ഹരിപ്പാട് (ആലപ്പുഴ): കെഎസ്ആർടിസി ബസ്സിൽ ഒപ്പം യാത്ര ചെയ്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ച ഡിപ്പോ ജീവനക്കാരനെ ബസ് ഡ്രൈവറും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടി. കായംകുളം ഡിപ്പോയിലെ ഡ്രൈവറും അമ്പലപ്പുഴ സ്വദേശിയുമായ രഞ്ജൻ (53) ആണ് പിടിയിലായത്. അതിക്രമത്തിന് ശേഷം ബസിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ ആലപ്പുഴ - തിരുവനന്തപുരം റൂട്ടിലോടുന്ന സൂപ്പർഫാസ്റ്റ് ബസ് കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപമെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. കൊല്ലത്തേക്ക് പോകാനായി ആലപ്പുഴയിൽ നിന്നാണ് പെൺകുട്ടി ഈ ബസിൽ കയറിയത്. കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ചു പോകുകയായിരുന്ന രഞ്ജൻ അമ്പലപ്പുഴയിൽ നിന്നാണ് ഇതേ ബസിൽ കയറിയത്.
പെൺകുട്ടി ഇരുന്ന സീറ്റിൽ വന്നിരുന്ന രഞ്ജൻ, ബസ് കരുവാറ്റ ഭാഗത്തെത്തിയപ്പോൾ പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തിൽ പകച്ചുപോയെങ്കിലും പെൺകുട്ടി ഒട്ടും ഭയപ്പെടാതെ ശബ്ദമുയർത്തി പ്രതികരിക്കുകയും ബഹളം വെക്കുകയും ചെയ്തു. പെൺകുട്ടിയുടെ നിലവിളി കേട്ടതോടെ ബസ് ഡ്രൈവർ ഉടൻ തന്നെ വണ്ടി റോഡരികിലേക്ക് ഒതുക്കി നിർത്തി. താൻ കുടുങ്ങുമെന്ന് ബോധ്യമായതോടെ പ്രതി രഞ്ജൻ പെട്ടെന്ന് ബസിൽ നിന്ന് പുറത്തേക്ക് ചാടി ഓടാൻ തുടങ്ങി. ഇതോടെ ബസ് ഡ്രൈവറും ഇയാൾക്ക് പിന്നാലെ വെച്ചുപിടിച്ചു. ബസിൽ മോഷണം നടത്തി ഓടുന്ന ആളാണെന്ന് കരുതി പ്രദേശവാസികളായ നാട്ടുകാരും ഡ്രൈവർക്കൊപ്പം കൂടുകയായിരുന്നു
നാട്ടുകാരും ഡ്രൈവറും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ അരക്കിലോമീറ്ററോളം ഓടിയ പ്രതിയെ വളഞ്ഞുപിടിക്കുകയായിരുന്നു. തുടർന്ന് ഇയാളെ അതേ സൂപ്പർഫാസ്റ്റ് ബസ്സിൽ തന്നെ കയറ്റി നേരെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയായ കെ.എസ്.ആർ.ടി.സി ഡ്രൈവർ രഞ്ജന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ലൈംഗിക അതിക്രമം നടത്തിയതിനുമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates