തിരുവനന്തപുരം: ലോകായുക്തയുടെ ഉന്നത തല യോഗം താന്‍ വിളിച്ചു ചേര്‍ത്തുവെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം നിഷേധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. അഞ്ജനമെന്നതെനിക്കറിയാം മഞ്ഞള് പോലെ വെളുത്തിരിക്കും എന്ന പഴഞ്ചൊല്ല് പോലെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണമെന്നും രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ആഭ്യന്തരമന്ത്രി എന്ന നിലയില്‍ താന്‍ ഇടപ്പെട്ടു ലോകായുക്തയുടെ യോഗം വിളിച്ചിട്ടില്ല. ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ആ യോഗം. സര്‍ക്കാരില്‍ നിന്നും അടിയന്തിരമായി ചില ഇടപെടലുകള്‍ വേണമെന്നും അവര്‍ക്ക് ഭരണനിര്‍വ്വഹണത്തിനുള്ള തടസങ്ങള്‍ നീക്കാന്‍ ഇത് അത്യാവശ്യമാണെന്നും ലോകായുക്ത ഔദ്യോഗികമായി ആവശ്യപ്പെട്ടതിനുസരിച്ചാണ് യോഗം നടന്നതെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.
ലോകായുക്തയുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുമാണ് യോഗം വിളിച്ചതെന്നാണ് പിണറായി ആരോപിക്കുന്നത്. എന്നാല്‍ മുമ്പ് നടന്ന ചില ' അട്ടിമറി'കളെക്കുറിച്ച് പറഞ്ഞു തരാമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 2006 ഓഗസ്റ്റില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ലോകായുക്തയുടെ യോഗം നടന്നിട്ടുണ്ട്. 2014 ല്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്ത ലോകായുക്തയുടെ യോഗവും നടന്നിട്ടുണ്ട്. പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി പലതവണ മീറ്റിംഗ് നടത്തിയിട്ടുണ്ട്. ഹൈക്കോടതിയെ സ്വാധീനിക്കാണാണ് അതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഞാന്‍ കൂടി പങ്കെടുത്ത ലോകായുക്ത യോഗത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. അദ്ദേഹത്തെപ്പൊലൊരാള്‍ ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഖേദകരമാണ്. ലോകായുക്തയുടെ ഉന്നത തല യോഗം ഞാന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തുവെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. ഇത് ലോകായുക്തയെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമമാണെന്നും അത്യന്തം ഗൗരവതരവും ജനാധിപത്യ വിരുദ്ധവുമാണെന്നാണ് അദ്ദേഹം തന്റെ പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. ലോകായുക്തയുടെ സ്വതന്ത്രസ്വഭാവത്തെ അട്ടിമറിക്കാനാണ് ഈ യോഗമെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചിരിക്കുന്നത്.
അഞ്ജനമെന്നതെനിക്കറിയാം മഞ്ഞള് പോലെ വെളുത്തിരിക്കും എന്ന പഴഞ്ചൊല്ല് പോലെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ഞാന്‍ ഇടപ്പെട്ടു ലോകായുക്തയുടെ യോഗം വിളിച്ചിട്ടില്ല. ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ആ യോഗം. കാരണം സര്‍ക്കാരില്‍ നിന്നും അടിയന്തിരമായി ചില ഇടപടെലുകള്‍ വേണമെന്നും അവര്‍ക്ക് ഭരണനിര്‍വ്വഹണത്തിനുള്ള തടസങ്ങള്‍ നീക്കാന്‍ ഇത് അത്യാവശ്യമാണെന്നും ലോകായുക്ത ഔദ്യോഗികമായി ആവശ്യപ്പെട്ടതിനുസരിച്ചാണ് ഈ യോഗം നടന്നത്.
ലോകായുക്തയുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനും , ലോകായുക്തയുടെ നിക്ഷപക്ഷത അട്ടിമറിക്കാനും വേണ്ടിയാണത്രെ ആ യോഗം നടന്നത്. എങ്കില്‍ ഇതിനുമുമ്പ് നടന്ന ചില ' അട്ടിമറി'കളെക്കുറിച്ച് ഞാന്‍ അങ്ങേക്ക് പറഞ്ഞു തരാം. ഇതിന് മുമ്പ് ഇത്തരത്തില്‍ യോഗങ്ങള്‍ നടന്നിട്ടുണ്ട്. 2006 ആഗസ്റ്റ് മാസം ഒന്നാം തീയതി അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ലോകായുക്തയുടെ യോഗം നടന്നിട്ടുണ്ട്. അന്നത്തെ ലോകായുക്ത ജസ്റ്റിസ് കെ ശ്രീധരന്‍, ഉപലോകായുക്തമാരായ ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ എ മുഹമ്മദ് ഷാഫി, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും മറ്റു ഉന്നത ഉദ്യോഗസ്ഥരുമാണ് ആ യോഗത്തില്‍ പങ്കെടുത്തത്. അന്ന് അങ്ങ് സര്‍വ്വശക്തനായ പാര്‍ട്ടി സെക്രട്ടറിയായിരുന്നു. അന്നത്തെ അഭ്യന്തരമന്ത്രി അങ്ങയുടെ വിശ്വസ്തനായ അനുയായിയും. അതിനെക്കുറിച്ച് കൂടുതല്‍ പറയേണ്ടല്ലോ.
അത് പോലെ തന്നെ 2014 ജൂലായ് മാസം 27 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത ലോകായുക്തയുടെ യോഗം നടന്നു. ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസും ഉപലോകായുക്തമാരും ഈ യോഗത്തിലുണ്ടായിരുന്നു. അന്നത്തെ ഹോം സെക്രട്ടറിയും, ലോ സെക്രട്ടറിയും ഈ യോഗത്തിനുണ്ടായിരുന്നു. വല്ല 'അട്ടിമറി'യും അവിടെ നടന്നതായി അങ്ങേക്ക് അറിവ് കിട്ടിയിരുന്നോ?
അതിന് ശേഷം കഴിഞ്ഞ 23 നാണ് ഞാന്‍ പങ്കെടുത്ത യോഗം നടന്നത് . അതില്‍ ലോകായുക്ത ജസ്റ്റിസ് അനില്‍ കുമാര്‍ ഉപലോകായുക്തമാരായ ജസ്റ്റിസ് അശോക മേനോന്‍, ജസ്റ്റിസ് ഷേര്‍സി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസിഫ് ആലി ലോ സെക്രട്ടറി പി എന്‍ വിനോദ്, ഫിനാന്‍സ് അഡീഷണല്‍ സെക്രട്ടറി എം ഗീതാ , വിജിലന്‍സ് അഡീഷണല്‍ സെക്രട്ടറി ജോസ്സി കളത്തിങ്കല്‍, ലോകായുക്ത രജിസ്ട്രാര്‍ ഇ ബൈജു തുടങ്ങിയവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഇനി അങ്ങ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി പലതവണ മീറ്റിംഗ് നടത്തിയിട്ടുണ്ട്. ഹൈക്കോടതിയെ സ്വാധീനിക്കാണാണ് അതെന്ന് ആരും പറഞ്ഞിട്ടില്ല. ഭരണപരമായ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ പല മീറ്റിംഗുകളും ഉണ്ടാകും.
ഇനി എന്താണ് ഇപ്പോള്‍ താങ്കള്‍ നടന്നു എന്ന് പറയുന്ന 'അട്ടിമറി'യെന്ന് കൂടി പറഞ്ഞു തരാം. കഴിഞ്ഞ പത്തുവര്‍ഷമായി ലോകായുക്തയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ട ഭരണപരമായി കാര്യങ്ങളെല്ലാം മുടങ്ങിക്കിടക്കുകയായിരുന്നു.
അങ്ങ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലോകായുക്തയുമായി ബന്ധപ്പെട്ട് അവരുടെ ആവശ്യങ്ങളൊന്നും തന്നെ പരിഗണിക്കാന്‍ കൂട്ടാക്കിയില്ല. അങ്ങയുടെ സര്‍ക്കാരിന്റെ ഈ നിസഹകരണം ലോകായുക്തയുടെ കാര്യ നിര്‍വ്വഹണത്തില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കി. ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന ഭേദഗതികൊണ്ടുവന്നത് ഏത് സാഹചര്യത്തിലാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുന്‍ മന്ത്രി കെ ടി ജലീല്‍ നടത്തിയ അധികാര ദുര്‍വ്വിനിയോഗമുള്‍പ്പെടെയുള്ളവ ലോകായുക്തയുടെ മുമ്പിലെത്തിയപ്പോഴായിരുന്നു അത്. ആ ഓര്‍മ്മ കൊണ്ടായിരിക്കും അട്ടിമറിയൊന്നൊക്കെ ഇപ്പോള്‍ പറയുന്നത്.
ഈ സംഭവവികസങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരു യോഗം വിളിക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടതും സര്‍ക്കാര്‍ അംഗീകരിച്ചതും. ഇതാണ് ആ യോഗത്തില്‍ ലോകായുക്ത മുന്നോട്ടവച്ച കാര്യങ്ങള്‍ അഥവാ അങ്ങയുടെ ഭാഷയില്‍ പറഞ്ഞാല്‍ അട്ടിമറി.
1. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ലഭിക്കുന്ന പരാതികള്‍/ഹര്‍ജികള്‍, 1999-ലെ കേരള ലോകായുക്ത നിയമത്തിലെ 7(3)ാം വകുപ്പ് പ്രകാരം അന്വേഷണത്തിനായി കേരള ലോകായുക്തയ്ക്ക് കൈമാറണം.
2. കേരള ലോകായുക്തയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടിക്രമങ്ങള്‍ (Contempt Rules) തയ്യാറാക്കുന്നത് വേഗത്തിലാക്കണം.
3. ലോകായുക്തയുടെ സ്പെഷ്യല്‍ അറ്റോര്‍ണി ഓഫീസിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം.
4. ലോകായുക്തയുടെ അന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായി വാഹനങ്ങള്‍ വാങ്ങണം.
5. ലോകായുക്തയുടെ അന്വേഷണ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് യൂണിഫോം അലവന്‍സ് അനുവദിക്കണം.
6. ലോകായുക്തയിലെ ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ സംബന്ധിച്ച പ്രത്യേക ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്നത് വേഗത്തിലാക്കണം.
7. 'കേരള ലോകായുക്ത (സ്വത്തുവിവര പ്രസ്താവന സമര്‍പ്പിക്കല്‍) ഭേദഗതി ചട്ടങ്ങള്‍, 2024' വിജ്ഞാപനം ചെയ്യുന്നത് വേഗത്തിലാക്കണം.
8. യാത്രാബത്ത (T.A.) സംബന്ധിച്ച പരമാവധി പരിധിയില്‍ (ceiling limit) ഇളവ് നല്‍കണം.
9. കേരള ലോകായുക്തയുടെ പ്രവര്‍ത്തനം ഡിജിറ്റല്‍വല്‍ക്കരിക്കണം.
ബഹുമാനപ്പെട്ട പിണറായി വിജയന്‍ കണ്ണടച്ചു ഇരുട്ടാക്കിയാല്‍ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates