Netanyahu Warns Against Opposition-Arab Coalition in Israel File Photo
World

'അറബ് - പ്രതിപക്ഷ സര്‍ക്കാര്‍ ഉണ്ടായാല്‍ ഇസ്രയേല്‍ തകരും'; മുന്നറിയിപ്പുമായി നെതന്യാഹു

ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായി നീക്കം നടത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ടെല്‍ അവീവ്: ഇസ്രയേലിലെ പ്രതിപക്ഷ പാര്‍ട്ടികളും അറബ് പാര്‍ട്ടികളും ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചാല്‍ രാജ്യം തകരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്ലാമിക പാര്‍ട്ടികളെ ആശ്രയിച്ചുള്ള സര്‍ക്കാര്‍ ഇസ്രയേലിനെ അകത്തുനിന്ന് തകര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 27ന് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം. കഴിഞ്ഞ മൂന്നുവര്‍ഷമായി തുടരുന്ന യുദ്ധങ്ങളും നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ ഭരണവും ഇസ്രയേലില്‍ രാഷ്ട്രീയ ധ്രുവീകരണം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിനെ അധികാരത്തില്‍നിന്ന് മാറ്റാനുള്ള നീക്കങ്ങള്‍ പ്രതിപക്ഷം ശക്തമാക്കുകയാണ്.

മുന്‍ സൈനിക മേധാവിയും രാഷ്ട്രീയരംഗത്തെ പുതുമുഖവുമായ ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായി നീക്കം നടത്തുന്നത്. മതേതര, ലിബറല്‍ വിഭാഗങ്ങളുടെ പിന്തുണ ലക്ഷ്യമിടുന്ന ഐസന്‍കോട്ടിന്റെ സഖ്യം, നേരത്തെ അസാധ്യമായി കരുതിയിരുന്ന തീവ്ര ഓര്‍ത്തഡോക്‌സ് ജൂത വിഭാഗങ്ങളുമായുള്ള സഖ്യസാധ്യതകളും പരിഗണിക്കുന്നുണ്ട്. മിതവാദ ഇസ്ലാമിക പാര്‍ട്ടിയായ റആമിനെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കാനാണ് നീക്കം. റആം നേതാവ് മന്‍സൂര്‍ അബ്ബാസ് ഇസ്രയേലിനെ 'ജൂതരാഷ്ട്രം' എന്ന് അംഗീകരിച്ചിട്ടുണ്ട്. അറബ് ഭൂരിപക്ഷമുള്ള ജോയിന്റ് ലിസ്റ്റിന്റെ പുറത്തുനിന്നുള്ള പിന്തുണയും ഐസന്‍കോട്ടിന് ലഭിച്ചേക്കും.

'ഇസ്ലാമിസ്റ്റുകളെ ആശ്രയിക്കുന്ന അത്തരമൊരു സര്‍ക്കാര്‍ ഇസ്രയേല്‍ രാഷ്ട്രത്തെ അകത്തുനിന്ന് തകര്‍ക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ സംഭവിക്കുന്നതുപോലെ, അതിനേക്കാള്‍ ഗുരുതരമായിരിക്കും ഇസ്രയേലിലെ സാഹചര്യം' -റെക്കോര്‍ഡ് ചെയ്ത പ്രസംഗത്തില്‍ നെതന്യാഹു പറഞ്ഞു. യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ ഇസ്ലാമിക നിയമങ്ങള്‍ക്ക് കീഴിലായെന്ന വാദമുയര്‍ത്തുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരുടെ നിലപാടുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു നെതന്യാഹുവിന്റെ പരാമര്‍ശം.

തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തിനും പാര്‍ലമെന്റിലെ 120 സീറ്റുകളില്‍ ഐസന്‍കോട്ടിന്റെ പ്രതിപക്ഷ സഖ്യത്തിന് 67 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. നെതന്യാഹുവിന്റെ സഖ്യത്തിന് 46 അംഗങ്ങളുടെ പിന്തുണയാണുള്ളത്. എല്ലാ പാര്‍ട്ടികളുമായും നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം, അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിനെ ചുമതലപ്പെടുത്തുന്നതാണ് യുക്തിസഹമെന്ന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് വ്യാഴാഴ്ച സൂചിപ്പിച്ചിരുന്നു. ഇരു വിഭാഗങ്ങളിലുമുള്ള ജൂത പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്.

ദേശീയ ഐക്യസര്‍ക്കാര്‍ എന്ന ആശയത്തെ നെതന്യാഹു പിന്തുണച്ചുട്ടുണ്ട്. രാജ്യത്തിന്റെ സംരക്ഷണത്തിനായി നിലകൊള്ളുന്ന ദേശീയ ചേരിയിലെയും സയണിസ്റ്റ് പാര്‍ട്ടികളിലെയും എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ഐക്യസര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം, ഐസന്‍കോട്ടിന്റെ നേതൃത്വത്തില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയോടും സഖ്യകക്ഷികളോടും അദ്ദേഹത്തിന്റെ യഷാര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. ലിക്കുഡും സഖ്യകക്ഷികളും ഐക്യസര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീവ്ര നിലപാടുകളുള്ള പാര്‍ട്ടികളുമായുള്ള സഖ്യം അവസാനിപ്പിച്ച് ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേരാന്‍ തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിക്കണമെന്ന് യഷാര്‍ എക്‌സില്‍ കുറിച്ചു.

Netanyahu Warns Opposition-Arab Coalition Could 'Destroy' Israel From Within

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാശ്രയ സ്വയംഭരണ കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അനുമതി വേണ്ട; എന്‍ഒസി പുതുക്കുന്നതിനും ഇളവ്

‌‌'ഒരാഴ്ച ചുമ്മാ ഞാൻ ചെരുപ്പിടാതെ നടന്നു, അതെനിക്കിപ്പോൾ ശീലമായി, ആവശ്യമുള്ളപ്പോൾ ചെരുപ്പിടും'; വിജയ് ആന്റണി പറയുന്നു

നിലവിലെ സിടിഎസ് ചെക്ക് ബുക്കുകള്‍ ജനുവരി ഒന്നുമുതല്‍ അസാധുവാകും?; പ്രചാരണങ്ങള്‍ തള്ളി ആര്‍ബിഐ

നയൻതാരയ്ക്കൊപ്പം ഖുശ്ബുവും സ്നേഹയും; മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ ദീപാവലി സ്പെഷ്യൽ പോസ്റ്റർ റിലീസായി

പാർട്ടി ഓഫീസിലെ മദ്യപാനം; ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്ത് സിപിഎം