ഫയല്‍ ചിത്രം 
Kerala

കനത്ത മഴ: അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിന് സജ്ജരാകാന്‍ പൊലീസിന് നിര്‍ദേശം 

സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ എല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദേശം നല്‍കി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ എല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദേശം നല്‍കി. മണ്ണിടിച്ചില്‍ സാധ്യതയുളളതിനാല്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായിരിക്കാനും നിര്‍ദ്ദേശമുണ്ട്. 
    
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങള്‍, വെളിച്ച സംവിധാനം എന്നിവയും കരുതും. 

താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. ആവശ്യത്തിന്  ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ മറ്റ് ഉപകരണങ്ങളും ശേഖരിക്കാന്‍ എല്ലാ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു

അതിശക്തമായ മഴയ്ക്കും മോശം കാലവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ ഉത്തരവിറക്കി. ജില്ലയിലെ മലയോര-നദീതീര-കായലോര-തീരദേശ വിനോദസഞ്ചാര മേഖലകളിലേക്കുള്ള യാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


റെഡ് അലര്‍ട്ട് 

തിരുവനന്തപുരം ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത്റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.

അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നത്തിന്റെ ഭാഗമായി തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതായിരിക്കും. വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ആമിയും നിരഞ്ജനും ഡെന്നീസും ഉടനെ എത്തും; 'സമ്മർ ഇൻ ബത്‍ലഹേം' റീ റിലീസ് ഫസ്റ്റ് ലുക്ക്

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

SCROLL FOR NEXT