ഒരിക്കല്‍
കടല്‍ കരയോട് ചോദിച്ചു.
ഈ ഭൂമിയില്‍
പ്രണയത്തിന്റെ ആദ്യ കണം
പിറവിയെടുത്തതെവിടെയാണെന്ന്.
അങ്ങ് ദൂരെ
എനിക്കും നിനക്കും
കൈതൊടാനാവാത്ത
ആകാശക്കോണിലേക്ക് നോക്കി
ഉപ്പുരസം നുണഞ്ഞ
ഓരോ മണ്‍തരികളും
നിര്‍വൃതിയുടെ ശ്വാസം അഴിച്ചുവിട്ടു.
കടല്‍ പിന്നീടൊന്നും മിണ്ടിയില്ല.
കരയും.
ആ മൗനത്തിലേക്ക്
അവള്‍ തീവ്രമായി പൊട്ടിച്ചിരിച്ചു.
ശേഷം
ജലാംശം തളംകെട്ടിയ കാലുകള്‍
പതിയെ പിന്നിലേക്ക് ചലിപ്പിച്ചു.
അവിടെ നിന്നും
കടലും
കരയും
പ്രണയവുമുള്ള
ലോകത്തേക്ക്
ഞങ്ങളൊരു യാത്രപോയി.
ഭൂമിയുടെ മാറിനെ
കുളിരു കോരിച്ചു കൊണ്ട്
അവള്‍ ഒരായിരം കവിതകള്‍ മൂളി.
ഒടുവില്‍
ആ കവിതയുടെ അവസാനവരിയിലേക്ക്
അവളും കവിതയും
പൂര്‍ണ്ണമായി അടര്‍ന്നു വീണു.
അതില്‍ ഒരു ഓര്‍മ്മയുടെ കടല്‍ പലപ്പോഴായി തലോടിക്കൊണ്ടിരുന്നു
മരണത്തിന്റെ മുഖമുള്ള
ഭൂമിയിലപ്പോള്‍
ഒരു കാല്‍പ്പാദം മാത്രം
ആഴത്തിലേക്ക് പതിഞ്ഞു പോയിരുന്നു.
അതില്‍
ഒരു ഓര്‍മ്മയുടെ കടല്‍
പലപ്പോഴായി തലോടിക്കൊണ്ടിരുന്നു.
അപ്പോള്‍ ആരുമറിയാതെ
കടലിനും കരയ്ക്കുമിടയിലപ്പോള്‍
രണ്ട് സ്വര്‍ണ്ണമീനുകള്‍
പരസ്പരം ചുംബിച്ചു.
അവരുടെ പ്രതിബിംബത്തിലേക്ക്
മറ്റൊരു നിഴല്‍
കൂട്ടിച്ചേര്‍ത്തു കൊണ്ട്
ഒരു വര്‍ണ്ണശലഭം
ഒരു മേഘത്തെ ലക്ഷ്യമാക്കി
പറന്നു തുടങ്ങിയിരുന്നു.
കാറ്റ് വീശി
ഒരു നേര്‍ത്ത മഴമേഘം
താഴേക്ക് വരാനായി തിടുക്കപ്പെട്ടു.
ആദ്യത്തെ തുള്ളിയില്‍
കടലും കരയും
ഒരു പോലെ നനഞ്ഞു.
രണ്ടാമത്തെ തുള്ളിയില്‍ അവളും.
മഴ പെയ്തു.
ആ കാലവും നനഞ്ഞു തീര്‍ന്നു.
അപ്പോള്‍
കടലും കരയും
അവളും ചോദ്യവും
ഒരു പുതിയ സന്ധ്യയിലേക്ക്
ആര്‍ദ്രമായി ലയിച്ചു പോയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates