P A Muhammad Riyas, VD Satheesan, Rahul Gandhi facebook/ PTI
Kerala

വിവാദ ഭാഗങ്ങള്‍ പാടിയതെന്തിന് ?; വന്ദേമാതരം മുഴുവനായി ആലപിച്ചതില്‍ ആശങ്ക അറിയിച്ച് മുഹമ്മദ് റിയാസ്

'ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ചരണങ്ങളാണ്'

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായും ആലപിച്ചതില്‍ ആശങ്ക രേഖപ്പെടുത്തി സിപിഎം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസ് ആശങ്ക അറിയിച്ചിട്ടുള്ളത്. വന്ദേമാതരത്തിലെ ആറ് ചരണങ്ങള്‍ പാടണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം സത്യപ്രതിജ്ഞാ ചടങ്ങില്‍ അക്ഷരംപ്രതി പാലിക്കപ്പെട്ടിരുന്നു.

ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ചരണങ്ങളാണ്. തുടര്‍ന്ന് വരുന്ന ചില ഭാഗങ്ങള്‍ ചരിത്രപരമായി വിവാദങ്ങള്‍ക്ക് ഇടയാക്കിയതും ആശങ്ക ഉയര്‍ത്തിയതുമാണെന്നും ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റില്‍ മുഹമ്മദ് റിയാസ് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തര കാലത്തും വിവിധ സംസ്ഥാനങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധിതമാക്കാനുള്ള ശ്രമങ്ങള്‍ വിവാദമായിരുന്നു.

സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് ഒരു advisory ( നിര്‍ദേശം) മാത്രമാണ്; അത് നിര്‍ബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് യാതൊരു ശിക്ഷാനടപടിയും ഇല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. സത്യപ്രതിജ്ഞ ചടങ്ങില്‍ ലോക്ഭവന്റെ ഭാഗത്തുനിന്നും വന്ന പല നിര്‍ദ്ദേശങ്ങളും തിരുത്താന്‍ കാണിച്ച ഇടപെടല്‍ വന്ദേമാതരം മുഴുവനായും ചൊല്ലിയ വിഷയത്തില്‍ ഉണ്ടാവണമായിരുന്നു. കുറിപ്പില്‍ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതില്‍ അഭിനന്ദനങ്ങള്‍.

സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായും ആലപിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക രേഖപ്പെടുത്തുകയാണ്. ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഈരടികളാണ് .

വന്ദേമാതരത്തിലെ തുടര്‍ന്ന് വരുന്ന ചില ഭാഗങ്ങള്‍ ചരിത്രപരമായി വിവാദങ്ങള്‍ക്ക് ഇടയാക്കിയതും ആശങ്ക ഉയര്‍ത്തിയതുമാണ്. രാജ്യത്തിന്റെ സ്വാതന്ത്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തര കാലത്തും വിവിധ സംസ്ഥാനങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധിതമാക്കാനുള്ള ശ്രമങ്ങള്‍ വിവാദമായിരുന്നല്ലോ.

ചില സംഘടനകളും പൗരാവകാശ പ്രവര്‍ത്തകരും ഇത് നിര്‍ബന്ധമാക്കുന്നത് ഭരണഘടനാ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നതുമാണ്.

സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് ഒരു advisory ( നിര്‍ദേശം) മാത്രമാണ്; അത് നിര്‍ബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് യാതൊരു ശിക്ഷാനടപടിയും ഇല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്.

സത്യപ്രതിജ്ഞ ചടങ്ങില്‍ ലോക്ഭവന്റെ ഭാഗത്തുനിന്നും വന്ന പല നിര്‍ദ്ദേശങ്ങളും തിരുത്താന്‍ കാണിച്ച ഇടപെടല്‍ വന്ദേമാതരം മുഴുവനായും ചൊല്ലിയ വിഷയത്തില്‍ ഉണ്ടാവണമായിരുന്നു.

മതനിരപേക്ഷതയും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ പൊതുബോധത്തോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന സമീപനങ്ങള്‍ സ്വീകരിക്കാന്‍ പുതിയ സര്‍ക്കാര്‍ ശ്രദ്ധിക്കണം എന്ന് അഭ്യത്ഥിക്കുന്നു.

ഇടതുപക്ഷ MLA എന്ന നിലയില്‍ സര്‍ക്കാരിനെ തുടക്കത്തിലെ കണ്ണടച്ച് എതിര്‍ക്കുകയാണെന്ന് ഈ നിലപാട് പറഞ്ഞതിന്റെ ഭാഗമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഈ വിഷയത്തില്‍ ഭരണഘടന മുറുകെപ്പിടിച്ച് ഉയര്‍ത്തിയ മെറിറ്റിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭരണവും, ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും പുതിയ സര്‍ക്കാരില്‍ നിന്നും ഉണ്ടായാല്‍ പിന്തുണക്കും. ഒരിക്കല്‍കൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.

P A Muhammad Riyas expresses concern over singing the entire Vande Mataram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

കുളിപ്പിക്കുന്നതിനിടെ ആനകള്‍ ഏറ്റുമുട്ടി, യുവതിയുടെ ദേഹത്തുവീണു, ദാരുണാന്ത്യം

'ഷാജിക്ക.... 9 മ്മക്ക് വേണ്ടാട്ടോ...'; കെ എം ഷാജിയോട് വാഹനം മാറ്റണമെന്ന് ലീഗ് പ്രവര്‍ത്തകര്‍

പ്രതിപക്ഷ നേതാവായശേഷം പിണറായി വിജയന്‍ ആദ്യമായി കണ്ണൂരില്‍; വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം

'ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ഇന്ധന ടാങ്കിന്റെ തകരാറുമല്ല'; സോനയുടെ മരണം ആസൂത്രിതമോ? ദുരൂഹത

SCROLL FOR NEXT