Vice-President C P Radhakrishnan with Mata Amritanandamayi Devi t the Viswa Seva Day celebrations at Amritapuri Photo | X @VPIndia
Kerala

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ

'മൂല്യങ്ങളും പക്വതയും മനസ്സിനെയും വികാരങ്ങളെയും കുറിച്ചുള്ള ധാരണയും വളര്‍ത്തിയെടുത്ത് ജീവിതത്തെ നേരിടാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നതായിരിക്കണം വിദ്യാഭ്യാസം'

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മനുഷ്യര്‍ യന്ത്രങ്ങളെ തങ്ങളുടെ യജമാനന്‍മാരാക്കാന്‍ അനുവദിക്കരുതെന്നും സ്വന്തം വിവേകശക്തിയും ബോധവും നിലനിര്‍ത്തണമെന്നും മാതാ അമൃതാനന്ദമയി ദേവി. ആളുകള്‍ കൂടുതലായി യന്ത്രങ്ങളെ ആശ്രയിക്കുകയാണെന്നും തങ്ങളുടെ ഏകാന്തതയും സങ്കടങ്ങളും വൈകാരിക പ്രയാസങ്ങളും പങ്കുവെക്കാന്‍ പോലും കമ്പ്യൂട്ടറുകളെ സമീപിക്കുകയാണെന്നും അമ്മ പറഞ്ഞു. അമൃതപുരിയില്‍ നടന്ന എഴുപത്തിമൂന്നാം ജന്മദിനസന്ദേശത്തിലാണ് അമ്മ ഇക്കാര്യം വ്യക്തമാക്കിയത്.

സാങ്കേതികവിദ്യക്ക് മറുപടികള്‍ നല്‍കാന്‍ സാധിച്ചേക്കാം, എന്നാല്‍ മനുഷ്യന്റെ സ്പര്‍ശനത്തിനും സ്‌നേഹത്തിനും വൈകാരിക ബന്ധങ്ങള്‍ക്കും പകരമാകാന്‍ അതിന് കഴിയില്ല. ശാസ്ത്രവും സാങ്കേതികവിദ്യയും അത്യാവശ്യമാണ്, എന്നാല്‍ യന്ത്രങ്ങളുമായി പൂര്‍ണമായും താദാത്മ്യം പ്രാപിക്കുന്നത് നമ്മെ വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. ജീവനോപാധി കണ്ടെത്തുന്നതിനുള്ള അറിവും നൈപുണ്യവും നേടുന്നതില്‍ മാത്രം വിദ്യാഭ്യാസം ഒതുങ്ങിനില്‍ക്കരുത്. മൂല്യങ്ങളും പക്വതയും മനസ്സിനെയും വികാരങ്ങളെയും കുറിച്ചുള്ള ധാരണയും വളര്‍ത്തിയെടുത്ത് ജീവിതത്തെ നേരിടാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നതായിരിക്കണം വിദ്യാഭ്യാസം.

യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഏകാന്തതയിലും ലഹരി ഉപയോഗത്തിലും അമ്മ ആശങ്ക രേഖപ്പെടുത്തി. കൂട്ടുകുടുംബങ്ങളുടെയും അയല്‍പക്ക കൂട്ടായ്മകളുടെയും തകര്‍ച്ച ഏകാന്തതയ്ക്ക് കാരണമായിട്ടുണ്ട്. ലഹരിക്ക് അടിമപ്പെട്ട് നിരവധി ചെറുപ്പക്കാരുടെ ജീവനാണ് പൊലിയുന്നത്. സമയത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അമ്മ, പണം താഴെ വീണാല്‍ തിരിച്ചെടുക്കാന്‍ കഴിയുന്ന റബ്ബര്‍ പന്ത് പോലെയാണെന്നും എന്നാല്‍ സമയം ഒരിക്കലും തിരിച്ചുകിട്ടാത്ത സ്ഫടികം പോലെയാണെന്നും ഉപമിച്ചു.

പ്രതിഫലം പ്രതീക്ഷിക്കാതെ നല്‍കുന്ന പ്രകൃതിയില്‍ നിന്ന് മനുഷ്യരാശി പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് നിസ്വാര്‍ത്ഥ സേവനത്തിനും സ്‌നേഹത്തിനും കരുണയ്ക്കും ആഹ്വാനം ചെയ്തുകൊണ്ട് അമ്മ പറഞ്ഞു. ജനങ്ങള്‍ തങ്ങളുടെ കടമകള്‍ ആത്മാര്‍ത്ഥതയോടും ഉത്തരവാദിത്തത്തോടും കൂടി നിര്‍വ്വഹിക്കണം. ലോകക്ഷേമത്തിനായി പ്രവര്‍ത്തിക്കണം. കുട്ടികള്‍ക്ക് കരുത്തും ഭക്തിയും സ്‌നേഹവും വിശ്വാസവും ഉണ്ടാകട്ടെ. ഈ ഗുണങ്ങള്‍ അവരുടെ ചിന്തകള്‍ക്കും വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും പ്രചോദനമാകട്ടെ, അവര്‍ ലോകത്തിന്റെ വെളിച്ചമായി മാറട്ടെയെന്നും അമ്മ ആശംസിച്ചു.

അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ നേതൃത്വത്തില്‍ നടന്ന സത്സംഗത്തോടെയാണ് ഞായറാഴ്ച ശ്വസേവാ ദിനാഘോഷം ആരംഭിച്ചത്. തുടര്‍ന്ന് ഗുരുപാദപൂജയും അമ്മയുടെ സന്ദേശവും ഉണ്ടായിരുന്നു. തുടര്‍ന്ന് അമൃതപുരിയില്‍ എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് ഭക്തര്‍ക്ക് അമൃതാനന്ദമയി ദേവി ദര്‍ശനം നല്‍കി.  ചടങ്ങില്‍ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി.

Do Not Let Machines Become Our Masters: Mata Amritanandamayi Devi Issues Birthday Message on AI, Loneliness, and Values

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാല് വര്‍ഷത്തിനിടെ പാര്‍ട്ടി മാറിയത് 111 എംപി, എംഎല്‍എമാര്‍; 26% പേരും ബിജെപിയിലേക്ക്: എഡിആര്‍

സിജെപി നേതാവ് അശുതോഷ് രങ്ക കസ്റ്റഡിയിൽ; നിരാഹാര സമരവുമായി പ്രവർത്തകർ

പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്  മുങ്ങിമരിച്ചു

ആന്‍സിക്ക് വെള്ളി, സർക്കാർ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു, തിങ്കളാഴ്ച മുതല്‍ ബാങ്ക് പണിമുടക്ക്...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

റോഡ് പരിശോധന റെക്കോർഡ് ചെയ്തു; യുവാവിന്റെ മുഖത്തടിച്ച് മന്ത്രി -VIDEO