കൊച്ചി: ഡല്‍ഹിയിലേക്ക് താന്‍ കരിക്ക്, കശുവണ്ടി തുടങ്ങിയ സാധനങ്ങളൊക്കെ കൊണ്ടു പോകാറുണ്ടെങ്കിലും ഇതുവരെ മീന്‍ കൊണ്ടു പോയിട്ടില്ലെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. തിരുത കൊടുത്ത് സീറ്റു സംഘടിപ്പിച്ചെന്നും പാര്‍ട്ടിയില്‍ സ്വീധീനമുണ്ടാക്കിയെന്നെല്ലാം തനിക്കു നേരെ ഉയര്‍ന്ന പരിഹാസങ്ങളെ ചിരിച്ചു തള്ളുകയാണ് ചെയ്തിട്ടുള്ളതെന്ന് കെവി തോമസ് പറഞ്ഞു. സമകാലിക മലയാളവുമായുള്ള അഭിമുഖത്തിലാണ് കെവി തോമസിന്‍റെ തുറന്നു പറച്ചില്‍. തനിക്കു തിരുതത്തോമ എന്നു വട്ടപ്പേര് വീണതെങ്ങനെയെന്ന് തോമസ് മാഷ് പറയുന്നത് ഇങ്ങനെ:
2001ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലം. അന്ന് സീറ്റ് പ്രതീക്ഷിച്ച കുറേ നേതാക്കന്മാര്‍ എറണാകുളത്ത് ഉണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വം എറണാകുളം സീറ്റ് എനിക്ക് തന്നപ്പോള്‍ അതില്‍ ചിലര്‍ക്കത് ഇഷ്ടപ്പെട്ടില്ല. അവര്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. അതില്‍ 2 ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍ ഉണ്ടായിരുന്നു. ഇവര്‍ കുറേ മത്സ്യതൊഴിലാളികളെയും കൂട്ടി തിരുതയും പിടിച്ച് അത് കൈയ്യില്‍ ഉയര്‍ത്തി പിടിച്ച് പ്രതിഷേധ ജാഥ നടത്തി.
മാഷ് കരുണാകരന്‍ വഴി സോണിയ ഗാന്ധിക്ക് തിരുത കൊടുത്ത് സ്വാധീനിച്ച് സീറ്റ് ഒപ്പിച്ചെടുത്തതാണെന്നും പറഞ്ഞ് മുദ്രാവാക്യം വിളിയായി... കൈയ്യില്‍ തിരുതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധ ജാഥ. ഇത് ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ അങ്ങോട്ട് വൈറല്‍ ആയി... അതോടെ എനിക്കൊരു ഇരട്ട പേര് വീണു. തിരുതത്തോമ.
ഞാന്‍ അതിനെ ചിരിച്ചു തള്ളുകയാ ചെയ്തത്.... തിരുത മാത്രമല്ലേ താന്‍ കൊടുത്തുള്ളൂ എന്ന് ലളിതമായി അതിനോട് പ്രതികരിച്ചു. അന്ന് മുതലാണ് തിരുതയുമായി ബന്ധപ്പെടുത്തി എന്നെ കുറിച്ച് കഥകള്‍ പുറത്തു വരാന്‍ തുടങ്ങിയത്. സത്യത്തില്‍ സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല. ഡല്‍ഹിയിലേക്ക് ഞാന്‍ കരിക്ക്, കശുവണ്ടി തുടങ്ങിയ സാധനങ്ങളൊക്കെ കൊണ്ടു പോകാറുണ്ട്. അല്ലാതെ ഇതുവരെ മീന്‍ കൊണ്ടു പോയിട്ടില്ല. പ്രത്യേകിച്ച് തിരുത..
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എറണാകുളം മാര്‍ക്കറ്റില്‍ എത്തിയ രമേശ് ചെന്നിത്തല ഇതില്‍ ഏതാ തിരുത എന്ന് ചോദിച്ച് പരിഹസിച്ചിരുന്നു. തന്നെ തിരുതത്തോമ എന്ന് വിളിക്കുന്നതില്‍ തനിക്ക് പ്രയാസം ഒന്നും ഇല്ല. പക്ഷേ, മത്സ്യത്തൊഴിലാളികളെ വിലകുറച്ച് കാണുന്നതില്‍ വിഷമം ഉണ്ട്. പ്രളയദുരന്ത സമയത്ത് സ്വന്തം ജീവന്‍ പോലും പണയം വെച്ച് കേരളത്തെ രക്ഷിച്ചവരാണ് മത്സ്യത്തൊഴിലാളികള്‍. അത് രമേശ് മറന്നു. പിന്നീട് അദ്ദേഹം എന്നെ ഫോണില്‍ വിളിച്ച് താന്‍ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates