തൊടുപുഴ: മൂന്നാറില്‍ മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ രണ്ട് ടാക്സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. മൂന്നാര്‍ സ്വദേശികളായ വിനായകന്‍, വിജയകുമാര്‍ എന്നിവരാണ് പിടിയിലായത്. കേരള സന്ദര്‍ശനത്തിനിടെയുണ്ടായ ദുരനുഭവം അസിസ്റ്റന്റ് പ്രൊഫസറായ ജാന്‍വി സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച വീഡിയോ വലിയ ചര്‍ച്ചയായിരുന്നു,
മൂന്നാര്‍ സന്ദര്‍ശന വേളയില്‍ ഓണ്‍ലൈന്‍ ടാക്സിയില്‍ യാത്ര ചെയ്തപ്പോള്‍ പ്രദേശവാസികളായ ടാക്സി ഡ്രൈവര്‍മാരില്‍ നിന്നും പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവമായിരുന്നു യുവതി വിഡിയോയില്‍ പങ്കുവച്ചത്. ഓണ്‍ലൈനായി ബുക്ക് ചെയ്ത ടാക്സിയില്‍ കൊച്ചിയും ആലപ്പുഴയും സന്ദര്‍ശിച്ച ശേഷമാണ് ജാന്‍വിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയന്‍ സംഘം ഇവരെ അപ്രതീക്ഷിതമായി തടയുകയായിരുന്നു. സ്ഥലത്തെ ടാക്സി വാഹനത്തില്‍ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇതോടെ മറ്റൊരു ടാക്സി വാഹനത്തില്‍ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു കേരളയാത്ര അവസാനിപ്പിച്ചു മടങ്ങിയെന്നും ജാന്‍വി പറഞ്ഞിരുന്നു. വീഡിയോ ചര്‍ച്ചയായതിന് പിന്നാലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എഎസ്ഐ സാജു പൗലോസിനും ഗ്രേഡ് എസ്ഐ ജോര്‍ജ് കുര്യനുമെതിരെയാണ് നടപടി. യുവതിയുടെ ആരോപണം മുന്‍നിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഘത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates