കെഎസ്ആർടിസി പ്രിയദർശിനി ബസ് 
Kerala

കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ലെന്ന് ആക്ഷേപം: പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് സീറോ ടിക്കറ്റ് നിഷേധിച്ചു; സസ്പെൻഷൻ

തിരുപ്പതിയിൽ പോയി മുടിവെട്ടിയ പെൺകുട്ടിക്കാണ് ദുരനുഭവം; കൂടെയുണ്ടായിരുന്ന നാലുപേർക്ക് ടിക്കറ്റ് നൽകി

Author : സമകാലിക മലയാളം ഡെസ്ക്

പറവൂർ: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ യാത്ര ചെയ്യാനെത്തിയ സ്കൂൾ വിദ്യാർഥിനിയോട് കണ്ടക്ടറുടെ ക്രൂരമായ പെരുമാറ്റം. കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ലെന്ന് ആക്ഷേപിച്ച് വിദ്യാർഥിനിക്ക് സീറോ ടിക്കറ്റ് നിഷേധിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്ത കണ്ടക്ടർക്കെതിരെ പെൺകുട്ടി പറവൂർ പൊലീസിൽ പരാതി നൽകി. ആരോപണവിധേയനായ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. ഗുരുതര വീഴ്ചയുണ്ടായതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിൻറെ അന്വേഷണത്തിൽ കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിലാണ് നടപടി. കൂടെയുണ്ടായിരുന്ന മറ്റ് നാല് വിദ്യാർഥിനികൾക്ക് സൗജന്യ യാത്രയ്ക്കുള്ള സീറോ ടിക്കറ്റ് നൽകിയപ്പോഴാണ് തന്നോട് ടിക്കറ്റെടുക്കാൻ നിർബന്ധിക്കുകയും മോശമായി പെരുമാറുകയും ചെയ്തതെന്ന് വിദ്യാർഥിനി പരാതിയിൽ ചൂണ്ടിക്കാട്ടി.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പറവൂർ കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട പ്രിയദർശിനി ബസിലായിരുന്നു സംഭവം. വള്ളുവള്ളിയിലേക്ക് പോകാനായി അഞ്ച് വിദ്യാർഥിനികളാണ് ബസിൽ കയറിയത്. അടുത്തിടെ തിരുപ്പതി ക്ഷേത്രദർശനം നടത്തി തലമുടി മുണ്ഡനം ചെയ്തതിനാലാണ് പെൺകുട്ടിയെ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞ് കണ്ടക്ടർ തർക്കം തുടങ്ങിയത്. തങ്ങൾ ബസിൽ കയറിയപ്പോൾ കൂടെയുണ്ടായിരുന്ന നാലുപേർക്ക് കണ്ടക്ടർ സീറോ ടിക്കറ്റ് നൽകിയെന്നും, എന്നാൽ തനിക്ക് മാത്രം ടിക്കറ്റ് തരാൻ വിസമ്മതിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. താൻ പെൺകുട്ടിയാണെന്ന് പലതവണ പറഞ്ഞിട്ടും കണ്ടക്ടർ അത് കേൾക്കാൻ തയ്യാറായില്ല.

തുടർന്ന് മറ്റ് യാത്രക്കാരെ വിളിച്ചുവരുത്തി തന്നെ ചൂണ്ടിക്കാണിച്ച് ഇവളെ കണ്ടാൽ പെൺകുട്ടിയാണെന്ന് എങ്ങനെ മനസ്സിലാകുമെന്ന് ചോദിച്ച് പരിഹസിക്കുകയായിരുന്നു. നീ പെൺകുട്ടിയാണെന്നതിന് എന്താണ് ഉറപ്പെന്നും, വസ്ത്രം അഴിച്ചുനോക്കാൻ പറ്റില്ലല്ലോ, നെഞ്ചത്ത് എഴുതി ഒട്ടിച്ചുവെക്കണമെന്നുമടക്കം മോശമായ ഭാഷയിലാണ് കണ്ടക്ടർ സംസാരിച്ചതെന്ന് പെൺകുട്ടി പരാതിയിൽ വ്യക്തമാക്കുന്നു. കുട്ടികളോട് സംസാരിക്കാൻ പാടില്ലാത്ത രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടായതോടെ ഭയന്നുപോയ പെൺകുട്ടികൾ ഇറങ്ങേണ്ട സ്റ്റോപ്പിന് മുന്നേതന്നെ ബസിൽനിന്ന് ഇറങ്ങുകയായിരുന്നു.

ഇതിനിടെ ബസ് വഴിയരികിലേക്ക് ചേർത്തുനിർത്തി കണ്ടക്ടർക്ക് ചീത്തവിളിക്കാൻ ഡ്രൈവർ അവസരമൊരുക്കിയെന്നും ഇതുമൂലം റോഡിൽ വലിയ ഗതാഗതക്കുരുക്കുണ്ടായെന്നും പെൺകുട്ടി പറയുന്നു. ബസിലുണ്ടായിരുന്ന ചില യാത്രക്കാരും കണ്ടക്ടറുടെ ഭാഗം ചേർന്ന് തന്നെ അവഹേളിക്കുകയാണുണ്ടായത്. ഒപ്പമുണ്ടായിരുന്ന സഹപാഠികൾ തങ്ങൾക്ക് നേരിട്ട ദുരനുഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. സ്ത്രീത്വത്തെ പൊതുമധ്യത്തിൽ അപമാനിച്ച കണ്ടക്ടർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥിനി പൊലീസിനെ സമീപിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

A schoolgirl has lodged a formal police complaint against a KSRTC Priyadarshini bus conductor for allegedly denying her a free travel 'zero ticket' and grossly outraging her modesty with vulgar comments inside a moving bus in Paravur,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും 'വെള്ളി' അണിഞ്ഞ് മലയാളി താരം ആന്‍സി സോജന്‍!

കുല്‍ദീപിന് 4 വിക്കറ്റ്; കാര്യവട്ടത്ത് കളി ജയിക്കാൻ '296 റൺസ്'

അത്താഴം വൈകുന്നേരം അ‍ഞ്ച് മണിക്കപ്പുറം പോകരുത്, ​മുന്നറിയിപ്പുമായി ​ഗവേഷകർ

അമൃതാനന്ദമയി ദേവിയുടെ ലേഖന സമാഹാരം 'അമ്മ സ്പീക്‌സ്' പ്രകാശനം ചെയ്തു

മയക്കുമരുന്ന് കടത്ത് കേസ്: സൗദിയിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി