംഗും

സംസ്ഥാനത്തെ നദികൾ, തടാകങ്ങൾ, കനാലുകൾ എന്നിവ ഉൾപ്പെടുത്തി സമഗ്രമായ അസറ്റ് രജിസ്റ്റർ തയ്യാറാക്കും. നദീതീരങ്ങളിലെ അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്താൻ ലാൻഡ് ഓഡിറ്റിംഗ് നടത്തി കർശന നടപടികൾ സ്വീകരിക്കും. ഫ്ലഡ് മാപ്പിംഗ് ഉൾപ്പെടെയുള്ള ശാസ്ത്രീയ നടപടികളിലൂടെ ഭാവിയിലെ പ്രളയസാധ്യത പരമാവധി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.തോട്ടപ്പള്ളി സ്പിൽവേയിലെ മാലിന്യങ്ങളും എക്കലും നീക്കം ചെയ്ത് വെള്ളമൊഴുക്ക് സുഗമമാക്കാനും തണ്ണീർമുക്കം ഉൾപ്പെടെയുള്ള ഷട്ടറുകൾ തുറന്ന് അപ്പർ കുട്ടനാട് മേഖലയിൽ പ്രത്യേക ശ്രദ്ധ നൽകാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കളക്ടർമാർക്ക് സമ്പൂർണ്ണ അധികാരം; ചികിത്സാച്ചെലവ് സർക്കാർ വഹിക്കും

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ജില്ലാ കളക്ടർമാർക്ക് സമ്പൂർണ്ണ അധികാരവും ആവശ്യമായ ഫണ്ടും നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തര സാഹചര്യങ്ങളിൽ ഭക്ഷണം, ബയോ ടോയ്‌ലറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. ഒരു ക്യാമ്പിൽ 150-ൽ കൂടുതൽ ആളുകളെത്തിയാൽ ഉടൻ തന്നെ പുതിയ ക്യാമ്പ് ആരംഭിക്കാനും നിർദ്ദേശമുണ്ട്.സർക്കാർ ആശുപത്രികളുടെ സേവനം ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ഗുരുതര രോഗികളായ ക്യാമ്പ് അന്തേവാസികളെ സ്വകാര്യ ആശുപത്രികളിലേക്കോ മറ്റ് ജില്ലകളിലെ ആശുപത്രികളിലേക്കോ മാറ്റാം. ഇവരുടെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ തന്നെ വഹിക്കും.

മുതലപ്പൊഴിയിൽ അടിയന്തിര തീരുമാനം; തിരച്ചിൽ ഊർജ്ജിതം

മുതലപ്പൊഴി വിഷയം സർക്കാരിന്റെ പ്രത്യേക പരിഗണനയിലാണെന്നും ഉടൻ തന്നെ അടിയന്തിര തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫാദർ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ വൈദികർ തന്നെ വന്ന് കണ്ടിരുന്നു. താൻ പലതവണ മുതലപ്പൊഴി സന്ദർശിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുതലപ്പൊഴിയിൽ കാണാതായവരെ കണ്ടെത്തുന്നതിനായി കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്‌സ്‌മെന്റും സംയുക്തമായി തിരച്ചിൽ നടത്തുന്നുണ്ട്. ആഴക്കടലിൽ തിരച്ചിൽ നടത്തുന്നതിനായി നേവിയുടെ വെസലും ഹെലികോപ്റ്ററും രംഗത്തുണ്ട്. കുളച്ചലിലെ ആഴക്കടലിലും പരിശോധന നടത്തുന്നുണ്ടെങ്കിലും ഇതുവരെ മൃതദേഹം കണ്ടെത്താനാകാത്തത് സങ്കടകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Chief Minister V.D. Satheesan announced that Kerala will implement an AI-based dam management system to scientifically evaluate inflows and rainfall before releasing water, alongside launching a comprehensive Disaster Resilience Program including flood mapping and land auditing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേന്ദ്രത്തിനു വഴങ്ങി സക്കര്‍ബര്‍ഗ്; ലൈംഗികാതിക്രമ ഉള്ളടക്കത്തിലും സാങ്കേതിക പിഴവിലും ഖേദപ്രകടനം

പഴങ്ങളുടെ സംഭരണ ആയുസ്സ് വർധിപ്പിക്കാൻ പുത്തൻ കണ്ടുപിടുത്തം; പേറ്റന്റ് നേടി പാലക്കാട് ഐഐടി ഗവേഷകർ

ദമ്പതികള്‍ക്ക് ഒരുമിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ, ഗ്യാരണ്ടീഡ് അഡിഷനുകള്‍; അറിയാം എല്‍ഐസിയുടെ കിടിലന്‍ പ്ലാന്‍

സ്‌പെയിനിന് ഒരു ദുരന്തം വന്നപ്പോള്‍ കൈത്താങ്ങായി മെസി; 'മനുഷ്യത്വത്തിന്റെ മനോഹര മാതൃക'; 80,000 യൂറോ സഹായം

വിമാനം രണ്ടു മണിക്കൂര്‍ വൈകി; ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ മലയാളിക്ക് നഷ്ടപരിഹാരത്തിന് ഉത്തരവ്