'പെണ്ണുങ്ങളെ കാണുമ്പോഴേക്കും ചെട്ട്യാര് തുണി അഴിക്കാന്‍ തുടങ്ങിയല്ലോ....'
കണ്ണേട്ടന്റെ തമാശ കേട്ട് എല്ലാവരും ചിരിച്ചെങ്കിലും ചെട്ടിയാര്‍ ചിരിച്ചില്ല.
'കൊടുവാള് തിയ്യാ, നിനക്ക് വേണേങ്കില്‍ നല്ല കോണകം തരാം, നല്ല വീതീള്ള കൈമുണ്ട്.'
അതു കേട്ടപ്പോഴും എല്ലാവരും ചിരിച്ചു.
കൃഷ്ണന്‍ നായരുടെ പീടികയിലെ പുറത്തെ ബഞ്ചിലാണ് ചെട്ടിയാര്‍ ഇരിക്കുന്നത്. അഴിച്ചു വച്ച തുണിക്കെട്ടില്‍ നന്നായി മടക്കി വച്ച പല നിറങ്ങളിലുള്ള തുണികള്‍.
പുറത്ത് നല്ല മഴക്കാറുണ്ടായിരുന്നു.
'നിനക്കെന്തേലും വേണോ മോനേ, നല്ല മേത്തരം ട്രൗസറുണ്ട്. ഞ്ഞ് നോക്കി എടുത്തോ, പൈസയെല്ലാം ഞാന്‍ അച്ഛനോട് വാങ്ങും.'
ചെട്ടിയാര്‍ കെട്ടില്‍ നിന്നും അഞ്ചെട്ട് ട്രൗസറെടുത്ത് പുറത്തേക്കു വച്ചു. ഒഴിവു ദിവസമായ തിനാല്‍ പത്രം വായിക്കാനാണ് ഞാന്‍ പീടികയിലേക്ക് വന്നത്. അടുത്ത ബെഞ്ചിലിരുന്ന് പത്രം വായിക്കുന്ന എന്നെ ഒഴിവാക്കാനുള്ള ലക്ഷണമില്ലെന്ന് തോന്നുന്നു. അച്ഛന്‍ സാധാരണ ഓണത്തിനാ കുപ്പായം വാങ്ങിത്തരിക. അതിനിടയില്‍ അമ്മാവന്‍ വീട്ടില്‍ വരുമ്പോള്‍ കീറിയ ട്രൗസര്‍ കാണുമ്പോള്‍ അന്നു തന്നെ അങ്ങാടിയില്‍ പോയി ട്രൗസര്‍ വാങ്ങിക്കൊണ്ടുവരും. ഏതായാലും ചെട്ടിയാരില്‍ നിന്ന് തുണി വാങ്ങാനുള്ള ധൈര്യമൊന്നുമെനിക്കില്ലെന്ന് ഉറക്കെ പറയാനും കഴിയില്ല.
'ചെട്ട്യാരേ, കല്ല് കൊത്തുന്ന മുണ്ടുണ്ടോ?'
ചെട്ട്യാര്‍ തിരിഞ്ഞു നോക്കി. ചുമട്ടുകാരന്‍ കുട്ടീഷ്ണനാണ്. കല്ലുവെട്ടുകുഴിയില്‍ കല്ല് കൊത്താനും കല്ലെടുത്ത് കുഴിയുടെ മുകളിലെത്തിക്കുന്നവര്‍ക്കും ചെങ്കല്ലിന്റെ നിറമുള്ള മുണ്ട് ചെട്ടിയാരുടെ കൈവശമുണ്ട്.
അപ്പോഴാണ് കല്യാണിയമ്മ പീടികയിലേക്ക് കയറി വന്നത്.
'ചെട്ട്യാരേ, എനിക്ക് നല്ല വീതീള്ള രണ്ട് തോര്‍ത്തു വേണം.
നാളെ കൊട്ടിയൂര് പോണം. ഇളനീര്‍ വെപ്പാണ് നാളെ.'
ചെട്ടിയാര്‍ കെട്ടിന്റെ അടിയില്‍ നിന്ന് അഞ്ചാറ് തോര്‍ത്തുമുണ്ട് വലിച്ചെടുത്തു. അതില്‍ നിന്ന് ഒന്നെടുത്ത്, നിവര്‍ത്തി, വലിപ്പം കാണിച്ചു.
'ഇതു പോരേ'
'മതി മതി, നല്ല വലിപ്പണ്ട്.'
'കൃഷ്ണന്‍നായരേ, എനിക്കൊരു ഫുള്‍ ചായ.' കല്യാണിയമ്മ പോയപ്പോള്‍ ചെട്ടിയാര്‍ ഉറക്കെ പറഞ്ഞു. ചെട്ടിയാര്‍ തലേക്കെട്ടെടുത്ത് നിലത്തേക്കൊന്ന് കുടഞ്ഞു. രണ്ടു കാതുകളിലുമുള്ള കടുക്കന്‍ അപ്പോള്‍ സൂര്യനെ പോലെ ജ്വലിച്ചു. ഫുള്‍ ചായ, ഒരു പ്ലെയ്റ്റില്‍ അവില്‍, നടുക്കൊരു പിട്ടും അതില്‍ രണ്ടു സ്പൂണ്‍ പഞ്ചസാരയും.
പത്തു കിലോമീറ്ററോളം നടന്നാണ് ചെട്ടിയാര്‍ എന്റെ ഗ്രാമത്തിലെത്തുന്നത്. രാവിലെ 7 മണിയാകുമ്പോഴേക്കും ചെട്ടിയാര്‍ എത്തും. മാസത്തില്‍ സ്ഥിരമായെത്തുന്ന പല വീടുകളുമുണ്ട്. അവിടെ സാധനം വില്‍ക്കാനല്ല ഇദ്ദേഹമെത്താറ്. രാവിലത്തെ ചായ, ഇടനേരത്തെ ചായ എന്നിവയെല്ലാം അത്തരം വീടുകളിലാണ്. ചില വീടുകളില്‍ കെട്ട് വച്ച് രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് എത്തുക. ചെട്ടിയാര്‍ ഉച്ചക്ക് ചോറ് തിന്നാറില്ല. അപ്പോഴേക്കും കൃഷ്ണന്‍ നായരുടെ പീടികയിലെത്തും, ഏതാണ്ട് വൈകീട്ട് നാലു വരെ അവിടെത്തന്നെയാണ്.
കൃഷ്ണന്‍ നായരുടെ പീടികയിലെ ചായ കുടി കഴിഞ്ഞാല്‍ അവിടുത്തെ സിമന്റ് ബെഞ്ചില്‍ കിടന്ന് ഒരു ഉറക്കമുണ്ട്. അത് കഴിഞ്ഞ് എണീറ്റ് ഒരു കാലി ചായയും കുടിച്ച് തലയില്‍ തുണിക്കെട്ടും എടുത്ത് വച്ച് അമ്പലക്കുളത്തിനരികിലൂടെ കിഴക്കോട്ട് നടത്തമാണ്. പാടവും കടന്ന് നീങ്ങുന്ന ചെട്ടിയാരുടെ രൂപം മറയുന്നതു വരെ പലപ്പോഴു - ഞാന്‍ നോക്കി നിന്നിട്ടുണ്ട്.
നാട്ടില്‍ നിന്ന് ജോലിയുമായി പുറം നാട്ടിലെത്തിയതിനു ശേഷം ഞാന്‍ ചെട്ടിയാരെ കുറിച്ച് ഓര്‍ത്തിട്ടേയില്ല. അഞ്ചോ ആറോ വര്‍ഷം കഴിഞ്ഞ് ഒരു തവണ നാട്ടിലെത്തിയ ദിവസമാണ് ഞാന്‍ വീണ്ടും ചെട്ടിയാരെ ഓര്‍ത്തത്. അതൊരു മഴക്കാലമായിരുന്നു. രാവിലെ തന്നെ കൃഷ്ണന്‍ നായരുടെ പീടികയിലേക്കൊന്ന് ഇറങ്ങിയതായിരുന്നു. പീടികയില്‍ കൃഷ്ണന്‍ നായര്‍ തന്ന ചായ കഴിക്കുമ്പോഴാണ് കണ്ടിയില്‍ നാരായണന്‍ നായര്‍ കയറി വന്നത്. നാരായണന്‍ നായരെ കണ്ടതും കൃഷ്ണന്‍ നായര്‍ പറഞ്ഞു.
'നിനക്ക് ഒരു ചായയുടെ പൈസ കൂടി പോയി'
നാരായണന്‍ നായര്‍ അങ്ങനെയാണ്. ആരെക്കണ്ടാലും ചായ പൈസ വാങ്ങും. ചായക്കാണെങ്കില്‍ നല്ല മധുരവും വേണം. എത്ര മധുരമിട്ടാലും നായര്‍ക്ക് മതിയാകില്ല.
കൃഷ്ണന്‍ നായരെ വിളിച്ചുകൊണ്ടാണ് നാരായണന്‍ നായര്‍ പീടികയിലേക്ക് കയറിവന്നത്.....
'എന്താന്നേ, നിങ്ങള്‍ പാടത്തില്‍ വീണോ?'
മുണ്ടെല്ലാം നനഞ്ഞ് വന്നിരിക്കുന്ന നാരായണന്‍ നായരെ നോക്കി ചോദിച്ചു.
'ഞാന്‍ നനഞ്ഞതല്ലാ പ്രശ്‌നം, പാടത്തിലെ തെങ്ങിന്റെ പാലവും കടന്ന് ഞാന്‍ വരുമ്പോള്‍ ഒരു കാഴ്ച കണ്ടു. വെള്ളത്തിലൂടെ ഒരു കെട്ട് ഒഴുകി വരുന്നു. ഞാനതൊന്ന് പിടിച്ചു നിര്‍ത്താന്‍ ഒരു പാട് ശ്രമിച്ചു. വല്യ ഒഴുക്കല്ലേ, എവിടെ കിട്ടാനാ. ഞാന്‍ കൊറേ നേരം നോക്കി നിന്നു. അത് കോരമ്പത്ത് താഴത്തൂടെ ഒഴുകിപ്പോകുന്നത് ഞാന്‍ നോക്കി നിന്നു. അല്ല നായരേ, മ്മള ചെട്ടിയാര് ഇങ്ങോട്ട് വന്നിരുന്നോ?
കണ്ടിട്ട് ചെട്ട്യാരുടെ കെട്ട് പോലെ........'
'ഇന്നലെ ഇവിടെ ണ്ടായിനു, സാധാരണ പോകുമ്പോലെ വൈന്നേരാണ് പോയത്. അപ്പോഴും നല്ല മഴ ഉണ്ടായിനു.'
കൃഷ്ണന്‍ നായര്‍ ആത്മഗതമെന്നോണം പറഞ്ഞു.
കെട്ട് എങ്ങോട്ടായിരിക്കും പോയത്? അപ്പോഴാണ് ഞാന്‍ ആലോചിച്ചത്. കെട്ട് മാത്രമായിരിക്കുമോ പോയത്? കെട്ട് പാടവും കഴിഞ്ഞ്, എളാട്ടേരിയും കഴിഞ്ഞ് ഭൂതത്താന്‍കെട്ടും കഴിഞ്ഞാല്‍ വിശാലമായ പുഴയാണ്. ഒന്നോ രണ്ടോ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുഴ കടലില്‍ ലയിക്കും......
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates