പിജെ ജോസഫ്, നായനാര്‍, അല്‍ഫോണ്‍സ്‌ pvt eng. colleges in kerala  file
Kerala

'പിജെ ജോസഫ് നായനാര്‍ അറിയാതെ ഒപ്പിട്ടു തന്നു, കേരളത്തില്‍ സ്വകാര്യ എന്‍ജി. കോളജിന് വഴിയൊരുക്കിയത് ഞാന്‍'

കെഎസ് ശ്രീജിത്ത്

തിരുവനന്തപുരം: താനും മുന്‍ മന്ത്രി പിജെ ജോസഫും ചേര്‍ന്നാണ് കേരളത്തില്‍ സ്വകാര്യ പ്രൊഫഷനല്‍ കോളജുകള്‍ക്ക് വഴിയൊരുക്കിയതെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. 2000ല്‍ താനാണ് സ്വകാര്യ പ്രൊഫഷനല്‍ കോളജുകള്‍ക്ക് (pvt eng. colleges) നിരാക്ഷേപ പത്രം (എന്‍ഒസി) നല്‍കിയത്. അതിന് അന്നു മുഖ്യമന്ത്രിയായിരുന്ന നായനാരോ മന്ത്രിസഭയോ അറിയാതെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പിജെ ജോസഫ് അനുമതി നല്‍കുകയായിരുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു.

ദി വിന്നിങ് ഫോര്‍മുല - 52 വേയ്‌സ് ടു ചേഞ്ച് യുവര്‍ ലൈഫ് എന്ന പുതിയ പുസ്തകത്തിലാണ് കണ്ണന്താനത്തിന്റെ അവകാശവാദം. താന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായ 2000ല്‍ കേരളത്തില്‍ സീറ്റ് ഇല്ലാത്തതിനാല്‍ എന്‍ജിനിയറിങ്, മെഡിസിന്‍, നഴ്‌സിങ്, എംബിഎ കോഴ്‌സുകളിലായി രണ്ടു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ കേരളത്തിനു പുറത്ത് പഠിക്കാന്‍ പോവുന്ന സാഹചര്യമായിരുന്നെന്ന് അല്‍ഫോണ്‍സ് പറയുന്നു. ''എംബിബിഎസിന് അന്നു 300 സീറ്റേ ഉള്ളൂ. എന്‍ജിനിയറിങ്ങിന് മൂവായിരവും നഴ്‌സിങ്ങിന് 700ഉം ആയിരുന്നു കേരളത്തിലെ സീറ്റുകള്‍. എംബിഎയ്ക്കും കുറച്ചു സീറ്റുകളേ ഉള്ളൂ. നമ്മുടെ കുട്ടികള്‍ക്ക് ഇവിടെ തന്നെ പഠിക്കാനുള്ള അവസരമുണ്ടാവണമെന്ന് ഞാന്‍ പിജെ ജോസഫിനോട് പറഞ്ഞു. അതിന് നടപടിയെടുക്കണം. തനിക്കു സമ്മതമാണെങ്കിലും എല്‍ഡിഎഫ് സമ്മതിക്കില്ലെന്നും വിഷയം ഒരിക്കലും കാബിനെറ്റില്‍ എത്തില്ലെന്നുമായിരുന്നു ജോസഫിന്റെ പ്രതികരണം. ഉത്തരവാദിത്വം താന്‍ ഏറ്റുകൊള്ളാമെന്ന് ഞാന്‍ ജോസഫിനെ അറിയിച്ചു. സെക്രട്ടറി എന്ന നിലയില്‍ എന്‍ഒസി ഞാന്‍ കൊടുക്കാം. മുന്നോട്ടു പൊയ്‌ക്കൊള്ളാനായിരുന്നു ജോസഫിന്റെ മറുപടി''- അല്‍ഫോണ്‍സ് എഴുതുന്നു.

34 അപേക്ഷകള്‍ ആയിരുന്നു എന്‍ഒസിക്കായി ലഭിച്ചിരുന്നത്. അവര്‍ക്കെല്ലാം രഹസ്യമായി നോട്ടീസ് നല്‍കി ഹിയറിങ്ങിനു വിളിപ്പിച്ചു. കോവളം ഗസ്റ്റ് ഹൗസിലായിരുന്നു ഹിയറിങ്. കാര്യങ്ങള്‍ രഹസ്യമാക്കി വയ്ക്കാന്‍ അപേക്ഷകരോടും നിര്‍ദേശിച്ചു. രേഖകള്‍ എല്ലാം പരിശോധിച്ച ശേഷം 33 അപേക്ഷകര്‍ക്ക് എന്‍ഒസി നല്‍കി. ഫയലില്‍ മന്ത്രിയെക്കൊണ്ട് ഒപ്പിടുവിച്ചു. ഇത് എന്‍ഒസി മാത്രമാണ്, അന്തിമ അനുമതിയുടെ കാര്യം വരുമ്പോള്‍ കാബിനറ്റില്‍ അവതരിപ്പിച്ചാല്‍ മതിയെന്നു മന്ത്രിയെ ധരിപ്പിച്ചു. 2000 നവംബറിലായിരുന്നു ഇത്. സംസ്ഥാന സര്‍ക്കാരില്‍നിന്നുള്ള എന്‍ഒസി കിട്ടിയതോടെ കോളജുകള്‍ അനുമതിക്കായി ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷനെ (എഐസിടിഇ) സമീപിച്ചു.

മൂന്നു മാസത്തിനു ശേഷം ഇക്കാര്യങ്ങള്‍ എങ്ങനെയൊ നായനാര്‍ അറിഞ്ഞു. അദ്ദേഹം ആകെ ക്ഷുഭിതനായി. പിറ്റേന്നു തന്നെ വിഷയം കാബിനറ്റില്‍ വന്നു. എന്‍ഒസി റദ്ദാക്കാനായിരുന്നു തീരുമാനം. എന്നെ സസ്‌പെന്‍ഡ് ചെയ്യാനും കാബിനറ്റ് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. എന്നാല്‍ പിജെ ജോസഫ് എനിക്കൊപ്പം നിന്നു. സംസ്ഥാന താത്പര്യത്തിന് അനുസരിച്ചാണ് അല്‍ഫോണ്‍സ് പ്രവര്‍ത്തിച്ചത് എന്നായിരുന്നു ജോസഫിന്റെ വാദം. അല്‍ഫോണ്‍സിനെതിരെ എന്തെങ്കിലും നടപടിയെടുത്താല്‍ താന്‍ രാജിവയ്ക്കുമെന്നും ജോസഫ് മുന്നറിയിപ്പ് നല്‍കി. ആ ഭീഷണി ഫലിച്ചു- അല്‍ഫോണ്‍സ് എഴുതുന്നു.

എന്‍ഒസി റദ്ദാക്കാനുള്ള തീരുമാനം എഐസിടിഇയെ അറിയിക്കാന്‍ മന്ത്രിസഭ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതറിഞ്ഞ താന്‍ ചീഫ് സെക്രട്ടറി എത്തും മുമ്പ് ഡല്‍ഹിയിലെത്തി എഐസിടിഇ ചെയര്‍മാന്‍ നടരാജനെ കണ്ടതായി അല്‍ഫോണ്‍സ് പുസ്തകത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ തടസ്സമൊന്നും പരിഗണിക്കാതെ കോളജുകള്‍ക്ക് അനുമതി നല്‍കാന്‍ താന്‍ ചെയര്‍മാനെ പ്രേരിപ്പിച്ചെന്നും അദ്ദേഹം അതിന് അനുസരിച്ച് പ്രവര്‍ത്തിച്ചെന്നും അല്‍ഫോണ്‍സ് അവകാശപ്പെടുന്നു.

''ഇങ്ങനെയാണ് കേരളത്തില്‍ സ്വകാര്യ എന്‍ജിനിയറിങ് കോളജുകള്‍ ഉണ്ടായത്. 2001ല്‍ 13 കോളജുകള്‍ സ്ഥാപിച്ചു. പത്തു വര്‍ഷം കൊണ്ട് അത് 150 ആയി. പിന്നാലെ വന്ന യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കി. പിന്നീട് സ്വകാര്യ നഴ്‌സിങ്, എംബിഎ കോളജുകളും വന്നു. കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് എന്‍ജിനിയറിങ്, മെഡിക്കല്‍, ഡെന്റല്‍, എംബിഎ, നഴ്‌സിങ് കോഴ്‌സുകളിലായി രണ്ടു ലക്ഷം സീറ്റുകളാണ് കേരളത്തിലുണ്ടായത്.''- അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു.

2006ല്‍ സിവില്‍ സര്‍വീസ് വിട്ട കണ്ണന്താനം എല്‍ഡിഎഫ് സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയില്‍നിന്നു നിയമസഭാംഗമായി. 2011ല്‍ ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം ഒന്നാം മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രി പദത്തിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT