തിരുവനന്തപുരം: സ്വയംഭരണ പദവിയുടെ മറവില്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ കോര്‍പ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കാനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍/എയ്ഡഡ്, ഓട്ടോണോമസ് കോളജുകളില്‍ ആരംഭിക്കുന്ന പുതിയ കോഴ്‌സുകള്‍ക്കും സീറ്റ് വര്‍ധനയ്ക്കും സര്‍ക്കാരിന്റെ മുന്‍കൂര്‍ അംഗീകാരം നിര്‍ബന്ധമാണെന്ന് 2026 സെപ്റ്റംബര്‍ 11-ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്‍ക്കുലറിലെ (നമ്പര്‍: E2/184/2026-HEDN) അഞ്ചാം വകുപ്പില്‍ വളരെ വ്യക്തമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലുള്ള കര്‍ശന പരിശോധനയും നിയന്ത്രണവും ഉറപ്പുവരുത്തുന്ന ഈ വ്യവസ്ഥ നിലനില്‍ക്കെയാണ്, മാനേജ്മെന്റുകളുടെ വഴിവിട്ട സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അട്ടിമറി നടത്തിയതെന്നും പിണറായി വിജയന്‍ ആരോപിച്ചു.
സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകളില്‍ തോന്നുംപടി അണ്‍എയ്ഡഡ് കോഴ്‌സുകള്‍ തുടങ്ങുന്നതിനും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാരിന്റെ നിരാക്ഷേപ പത്രം (NOC) വേണ്ടെന്ന ഇപ്പോഴത്തെ വ്യവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. ഒരു ആവശ്യകതാ പഠനവും നടത്താതെയും നിലവിലെ റെഗുലേറ്ററി സംവിധാനങ്ങളെ പൂര്‍ണ്ണമായി നോക്കുകുത്തിയാക്കിയും സീറ്റുകള്‍ തോന്നിയപോലെ വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കുന്നത് വിദ്യാഭ്യാസ കച്ചവടത്തിന് വഴിതുറന്നുകൊടുക്കലാണ്. എയ്ഡഡ് കോളജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ വ്യാപകമായി അനുവദിക്കില്ലെന്ന് പരമോന്നത നീതിപീഠത്തിന് മുന്‍പില്‍ നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍പ്പറത്തിയാണ് ഈ വഴിവിട്ട ഒത്തുകളി നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മാനേജ്മെന്റ് പ്രതിനിധികള്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ഇത്തരം വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വര്‍ഷാവര്‍ഷമുള്ള പരിശോധനകള്‍ റദ്ദാക്കിയതും അഡ്മിഷന്‍ കഴിഞ്ഞ ശേഷം മാത്രം വിവരം സര്‍ക്കാരിനെ അറിയിച്ചാല്‍ മതിയെന്ന ഇളവും മെറിറ്റും സംവരണവും അട്ടിമറിച്ച് കോഴ വാങ്ങി സീറ്റ് വില്‍ക്കാനുള്ള പരസ്യമായ ഒത്താശയാണ്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാടെ എടുത്തുകളഞ്ഞ് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പഠനാവകാശങ്ങളെ തകര്‍ക്കുന്നതാണ് ഈ നടപടികള്‍. സെപ്റ്റംബര്‍ 11-ലെ ഉത്തരവിലെ വ്യവസ്ഥകള്‍ അട്ടിമറിച്ച് മാനേജ്മെന്റുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയതിന് പിന്നിലെ അവിശുദ്ധ നീക്കങ്ങളെക്കുറിച്ച് സമഗ്രമായ നിയമപരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates