തൃശൂർ: കൊടുങ്ങല്ലൂരിൽ ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ പടാകുളം സ്വദേശി അരുൺ, പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി ആദർശ് എന്നിവർ പിടിയിലായത്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും, തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സംഘം ദേശീയ പാതയിൽ കൊടുങ്ങല്ലൂർ ബൈപ്പാസിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. ബൈപ്പാസിൽ വാഹന പരിശോധനയ്ക്കിടെ നിറുത്താതെ പോകാൻ ശ്രമിച്ച ബൈക്കിന് കുറുകെ പൊലീസ് ജീപ്പിട്ട് തടഞ്ഞിട്ടും ഇവർ പൊലീസുകാരെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ ഇവരെ കീഴടക്കുകയായിരുന്നു.
ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പനക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്. പ്രതികളിൽ ഒരാളായ ആദർശ് എറണാകുളം കാക്കനാട് മുറിയെടുത്ത് താമസിച്ചു ആലപ്പുഴയിലെ കോളജിൽ ബിരുദ പഠനം നടത്തുകയാണ്. കോളജിലും താമസ സ്ഥലത്തും ഇയാൾ മയക്കുമരുന്ന് ചില്ലറ വിൽപ്പന നടത്തിവന്നിരുന്നതായും പൊലീസ് പറഞ്ഞു. ഹാഷിഷിൻ്റെ ഉറവിടത്തെപറ്റിയും പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെയും കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates