VM Sudheeran Praises Aloysius Screen Grab
Kerala

അലോഷ്യസ് സേവ്യറെ വേദിയിലേക്ക് ക്ഷണിച്ച് കൈകൊടുത്ത് സുധീരൻ; 'നിലപാടുകൾ ആർജ്ജവത്തോടെ പറയുന്ന നേതാവ്' എന്ന് പ്രശംസ

പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന് കെസി വേണുഗോപാൽ; പരാതി മുഖ്യമന്ത്രി പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനും കെഎസ്‌യുവും തമ്മിലുള്ള ആഭ്യന്തര പോര് കോൺഗ്രസിൽ പുതിയ ചർച്ചകൾക്ക് വഴിമാറുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ മുതിർന്ന കോൺഗ്രസ് നേതാവ് വിഎം. സുധീരൻ പരസ്യമായി പ്രശംസിച്ചതാണ് പുതിയ വഴിത്തിരിവായത്. തേവരയിലെ കോളേജ് പരിപാടിക്കെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മടങ്ങിയെന്ന വിവാദം നിലനിൽക്കെയായിരുന്നു ഇരുവരും പുതുപ്പള്ളിയിലെ അനുസ്മരണ ചടങ്ങിനെത്തിയത്. പരിപാടിക്കെത്തിയ അലോഷ്യസിന് സംഘാടകർ വേദിയിൽ ഇരിപ്പിടം നൽകിയിരുന്നില്ല. തുടർന്ന് സ്റ്റേജിനു താഴെ കാണികളിലൊരാളായി ഇരിക്കുകയായിരുന്നു കെഎസ്‌യു അധ്യക്ഷൻ .

അലോഷ്യസിനെ വേദിയിലേക്ക് ആനയിച്ച് സുധീരൻ; എരിതീയിൽ എണ്ണയൊഴിച്ച് പുകഴ്ത്തൽ

അലോഷ്യസ് സേവ്യർ സദസ്സിൽ താഴെ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മുതിർന്ന നേതാവ് വി.എം. സുധീരൻ ഉടൻ തന്നെ ഇടപെടുകയും അദ്ദേഹത്തെ ആദരവോടെ സ്റ്റേജിലേക്ക് ക്ഷണിക്കുകയുമായിരുന്നു. കെ.എസ്.യുവിന്റെ പോരാട്ട വീര്യത്തെ ഉയർത്തിക്കാട്ടിയ സുധീരൻ, "തന്റെ നിലപാടുകൾ ആർജ്ജവത്തോടെ തുറന്നുപറയുന്ന നേതാവാണ് അലോഷ്യസ് സേവ്യർ" എന്ന് പരസ്യമായി പ്രശംസിക്കുകയും ചെയ്തു. അലോഷ്യസിന് കൈകൊടുത്ത ശേഷമായിരുന്നു സുധീരൻറെ പ്രശംസ.

മനോവിഷമം ഉണ്ടാക്കരുത്, പരാതികൾ പാർട്ടി വേദിയിൽ പറയണം: കെസി വേണുഗോപാൽ

അതേസമയം, കോൺഗ്രസിനകത്തെയും പോഷക സംഘടനകളിലെയും പരസ്യമായ തർക്കങ്ങളിൽ മുന്നറിയിപ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. കെ.എസ്.യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന ചില കാര്യങ്ങൾ സമീപദിവസങ്ങളിൽ ഉണ്ടായിട്ടുണ്ടാകാമെന്ന് അദ്ദേഹം സമ്മതിച്ചു.

ഇത്തരം ആഭ്യന്തര പ്രശ്നങ്ങൾ പൊതുമധ്യത്തിൽ ചർച്ചയാക്കാതെ ബന്ധപ്പെട്ട പാർട്ടി വേദികളിലാണ് ആദ്യം ഉന്നയിക്കേണ്ടത്. അവിടെവച്ച് തന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം. കേരളത്തിലെ ജനങ്ങളാകെ വലിയ പ്രതീക്ഷയോടെ കാണുന്ന ഒരു സർക്കാരാണ് നമ്മുടേത്. അതുകൊണ്ടുതന്നെ നമ്മുടെ ഭാഗത്തുനിന്ന് യാതൊരുവിധ അലോസരങ്ങളും ഉണ്ടാകാൻ പാടില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി സജീവമായി ശ്രമിക്കും. പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത് - കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

അഭിപ്രായം പറയുന്നതിൽ തെറ്റില്ല, രീതി മാറണം: രമേശ് ചെന്നിത്തല

വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കെ.എസ്.യുവിന് തങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും പറയുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് ചെന്നിത്തല പറഞ്ഞു.

കെ.എസ്.യുവിന് എന്തെങ്കിലും തരത്തിലുള്ള പരാതികൾ ഉണ്ടെങ്കിൽ അത് പാർട്ടി ഗൗരവമായി പരിശോധിക്കും. പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ മുൻകൈ എടുക്കുമെന്നാണ് തന്റെ വിശ്വാസം. എങ്കിലും സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിന് ചില രീതികളുണ്ട്. പരസ്യമായി പ്രതികരിക്കുന്നതിന് പകരം മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാവുന്നതേയുള്ളൂ എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

The ongoing friction between Chief Minister V.D. Satheesan and the KSU leadership took center stage during the Oommen Chandy commemoration in Puthuppally. KSU State President Aloysius Xavier, who was allegedly snubbed by CM Satheesan at a recent college event in Thevara, arrived at the venue only to find he wasn't allotted a seat on the dais.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നാളെ മുതൽ നേരിയ ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

കർക്കടക മാസത്തിലെ കുളിക്ക് പ്രത്യേകതയുണ്ടോ? ശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ?

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപണം; യൂട്യൂബർ ചെകുത്താന് മർദനം

ബാങ്ക് എഫ്ഡിയേക്കാള്‍ കൂടുതല്‍ പലിശ; ആര്‍ബിഐ ഫ്ലോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടുകളെ അറിയാം

മുൻ പ്രവാസിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി