ഓണക്കിറ്റ്‌ (Onam kit) പ്രതീകാത്മക ചിത്രം
Kerala

16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി

6,09,305 സൗജന്യ ഓണക്കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ ആരംഭിക്കും. മഞ്ഞ റേഷൻ കാർഡ് (എഎവൈ) ഉടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് ഇത്തവണ സൗജന്യ ഓണക്കിറ്റ് നൽകുന്നത്.

16 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാവുക. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. 6,09,305 സൗജന്യ ഓണക്കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. തുണിസഞ്ചി ഉൾപ്പെടെ 16 ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റൊന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ് 6 മുതൽ ആരംഭിക്കും.

കിറ്റ് വിതരണം ഓഗസ്റ്റ് 25-നകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഓണക്കാലം പ്രമാണിച്ച് 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും. മുന്‍ഗണനേതര വിഭാഗത്തിന് സ്‌പെഷല്‍ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാര്‍ഡുകാര്‍ക്ക് 3 കിലോ അരി 10.90 രൂപ നിരക്കിലും രണ്ടു കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നല്‍കും.

ഈ വർഷത്തെ ഓണക്കിറ്റ് വിതരണവും ഓണച്ചന്തകളുടെ പ്രവർത്തനവും ഊർജ്ജിതമാക്കാൻ സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായമാണ് അനുവദിച്ചിട്ടുള്ളത്. ഭക്ഷ്യ വിപണിയിലെ ഇടപെടലിനായി 200 കോടിയും സൗജന്യ ഓണക്കിറ്റ് നൽകുന്നതിനായി 53 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. മുൻ സർക്കാരുകളൊന്നും ഒരുമിച്ച് ഇത്രയും വലിയ തുക വകുപ്പിന് അനുവദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ ഓണം ഫെയറുകള്‍

വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഈ വര്‍ഷം 3 ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളില്‍ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളില്‍ ഓണം മാര്‍ക്കറ്റുകളും സംഘടിപ്പിക്കും. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓഗസ്റ്റ് 8 മുതല്‍ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകള്‍ നടത്തും. 11 ജില്ലകളില്‍ ഓണം ജില്ലാ ഫെയറുകള്‍ ഓഗസ്റ്റ് 16 മുതല്‍ 25 വരെയാണ്.

ഇതുവരെ 448.05 കോടി രൂപ

ഈ സര്‍ക്കാരിന്‍െ്റ രണ്ടുമാസത്തെ പ്രവര്‍ത്തന കാലയളവില്‍ ഇതുവരെ 448.05 കോടി രൂപയാണ് ഭക്ഷ്യ-സിവില്‍സപ്‌ളൈസ് വകുപ്പിന് അനുവദിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രത്യേക താല്‍പര്യമെടുത്താണ് ഇത്രയും തുക അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ 2025-26 സാമ്പത്തികവര്‍ഷത്തിലാകട്ടെ, ആകെ അനുവദിച്ചത് 700 കോടി രൂപ മാത്രമാണ്. മാര്‍ക്കറ്റ് ഇടപെടലിന് 273 കോടി രൂപ. (സൗജന്യകിറ്റ് വിതരണത്തിന് 53 കോടി രൂപ ഉള്‍പ്പെടെ). നെല്ല് സംഭരണ സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തില്‍ 154.79 കോടി രൂപ. ഗതാഗത ചാര്‍ജ് ഇനത്തില്‍ 20.26 കോടി രൂപ

അരലക്ഷം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് ഭക്ഷ്യ വകുപ്പ് കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു. ആകെ 76,338 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചതില്‍ 73,024 അപേക്ഷകള്‍ അംഗീകരിച്ച് മുന്‍ഗണനാ റേഷന്‍കാര്‍ഡ് അനുവദിച്ചു. ഇത് സര്‍വകാല റെക്കോഡാണ്. അതില്‍ 1353 അപേക്ഷകള്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ തിരിച്ചുനല്‍കി. 2011 എണ്ണം നിരസിച്ചു.

73,024 പുതിയ മുന്‍ഗണനാ കാര്‍ഡുകാര്‍ക്കും അടുത്തമാസം മൂന്ന് മുതല്‍ സൗജന്യ റേഷന്‍ നല്‍കിത്തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കും. കൂടുതല്‍ അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷകള്‍ ലഭ്യമാക്കുന്നതിനായി ആര്‍സിഎംഎസ് ഡാറ്റാബേസില്‍ നിന്ന് സാധ്യതയുള്ളവരുടെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ തരംതിരിച്ച് വാര്‍ഡ് അംഗങ്ങള്‍ക്കും സിഡിഎസുകള്‍ക്കും കൈമാറിയിട്ടുണ്ട്. അര്‍ഹരായവരെ കണ്ടെത്തി അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Onam kit distribution starts on August 10

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രക്ഷോഭം നടത്തിയെന്ന കാരണത്താല്‍ ലാത്തിച്ചാര്‍ജ് പാടില്ല, പ്രതിഷേധങ്ങള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശം': ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

വിദ്യാര്‍ഥികളെ എകെ-47 ഉപയോഗിച്ച് വെടിവെച്ചു, വിഡിയോ പുറത്ത്; പൊലീസുകാരന് സസ്‌പെന്‍ഷന്‍

ഷൂട്ടിങ് ലോകകപ്പിൽ സ്വർണവും വെങ്കലവും; ഡബിൾ നേട്ടം വെടിവച്ചിട്ട് ഇന്ത്യ!

'നരേന്ദ്രമോദിക്കെതിരെയുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യണം'; സാമൂഹിക മാധ്യമങ്ങളോട് ഡല്‍ഹി പൊലീസ്

എട്ടല്ല, പത്തുശതമാനം ഉറപ്പുള്ള മാസവരുമാനം, ജീവിതകാലം മുഴുവന്‍ ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം പ്രവാസി ഡിവിഡന്റ് സ്‌കീം