ന്യൂയോര്‍ക്ക്: യുഎസ് - ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഇന്ന് തുടക്കമാകും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഇറാന്‍ പാര്‍ലമെന്റ് സ്-പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ നടക്കും. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിലാണ് സംഭാഷണം. ചര്‍ച്ച പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് ലോകം.
രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് അമേരിക്കയും ഇറാനും ധാരണയിലെത്തിയെങ്കിലും ഇതിന്റെ സ്ഥിരത സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ശക്തമായ ആക്രമണങ്ങളും കരാറില്‍ ലെബനനെ ഉള്‍പ്പെടുത്തണമോ എന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ഈ സമാധാന ശ്രമങ്ങള്‍ക്ക് ഭീഷണിയായി തുടരുന്നു. ലെബനനിലെ കൂട്ടക്കുരുതി തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തയാഴ്ച വാഷിങ്ടണില്‍ ലെബനനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു. അതേസമയം, യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് പ്രതികരിച്ചു. ആക്രമണം നിര്‍ത്താതെ ചര്‍ച്ചകള്‍കൊണ്ട് കാര്യമില്ലെന്നാണ് ലെബനന്റെ നിലപാട്. ഇസ്രയേലിനോട് വിട്ടുവീഴ്ച ചെയ്യരുതെന്ന് ഹിസ്ബുള്ള ലെബനന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വെടിനിര്‍ത്തല്‍ കരാറില്‍ ലെബനന്റെ പദവി എന്തായിരിക്കും എന്നത് ഇപ്പോഴും വലിയ തര്‍ക്കവിഷയമായി തുടരുന്നു. തങ്ങളുടെ സഖ്യകക്ഷിയായ ഹിസ്ബുള്ളയ്ക്കെതിരെയുള്ള ആക്രമണങ്ങളും വെടിനിര്‍ത്തലിന്റെ പരിധിയില്‍ വരുമെന്നാണ് ഇറാന്റെ നിലപാട്. മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാനും ഇതേ നിലപാടാണ് പങ്കുവെക്കുന്നത്. എന്നാല്‍ ലെബനന്‍ ഈ കരാറിന്റെ പരിധിയില്‍ വരുന്നില്ലെന്ന് അമേരിക്കയും ഇസ്രായേലും തറപ്പിച്ചുപറയുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചത് ആഗോള വിപണിയെ ഉലച്ചിരിക്കുകയാണ്. ഇതിന് പരിഹാരമെന്നോണമാണ് സമാധാന ചര്‍ച്ച. ഇറാന്‍ പത്തിന നിര്‍ദ്ദേശങ്ങളും അമേരിക്ക 15 ആവശ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഇറാനുമേല്‍ യുഎസ് ചുമത്തിയിട്ടുള്ള എല്ലാ സാമ്പത്തിക ഉപരോധങ്ങളും പൂര്‍ണമായും നീക്കണം, പശ്ചിമേഷ്യയിയില്‍നിന്ന് യുഎസ് സൈനികവിഭാഗങ്ങളെ പിന്‍വലിക്കണം, ഹോര്‍മുസിലൂടെയുള്ള കപ്പല്‍ഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് പകരം യുദ്ധനഷ്ടപരിഹാരമായി ടോള്‍ ഈടാക്കും, ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ യുഎസ് ഇടപെടില്ലെന്നും സഖ്യകക്ഷികളെ ഉപയോഗിച്ച് ഇറാനെ ആക്രമിക്കില്ലെന്നും രേഖാമൂലം ഉറപ്പ് വേണം, സമാധാനപരമായ ആവശ്യങ്ങള്‍ക്കായി യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശം അംഗീകരിക്കണം എന്നിവയാണ് ഇറാന്റെ ആവശ്യങ്ങള്‍.
അമേരിക്കയുടെ ഉപാധികള്‍
സമ്പുഷ്ടീകരിച്ച മുഴുവന്‍ യുറേനിയവും ഇറാന്‍ പുറത്തേക്ക് മാറ്റണം, എല്ലാ ആണവനിലയങ്ങളിലും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിക്ക് പരിശോധനക്ക് അനുമതി നല്‍കണം, ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളുടെ വികസനവും പരീക്ഷണവും നിര്‍ത്തണം, ഹിസ്ബുള്ളയും ഹൂതിയും പോലുള്ള സായുധസംഘടനകള്‍ക്ക് സഹായം നല്‍കരുത്, ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍നീക്കം ഉപേക്ഷിച്ച് ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം, ഇറാനില്‍ തടവിലുള്ള യുഎസ് പൗരന്മാരെ മോചിപ്പിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates