കൊല്ലം: എസ്എന്‍ഡിപി യോഗത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തെരുവിലിട്ട് ആക്ഷേപിക്കുന്നതില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സവര്‍ണ ഫ്യൂഡല്‍ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
'എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് സതീശന്‍ സ്വീകരിക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളിലൂന്നി രാജ്യംമുഴുവന്‍ പ്രചരണം നടത്തുന്ന ലോക് സഭ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടേയും, പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയായ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെയും അറിവോടെയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്നും' വെള്ളാപ്പള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ ഉള്‍പ്പെടെ അര്‍ഹമായ നീതി ഉറപ്പാക്കുമെന്നു പറഞ്ഞു പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിയെ സതീശന്‍ വെല്ലുവിളിക്കുകല്ലേയെന്നും ശ്രീനാരായണഗുരുദേവ തൃക്കരങ്ങളാല്‍ സ്ഥാപിതമായ എസ്എന്‍ഡിപി യോഗത്തെ മാത്രമല്ല ഗുരുദേവ ദര്‍ശനങ്ങളെകൂടിയാണ് സതീശന്‍ ആക്ഷേപിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു.
വെള്ളാപ്പള്ളി നടേശന്റെ കുറിപ്പ്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എസ്.എന്‍.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. സവര്‍ണ ഫ്യൂഡല്‍ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേത്. എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് സതീശന്‍ സ്വീകരിക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളിലൂന്നി രാജ്യംമുഴുവന്‍ പ്രചരണം നടത്തുന്ന ലോക് സഭ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടേയും, പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയായ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെയും അറിവോടെയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമാക്കണം.
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ ഉള്‍പ്പെടെ അര്‍ഹമായ നീതി ഉറപ്പാക്കുമെന്നു പറഞ്ഞു പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിയെ സതീശന്‍ വെല്ലുവിളിക്കുകല്ലേ ഇതിലൂടെ ചെയ്യുന്നത്. ശ്രീനാരായണഗുരുദേവ തൃക്കരങ്ങളാല്‍ സ്ഥാപിതമായ എസ്.എന്‍.ഡി.പി യോഗത്തെ മാത്രമല്ല ഗുരുദേവ ദര്‍ശനങ്ങളെകൂടിയാണ് സതീശന്‍ ആക്ഷേപിക്കുന്നത്.
ഇതാദ്യമായല്ല സതീശന്‍ എസ്.എന്‍.ഡി.പി യോഗത്തെ ആക്ഷേപിക്കുന്നത്. പറവൂരില്‍ ഉള്‍പ്പെടെ ഈഴവ സമുദായത്തിന്റെ പിന്തുണ മറന്നുകൊണ്ടാണ് സതീശന്റെ നീക്കങ്ങള്‍. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ തുടച്ചു നീക്കിയ ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്കു കേരളത്തെ തിരികെ വീണ്ടും കൊണ്ടുപോകാനാണു സതീശന്റെ ശ്രമം. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്നു വീമ്പിളക്കുന്ന സതീശന്‍ എന്‍ .എസ്.എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂര്‍ തിണ്ണ നിരങ്ങിയ കഥ പുറത്തു വന്നുകഴിഞ്ഞു.
കൊച്ചിയില്‍ സിറോ മലബാര്‍ സഭയുടെ സിനഡ് നടന്നപ്പോള്‍ അവിടെ മറ്റൊരു കാറില്‍ ആരും അറിയാതെ സതീശന്‍ പോയത് എന്തിനാണെന്നും വെളിപ്പെടുത്തണം. ആരുമറിയാതെ തിണ്ണ നിരങ്ങുന്ന സതീശന്റെ ഇരട്ടമുഖമാണിത്. എസ്.എന്‍.ഡി.പി യോഗത്തെ ആക്ഷേപിക്കുന്ന സതീശന്‍, ശിവഗിരിയില്‍ പ്രസംഗിക്കാന്‍ പോയപ്പോള്‍ എന്തുകൊണ്ട് ഇതേ നിലപാട് സ്വീകരിച്ചില്ല.അതു സതീശന്റെ പ്രീണന നയവും ഇരട്ടത്താപ്പുമാണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ എസ്.എന്‍.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates