Sanitary Waste Crisis Kerala 
Kerala

കേരളത്തിൽ പ്രതിദിനം കുന്നുകൂടുന്നത് 200 ടൺ ഡയപ്പർ മാലിന്യങ്ങൾ: ശാസ്ത്രീയ സംസ്കരണത്തിന് സംസ്ഥാനത്ത് സംവിധാനങ്ങളില്ല

ഒരു പാഡ് മണ്ണിലലിഞ്ഞ് ഇല്ലാതാകാൻ 400 വർഷം വേണം; അടങ്ങിയിരിക്കുന്നത് 75 ശതമാനവും പ്ലാസ്റ്റിക്കും അപകടകരമായ പോളിമറുകളും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: ആർത്തവകാലത്ത് ഉപയോഗിക്കുന്ന സാനിറ്ററി പാഡുകൾ, ടാംപോണുകൾ, കുഞ്ഞുങ്ങൾക്കും വയോധികർക്കും കിടപ്പുരോഗികൾക്കുമായി ഉപയോഗിക്കുന്ന ഡയപ്പറുകൾ എന്നിവയുടെ ഉപയോഗം ക്രമാതീതമായി വർധിക്കുമ്പോഴും ഇവ ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യാൻ സംവിധാനങ്ങളില്ലാതെ സംസ്ഥാനം കടുത്ത പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക്. മനുഷ്യ വിസർജ്യങ്ങളും ശരീരസ്രവങ്ങളും സുരക്ഷിതമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഈ ഉൽപ്പന്നങ്ങൾ ഉപയോഗശേഷം എന്തുചെയ്യണമെന്നറിയാതെ ജനങ്ങളും തദ്ദേശ സ്ഥാപനങ്ങളും വലിയ വെല്ലുവിളിയാണ് നേരിടുന്നത്

കേരളത്തിൽ മാത്രം പ്രതിദിനം ഏകദേശം 200 ടൺ ഡയപ്പർ മാലിന്യങ്ങളാണ് ഉണ്ടാകുന്നത് എന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഒരാളുടെ ആകെ ജീവിതകാലത്തെ ശരാശരി കണക്കാക്കിയാൽ ഒരു പുരുഷൻ 4,000 മുതൽ 13,300 വരെയും, ഒരു സ്ത്രീ 15,000 മുതൽ 32,000 വരെയും സാനിറ്ററി ഉൽപ്പന്നങ്ങളാണ് മാലിന്യമായി ഉപേക്ഷിക്കുന്നത്. ഉപയോഗശേഷം മണ്ണിലേക്ക് വലിച്ചെറിയപ്പെടുന്ന ഇത്തരം പാഡുകളും ഡയപ്പറുകളും പൂർണ്ണമായി ജീർണ്ണിച്ചു മണ്ണിലലിയാൻ 400 വർഷത്തോളമെടുക്കും. വിപണിയിൽ ലഭിക്കുന്ന സാനിറ്ററി പാഡുകളുടെ 75 ശതമാനവും പ്ലാസ്റ്റിക് നിർമ്മിതമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന സോഡിയം പോളി അക്രിലേറ്റ്, പോളി പ്രൊപ്പിലീൻ, പോളിത്തീൻ, പോളിയൂറത്തീൻ, പോളിയെസ്റ്റർ തുടങ്ങിയ കൃത്രിമ രാസഘടകങ്ങൾ മണ്ണിലും ജലാശയങ്ങളിലും കലരുന്നത് അതീവ മാരകമാണ്.

സംസ്ഥാനത്തെ ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭകളിലും വീടുകളിൽ നിന്ന് സാനിറ്ററി മാലിന്യങ്ങൾ നേരിട്ട് ശേഖരിക്കാനുള്ള യാതൊരു സംവിധാനവുമില്ല. തദ്ദേശസ്ഥാപനങ്ങളുടെ ഇത്തരം അനാസ്ഥ കാരണം ജനങ്ങൾ ഇത് വീട്ടുപറമ്പുകളിൽ കുഴിച്ചിടുകയോ, ആളൊഴിഞ്ഞ പറമ്പുകളിലും ജലാശയങ്ങളിലും വലിച്ചെറിയുകയോ, അല്ലെങ്കിൽ തുറസായ സ്ഥലങ്ങളിൽ കൂട്ടിയിട്ട് കത്തിക്കുകയോ ചെയ്യുകയാണ്. ശരീരസ്രവങ്ങളും അപകടകരമായ രോഗാണുക്കളും പ്ലാസ്റ്റിക്കും വിഷപ്പുകയുമെല്ലാം അന്തരീക്ഷത്തിലും മണ്ണിലും വെള്ളത്തിലും കലരുന്നത് വലിയ തോതിലുള്ള പകർച്ചവ്യാധികൾക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു.

നിലവിൽ സംസ്ഥാനത്ത് സാനിറ്ററി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ സാധിക്കുന്ന ഒരേയൊരു ആധുനിക പ്ലാന്റ് മാത്രമാണ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ക്ലീൻ കേരള കമ്പനിയുടെ നിയന്ത്രണത്തിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രവർത്തനമാരംഭിച്ച പ്ലാന്റാണിത്. വർക്കല നഗരസഭയിലെയും സമീപത്തെ പഞ്ചായത്തുകളിലെയും വീടുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന സാനിറ്ററി മാലിന്യങ്ങൾ ഇവിടെ അതിസുരക്ഷിതമായി സംസ്കരിക്കുന്നു. പ്രതിദിനം രണ്ട് ടൺ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയാണ് ഈ കേന്ദ്രത്തിനുള്ളത്.

ഉയർന്ന താപനിലയിലുള്ള ഇൻസിനറേറ്ററിൽ മാലിന്യങ്ങൾ കത്തിച്ച് ചാരമാക്കുകയാണ് ഇവിടെ ചെയ്യുന്നത്. കത്തുമ്പോഴുണ്ടാകുന്ന വിഷപ്പുക പ്രത്യേക സ്ക്രബ്ബിംഗ് യൂണിറ്റ് വഴി ശുദ്ധീകരിച്ച ശേഷം 30 മീറ്റർ ഉയരമുള്ള പുകക്കുഴലിലൂടെ പുറന്തള്ളുന്നു. ഈ പുകയിൽ വിഷാംശമില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കൃത്യമായി ഉറപ്പുവരുത്തുന്നുണ്ട്. സംസ്കരണത്തിന് ശേഷം അവശേഷിക്കുന്ന ചാരം മണ്ണുമായി ചേർത്ത് റോഡ് നിർമ്മാണത്തിനും ഉപയോഗിക്കുന്നു. വർക്കലയിലെ പ്ലാന്റ് മാലിന്യ നിർമ്മാർജ്ജനത്തിൽ വലിയൊരു മാതൃകയാണെങ്കിലും, ദിനംപ്രതി 200 ടണ്ണിലധികം സാനിറ്ററി മാലിന്യങ്ങൾ പുറന്തള്ളുന്ന കേരളത്തിൽ ഇത്തരം പ്ലാന്റുകൾ എല്ലാ ജില്ലകളിലും യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിച്ചില്ലെങ്കിൽ നാട് വലിയൊരു പാരിസ്ഥിതിക ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

Kerala is confronting an escalating environmental and public health crisis due to the critical shortage of scientific disposal mechanisms for sanitary and diaper waste

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം; എംഎ ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

രണ്ട് പാക് നുഴഞ്ഞുകയറ്റുകാരെ വെടിവച്ച് കൊലപ്പെടുത്തി സുരക്ഷാസേന; പ്രദേശത്ത് തിരച്ചില്‍

രാജ്യത്ത് നല്ല നടന്മാര്‍ കുറേയുണ്ട്, പക്ഷെ മോഹന്‍ലാലിനേക്കാള്‍ മികച്ചതായി ആരുമില്ല: ബോണി കപൂർ

മുട്ടത്തോട് കളയല്ലേ; ചെടികള്‍ക്ക് ജീവനേകാന്‍ 6 രീതിയില്‍ ഉപയോഗിക്കാം

'മരണക്കടലിൻ അകലെ മറുകരയോ?'; 'ബാച്ച്‌ലർ പാർട്ടി Deux' ലെ ആ​ദ്യ ​ഗാനമെത്തി, പാടിയിരിക്കുന്നത് മംമ്തയും ശ്രീനാഥ് ഭാസിയും