മധുര: തമിഴ്‌നാട്ടിലെ കുറ്റാലം കൊട്ടാരത്തിന് മേല്‍ തിരുവിതാംകൂര്‍ മുൻ രാജകുടുംബത്തിന് അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. കൊട്ടാരത്തില്‍ അവകാശവാദം ഉന്നയിച്ച് മുൻ രാജകുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി. കുറ്റാലം കൊട്ടാരം കേരള സര്‍ക്കാരിന്റേതാണ് എന്ന തിരുനെല്‍വേലി റവന്യു ഡിവിഷണല്‍ ഓഫീസറുടെ ഉത്തരവിനെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
കുറ്റാലം കൊട്ടാരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു തിരുവിതാംകൂര്‍ മുൻ രാജകുടുംബത്തിന്റെ വാദം. കുറ്റാലം കൊട്ടാരത്തിന്റെ പട്ടയം തമിഴ്നാട് സർക്കാർ കേരള സംസ്ഥാനത്തിന്റെ പേരിലാക്കിയത് റദ്ദ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഇത് നേരത്തെ, തിരുനെല്‍വേലി റവന്യു ഡിവിഷണല്‍ ഓഫീസര്‍ തള്ളിക്കളഞ്ഞിരുന്നു. ആർ ഡി ഒ യുടെ ഈ ഉത്തരവിനെതിരായാണ് തിരുവിതാംകൂര്‍ രാജകുടുംബം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിന് അനുകൂലമായ വിധിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍നിന്ന് ലഭിച്ചത്. രാജഭരണം മാറി ജനാധിപത്യ ഭരണം വരുമ്പോൾ തയ്യാറാക്കിയ ഉടമ്പടികളിലൊന്നും കൊട്ടാരത്തെ കുറിച്ച് പരാമർശിക്കുന്നില്ലെന്നും രാജകുടുംബത്തിന്റ വിൽപ്പത്രത്തിൽ ഇത് സംബന്ധിച്ച് കൃത്യതയുള്ള വിവരങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പട്ടയം അനുവദിച്ചത് കൊട്ടാരം കെയർ ടേക്കറുടെ പേരിലാണെന്നും കൊട്ടാരം കെയര്‍ടേക്കറെ നിയമിച്ചത് സർക്കാർ ആയതിനാൽ പട്ടയത്തിൽ രാജകുടുംബത്തിന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. രാജകുടുംബങ്ങൾ തമ്മിലുള്ള സ്വത്തു കൈമാറ്റ രേഖകളിലും കുറ്റാലം കൊട്ടാരത്തെ കുറിച്ച് പറയുന്നില്ലെന്നും കോടതി കണ്ടെത്തി. കുറ്റാലം കൊട്ടാരം സ്വകാര്യ സ്വത്തല്ല കണ്ടെത്തലിലേക്കാണ് കോടതി എത്തിയത്.
നേരത്തെ 2010 ൽ ഈ കൊട്ടാരത്തിന്റെ അവകാശം തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു. കുറ്റാലം കൊട്ടാരം, ദളവാ കൊട്ടാരം എന്നിവ സ്ഥിതി ചെയ്യുന്ന 58.68 ഏക്കർ ഭൂമിയുടെയും അതിലെ കെട്ടിടങ്ങളുടെയും ഉടമസ്ഥാവകാശം കേരള സർക്കാരിനാണെന്ന് തിരുനൽവേലി റവന്യൂ ഓഫീസർ 2019ൽ ഉത്തരവായിരുന്നു.
തിരുനെല്‍വേലി ജില്ലയില്‍ തെങ്കാശി താലൂക്കിലാണ് കുറ്റാലം കൊട്ടാരം. 1882ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുനാളാണ് കുറ്റാലം വെള്ളച്ചാട്ടത്തിനടുത്ത് വിശ്രമമന്ദിരമെന്നനിലയില്‍ കൊട്ടാരനിര്‍മ്മാണത്തിന് തുടക്കമിട്ടത്. കൊട്ടാരത്തിന്റെ രൂപകല്പനയും നിര്‍മ്മാണമേല്‍നോട്ടവും നിര്‍വഹിച്ചത് യൂറോപ്യന്‍ എന്‍ജിനീയര്‍മാരാണ്. ശ്രീമൂലം തിരുനാള്‍ മഹാരാജാവായിരിക്കെ കുറ്റാലം കൊട്ടാരത്തിന്റെ പണി പൂര്‍ത്തിയാക്കി. 56.57 ഏക്കര്‍ സ്ഥലത്ത് 2639.98 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ളതാണ് കൊട്ടാരസമുച്ചയം. കുറ്റാലം കൊട്ടാരം ദളവാ കൊട്ടാരം, അമ്മച്ചി കൊട്ടാരം എന്നിങ്ങനെ ചെറുതും വലുതുമായ 11 കെട്ടിടങ്ങളിലായി 34 മുറികളാണ് ഇവിടെ ഉള്ളത്.
കേരള രൂപീകരണത്തോടെ 1957ൽ ഇതിന്റെ ഉടമസ്ഥാവകാശം കേരള സർക്കാരിനായി. നിലവിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലാണ് ഈ കൊട്ടാരവും മറ്റും ഉൾപ്പെടുന്ന സമുച്ചയമുള്ളത്. കുറച്ചുകാലം മുമ്പ് രണ്ട് കോടിയിലേറെ രൂപ മുടക്കി സംസ്ഥാന സർക്കാർ ഈ കെട്ടിടങ്ങളെല്ലാം നവീകരിച്ചിരുന്നു. കുറ്റാലം പാലസ് റസ്റ്റ് ഹൗസ് എന്ന പേരിൽ പൊതുമരാമത്ത് വകുപ്പ് ഇവിടെ താമസ സൗകര്യം അനുവദിക്കുന്നുണ്ട്.
അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പും സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വി. മനുവുമാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി കേസില്‍ ഹാജരായത്. മധുര ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ തിരുവിതാംകൂർ മുൻ രാജകുടുംബം അപ്പീൽ പോകുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates