തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പു വരുത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുള്‍പ്പെടെ പ്രകടനപത്രികയിലുണ്ട്. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മറ്റ് ഇടതുനേതാക്കള്‍ തുടങ്ങിയവര്‍ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ സംബന്ധിച്ചു.
ഭരണത്തില്‍ കൂടുതല്‍ ജനപങ്കാളിത്തവും പ്രാദേശിക സാമ്പത്തിക വികസനവും ജനക്ഷേമവും ഉറപ്പുവരുത്തുന്നതിന് ഇടതു മുന്നണി പ്രതിജ്ഞാബദ്ധമാണ്. ഇതിനായുള്ള കര്‍മ പരിപാടിയാണ് 2025ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതെന്നും പ്രകടന പത്രിക പറയുന്നു. കേവല ദാരിദ്ര്യവിമുക്ത കേരളം പ്രകടന പത്രിക മുന്നോട്ടുവെക്കുന്നു.
അതിദാരിദ്ര്യത്തിന് മുകളിലുള്ള കേവല ദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി അവരെ മൈക്രോപ്ലാനുകള്‍ വഴി ദാരിദ്ര്യവിമുക്തരാക്കാന്‍ പരിപാടി നടപ്പാക്കും. കേരളത്തെ സമ്പൂര്‍ണ പോഷകാഹാര സംസ്ഥാനമാക്കും. ജനകീയ ഭക്ഷണ ശാലകള്‍ ആരംഭിക്കും. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുക ലക്ഷ്യമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
തെരുവുനായ പ്രശ്‌നം പരിഹരിക്കുക ലക്ഷ്യമിട്ട്, എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലും തെരുവ് നായ്ക്കളെ കൂട്ടത്തോടെ പാര്‍പ്പിക്കാനുള്ള സങ്കേതങ്ങള്‍ ഒരുക്കും. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത ഭവനരഹിതര്‍ക്ക് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ വീട് നല്‍കും. മുഴുവന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും നാഷണല്‍ ക്വാളിറ്റി അക്രഡിറ്റേഷന്‍ നേടിയെടുക്കും. 20 ലക്ഷം സ്ത്രീകള്‍ക്ക് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ തൊഴില്‍ ലഭ്യമാക്കും.
തീരദേശങ്ങളില്‍ കടലിന്റെ 50 മീറ്റര്‍ പരിധിയില്‍ വസിക്കുന്ന എല്ലാവര്‍ക്കും പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരധിവാസം ഉറപ്പാക്കും. വിദ്യാഭ്യാസ മേഖലയില്‍ അഞ്ചുവര്‍ഷംകൊണ്ട് ദേശീയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്‌സില്‍ ഒന്നാമത് എത്തിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ പ്രകടന പത്രിക മുന്നോട്ടു വെക്കുന്നു. സിപിഐ നേതാവ് സത്യന്‍ മൊകേരി, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, ആന്റണി രാജു എംഎല്‍എ, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയവര്‍ പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates