പാലക്കാട്: ജീവനക്കാര്‍ നോക്കിനില്‍ക്കുമ്പോള്‍ പുലര്‍ച്ചെ പാലക്കാട് ഡിപ്പോയ്ക്ക് സമീപത്തുനിന്ന് കെഎസ്ആര്‍ടിസി ബസ് ഓടിച്ചുകൊണ്ടുപോയ യുവാവ് 18 ദിവസത്തിനുശേഷം പിടിയില്‍. മേപ്പറമ്പ് നെല്ലിക്കാട് കാദര്‍ മന്‍സിലില്‍ ഫാസിലാണ് (25) പിടിയിലായത്. തമിഴ്‌നാട്, ഹിമാചല്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കറങ്ങി നടന്ന ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മണപ്പുള്ളിക്കാവിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പറഞ്ഞു. മദ്യലഹരിയില്‍ ബസ് ഓടിക്കാനുള്ള ആഗ്രഹംകൊണ്ട് ബസ് എടുത്തെന്നാണ് ഫാസില്‍ പൊലീസിനോട് പറഞ്ഞത്.
ജൂണ്‍ ഏഴിന് പുലര്‍ച്ചെ 2.50-നാണ് ബസ് മോഷണം പോയത്. ഡിപ്പോയ്ക്കുപുറത്ത് മദ്യശാലയ്ക്കുമുന്‍പില്‍ നിര്‍ത്തിയിട്ട ബസ് പിന്നീട് ടൗണ്‍ ബസ്സ്റ്റാന്‍ഡിന് സമീപം ഉപേക്ഷിച്ചു. മോഷണം നടക്കുന്നതിന് തൊട്ടുമുമ്പ് രണ്ടുപേര്‍ ഡിപ്പോ പരിസരത്തേക്ക് സ്‌കൂട്ടറില്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യവും സ്‌കൂട്ടറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫാസിലിനെക്കുറിച്ച് വിവരം ലഭിച്ചത്.
ബസില്‍ കയറി ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ത്തന്നെ സ്റ്റാര്‍ട്ടായെന്നും ഓടിക്കാന്‍ ആഗ്രഹം തോന്നിയപ്പോള്‍ മുന്നോട്ടെടുത്തെന്നും തെളിവെടുപ്പിനിടെ പ്രതി പറഞ്ഞു. മോഷ്ടിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ബസ് ഓടിച്ചിട്ടില്ലെങ്കിലും നേരത്തേ വലിയ വാഹനങ്ങള്‍ ഓടിച്ച് പരിചയമുണ്ടെന്നും ഫാസില്‍ പറഞ്ഞു. അധികൃതര്‍ ഉത്തരവാദിത്വമില്ലാതെ ബസ് വഴിയോരത്ത് നിര്‍ത്തിയിടാമോയെന്നും പ്രതി പൊലീസിനോട് ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates