പി ജയരാജന്‍ ( P Jayarajan) ഫയല്‍ ചിത്രം
Kerala

'എന്റെ പടം വെച്ചുള്ള ബോര്‍ഡുകള്‍ വേണ്ട, അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുക'

'പാര്‍ട്ടി പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലര്‍ കൈക്കൊള്ളുന്നത്'

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയിലൂടെയുള്ള തുറന്ന ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുക. ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുക. തന്റെ പടം വെച്ചുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും പി ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഫ്‌ലക്‌സ് ബോര്‍ഡിലൂടെ പ്രചരണം നടത്തി മുഖ്യമന്ത്രിയാകാന്‍ കൊണ്ടു പിടിച്ച ശ്രമമാണ് കോണ്‍ഗ്രസ്സുകാര്‍ നടത്തുന്നത്. അത് കോണ്‍ഗ്രസ്സ് സംസ്‌കാരമാണ്. അതില്‍ നിന്നും വ്യത്യസ്ഥമാണ് കമ്മ്യൂണിസ്റ്റ് സംഘടന രീതി. പാര്‍ട്ടി പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലര്‍ കൈക്കൊള്ളുന്നത്. വലതു പക്ഷക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ ഉപയോഗിച്ച് പാര്‍ട്ടിയെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ടെന്നും പി ജയരാജന്‍ അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ എന്റെ പടം വെച്ച് കൊണ്ട് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതായി മനസ്സിലാക്കുന്നു. പരാജയത്തില്‍ നിന്ന് നിരാശരായവര്‍ പല തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തുന്നതായും കാണുന്നു.ഇത്തരം കാര്യങ്ങളില്‍ സിപിഎം സംസ്ഥാന കമ്മിറ്റി കമ്മിറ്റി അംഗം എന്ന നിലയില്‍ എന്റെ നിലപാട് വ്യക്ത മാക്കുവാനാണ് ഈ പോസ്റ്റ്.

ഫ്‌ലക്‌സ് ബോര്‍ഡിലൂടെ പ്രചരണം നടത്തി മുഖ്യമന്ത്രിയാകാന്‍ കൊണ്ടു പിടിച്ച ശ്രമം കോണ്‍ഗ്രസ്സുകാര്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ്സ് പ്രതിസന്ധിയിലായപ്പോള്‍ 'ഇന്ദിരയെ വിളിക്കൂ സോണിയെ വിളിക്കൂ കോണ്‍ഗ്രസ്സിനെ രക്ഷിക്കു' എന്ന മുദ്രവാക്യം ഉയര്‍ത്തി. അത് കോണ്‍ഗ്രസ്സ് സംസ്‌കാരമാണ്. അതില്‍ നിന്നും വ്യത്യസ്ഥമാണ് കമ്മ്യൂണിസ്റ്റ് സംഘടന രീതി. കാരണം നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയെ മാറ്റി തീര്‍ക്കാന്‍ ശ്രമിക്കുന്ന വിപ്ലവ പ്രസ്ഥാനമാണ് സിപിഎം. ഈ പാര്‍ട്ടി തെരത്തെടുപ്പിനെ മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല. ഇന്ത്യയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ വിജയവും പരാജയവും കമ്മ്യൂണിസ്റ്റുകാര്‍ നേരിട്ടിട്ടുണ്ട്. ഓരോ സന്ദര്‍ഭങ്ങളിലും അവയെ വസ്തു നിഷ്ഠമായി വിലയിരുത്താറുമുണ്ട്. വിജയത്തിലും പരാജയത്തിലും ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് തുടര്‍ നടപടികളും കൈക്കൊള്ളാറുമുണ്ട്.

ഈ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവാവഹമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടര്‍ച്ചയായി തിരുത്തല്‍ നടപടികളും വരും. അത്തരമൊരു പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലര്‍ കൈക്കൊള്ളുന്നത്. പരാജയത്തിന്റെ കാരണക്കാരാണെന്ന് അവര്‍ കണക്കാക്കുന്ന ചില പാര്‍ട്ടി നേതാക്കളെ ലക്ഷ്യം വെച്ച് പരസ്യ വിമര്‍ശനവും നടത്തുന്നുണ്ട്. വലതു പക്ഷക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ ഉപയോഗിച്ച് പാര്‍ട്ടിയെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയിലൂടെയുള്ള തുറന്ന ചര്‍ച്ചകള്‍ ഒഴിവാക്കുക. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുക, ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുക- ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്റെ പടം വെച്ചുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണം. സോഷ്യല്‍ മീഡിയയില്‍ എന്നെ പ്രകീര്‍ത്തിച്ചു കൊണ്ടും പാര്‍ട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയും കൊണ്ടുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കുക. ഉള്‍പാര്‍ട്ടി ചര്‍ച്ചയെ കുറിച്ച് സി.പി.എം ഭരണഘടന അനുശാസിക്കുന്നത് പിന്‍തുടരുക.

ബംഗാളില്‍ സി.പി.എം വീണ്ടും കുതിച്ച് കയറാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടു തുടങ്ങി. കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും.

P Jayarajan against flex board campaigns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'118 പേരുമായി വരൂ', രണ്ടാം കൂടിക്കാഴ്ചയിലും വിജയ് യെ മടക്കിയയച്ച് ഗവർണര്‍; സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം

'ഇത് ജനവിധിയെ അപമാനിക്കുന്നതിന് തുല്യം, ജനാധിപത്യത്തിന് ദോഷം'; വിജയ്ക്ക് പിന്തുണയുമായി കമല്‍ഹാസന്‍

വയറ്റിലെ ഗ്യാസ് കുറയ്ക്കാൻ ഈ ശീലങ്ങൾ സഹായിക്കും

രോഹിത് ശർമ വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകും? കാര്യങ്ങൾ നീങ്ങുന്നത് ആ വഴിക്ക്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya Plus KN 622 lottery result

SCROLL FOR NEXT