ന്യൂയോർക്ക് : ലോകത്തെ ചുരുളഴിയാത്ത രഹസ്യങ്ങളിലൊന്നാണ് വടക്കന്‍ അറ്റ്‌ലാന്റിക് മേഖലയിലെ ബര്‍മൂഡ ട്രയാങ്കിള്‍. 5 ലക്ഷം മുതല്‍ 15 ലക്ഷംവരെ ചതുരശ്ര മൈല്‍ വ്യാപിച്ചുകിടക്കുന്ന തൃകോണാക്രിതിയിലുള്ള മേഖലയില്‍ കാണാതായത് നിരവധി വിമാനങ്ങളും കപ്പലുകളുമാണ്. സാധാരണ സമുദ്രനിരപ്പിനേക്കാള്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപിന്റ രഹസ്യം വെളിപ്പെടുത്തുകയാണ് ഗവേഷകര്‍.
കടലിനടിയിലെ ഭൂവിസ്‌ഫോടനങ്ങളിലൂടെ രൂപം കൊണ്ട ബര്‍മൂഡ ട്രയാങ്കിളില്‍ ഒളിഞ്ഞുകിടക്കുന്ന അത്യപൂര്‍വ്വ ഭൗമഘടനയാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഇതോടെ ഈ പ്രദേശത്തെ സംബന്ധിച്ച ദീര്‍ഘകാല രഹസ്യങ്ങള്‍ക്ക് പുതിയ ശാസ്ത്രീയ വിശദീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ചുറ്റുമുള്ള സമുദ്രത്തേക്കാള്‍ ഏകദേശം 1600 അടി ഉയരത്തിലാണ് ബര്‍മൂഡ ട്രയാങ്കിള്‍ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ 3 കോടി വര്‍ഷങ്ങളായി അഗ്നിപര്‍വ്വതങ്ങള്‍ ഉണ്ടായിട്ടുമില്ല. സാധാരണ ഇത്തരം ദ്വീപുകള്‍ കാലക്രമേണ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകാറുണ്ട്. എന്നാല്‍ ബര്‍മൂഡയ്ക്ക് രൂപമാറ്റമില്ലാതിരിക്കുന്നത് ശാസ്ത്രലോകത്തെ കുഴപ്പിച്ചിരുന്നു.
ഹവായ് പോലുള്ള മിക്ക അഗ്‌നിപര്‍വ്വത ദ്വീപ ശൃംഖലകളും മാന്റില്‍ പ്ലൂം എന്നു വിളിക്കുന്ന പാളിക്കു മുകളിലാണ് രൂപം കൊള്ളുന്നത്. ഭൂമിയുടെ മാന്റിലിനുള്ളില്‍ നിന്ന് ഉയരുന്ന ചൂടുള്ളതും പൊങ്ങിക്കിടക്കുന്നതുമായ പാറയുടെ ഒരു നിരയാണിത്. ഈ പദാര്‍ത്ഥം മുകളിലേക്ക് തള്ളുമ്പോള്‍, അത് അഗ്‌നിപര്‍വ്വതങ്ങള്‍ സൃഷ്ടിക്കുകയും കടല്‍ത്തീരം വീര്‍ത്തുവരാന്‍ കാരണമാവുകയും ചെയ്യും.
കാലക്രമേണ, ടെക്‌റ്റോണിക് പ്ലേറ്റുകള്‍ പ്ലൂമില്‍ നിന്ന് അകന്നുപോകുകയും അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ ശാന്തമാവുകയും ചെയ്യും. എന്നാല്‍ ബെര്‍മുഡയിലെ പ്രവർത്തനം വ്യത്യസ്തമാണ്.
ഇതിനുള്ള കാരണമാണ് കാര്‍ണഗീ സയന്‍സിലെ ഭൂകമ്പ ശാസ്ത്രജ്ഞനായ വില്യം ഫ്രേസറും യേല്‍ യൂണിവേഴ്‌സിറ്റിയിലെ ജെഫ്രി പാര്‍ക്കും നേതൃത്വം നല്‍കിയ പഠനം കണ്ടെത്തിയത്. ഭൂകമ്പ തരംഗങ്ങള്‍ കടത്തിവിട്ടുകൊണ്ട് ദ്വീപിന് താഴെ ഏകദേശം 20 മൈല്‍ വരെയുള്ള ഭൂമിയുടെ ഉള്‍ഭാഗത്തിന്റെ ചിത്രം സൃഷ്ടിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു.
സമുദ്രത്തിന്റെ പുറംതോടിനു തൊട്ടുതാഴെയായി 12 മൈലില്‍ കൂടുതല്‍ കട്ടിയുള്ള പാറയുടെ ഒരു പാളി കണ്ടത്തി. ചുറ്റുമുള്ള മാന്റിലിനേക്കാള്‍ സാന്ദ്രത കുറഞ്ഞ ഈ പാറ അസാധാരണമാംവിധം തിളക്കമുള്ളതായിരുന്നു. താഴെ നിന്ന് മുകളിലേക്ക് തള്ളിവരുന്ന ഒരു പ്ലൂമിന് പകരം, ഈ ഭാരം കുറഞ്ഞ പാറ ചങ്ങാടം പോലെ പ്രവര്‍ത്തിക്കുകയും കടല്‍ത്തീരത്തെയും ബെര്‍മുഡയെയും പൊങ്ങിക്കിടക്കാന്‍ സഹായിക്കുകയും ചെയ്യും.
ഭൗമോപരിതലത്തെയും ആഴത്തിലുള്ള അകത്തെ പാളിയായ മാന്റിലിനേയും തമ്മില്‍ വേര്‍തിരിച്ച നിലയിലാണിത് പുതിയ പാളി കണ്ടെത്തിയത്. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ അഗ്നിപര്‍വത സ്ഫാടനത്തിലൂടെയാണ് ഇതു രൂപം കൊണ്ടതെന്നാണ് നിഗമനം. ഇത്തരം ഘടന ഭൂമിയില്‍ മറ്റെവിടെയും കണ്ടെത്തിയിട്ടില്ലെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
ബര്‍മൂഡ ട്രയാങ്കിളിലെ അതിദുരൂഹമായ കപ്പലുകളുടെയും വിമാനങ്ങളുടെയും അപ്രത്യക്ഷമാകലുമായി ഇതിനു നേരിട്ട് ബന്ധമില്ല. എന്നാല്‍ ബര്‍മൂഡയുടെ അസാധാരണ ഭൗമഘടന മനസ്സിലാക്കാന്‍ ഇതുപകരിക്കും എന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് എന്ന ശാസ്ത്ര മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates