അഴഗപ്പന് കുരിശുംതൊട്ടിയില്‍ കര്‍ത്താവിനെ നോക്കി കുറെ നേരം ഇരുന്നു. തന്റെ യജമാനനെപ്പറ്റി എന്തെങ്കിലും വിവരം തരാന്‍ ഇനി കര്‍ത്താവിനല്ലാതെ മറ്റാര്‍ക്കും കഴിയില്ലന്ന് അവന് നന്നായി അറിയാമായിരുന്നു. കുറേനേരം നോക്കിയിരുന്നിട്ടും മുള്‍ക്കിരീടവും പേറി നില്‍ക്കുന്ന കര്‍ത്താവ് അഴഗപ്പനെ നോക്കുന്നതല്ലാതെ ഒന്നും ഉരിയാടിയില്ല. എങ്കിലും പ്രതീക്ഷയോടെ കര്‍ത്താവിന്റെ കരുണയുള്ള മുഖത്തേക്ക് തന്നെ നോക്കിയിരുന്നു അഴഗപ്പന്‍.
എന്നും കുരിശുംതൊട്ടിയിലെ വിളക്കുകള്‍ തെളിയിക്കുന്നതും രാവിലെ വന്ന് അത് അണയ്ക്കുന്നതും താനും തന്റെ യജമാനനും കൂടെയായിരുന്നല്ലോ. ഒരിക്കല്‍ പോലും അത് മുടങ്ങിയിട്ടുമില്ല. എന്നിട്ടും കര്‍ത്താവെന്താണ് തന്റെ യജമാനനായ ഹനീഫയെപ്പറ്റി ഒന്നും പറയാത്തത് എന്നായിരുന്നു അഴഗപ്പന്റെ സാമാന്യ ബുദ്ധിയിലുദിച്ച ചോദ്യം.
ഇന്നലത്തെ മഴയിലും ഉരുള്‍പൊട്ടലിലും ഒലിച്ചുപോയ ആരെയൊക്കെയോ രക്ഷിക്കാനാണ് ഹനീഫ പുഴയിലേക്ക് എടുത്തുചാടിയത്. ഇതുവരെ ഹനീഫ തിരിച്ചുവന്നിട്ടില്ല. പോകുന്നതിന് മുമ്പ് കേളുവേട്ടന്റെ പീടികയില്‍ നിന്നും ബിസ്‌കറ്റും വാങ്ങി തന്നിട്ടാണല്ലോ ഹനീഫ പോയത്.
തോരാത്ത മഴയും ഇടിയും കാരണം കേളുവേട്ടന്‍ നേരത്തെ കടയടച്ചുപോയി. അഴഗപ്പന്‍ ഹനീഫയെയും കാത്ത് രാത്രി മുഴുവന്‍ കടത്തിണ്ണയില്‍ കഴിച്ചുകൂട്ടി. മിന്നല്‍ വെളിച്ചത്തില്‍ ഇലയനങ്ങുന്നത് കണ്ടപ്പോഴൊക്കെ ഹനീഫയാണോ വരുന്നതെന്ന് നോക്കി നേരം വെളുപ്പിച്ചു.
രാവിലെ തന്നെ ഗ്രാന്റ് ഹോട്ടലിന്റെ വാതുക്കല്‍ പോയി അഴഗപ്പന്‍ കുറേനേരം നോക്കിനിന്നു. ഹനീഫ രാവിലെ കാലിച്ചായ കുടിക്കുന്നത് അവിടെ നിന്നുമാണ്. ചായകുടിച്ചിറങ്ങുമ്പോള്‍ അഴഗപ്പന് ബിസ്‌കറ്റ് പതിവാണ്. തന്റെ ഹനീഫയെ കണ്ടോയെന്ന് മൂകഭാഷയില്‍ അവന്‍ ചോദിക്കുന്നുണ്ട്. പക്ഷെ ആരും ഒന്നും പറയുന്നില്ല.
പൂത്തുലഞ്ഞു നില്‍ക്കുന്ന വാകമരത്തിനെ നോക്കി അഴഗപ്പന്‍ ഒന്ന് മുരണ്ടു. തന്റെ ഹനീഫയെ കണ്ടോ എന്നായിരുന്നിരിക്കണം അവന്‍ ചോദിച്ചത്
എന്നും കാണുന്ന ചിലരൊക്കെ വിഷമത്തോടെ അഴഗപ്പനെ നോക്കുന്നുണ്ട്. അതിലൊരാള്‍ അഴഗപ്പന് ബിസ്‌കറ്റ് കൊടുത്തെങ്കിലും അവന്‍ കഴിച്ചില്ല. അവന് അവന്റെ സന്തതസഹചാരിയായ ഹനീഫയെ കാണണം. തെരുവില്‍ വസിക്കുന്ന അവന് ഹനീഫ മാത്രമായിരുന്നല്ലോ തുണ.
രാവിലത്തെ ചായയുടെ സമയം കഴിഞ്ഞപ്പോള്‍ അഴഗപ്പന്‍ കവലയില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന വാകമരത്തിന്റെ ചുവട്ടിലേക്ക് മാറിയിരുന്നു. പൂത്തുലഞ്ഞു നില്‍ക്കുന്ന വാകമരത്തിനെ നോക്കി അഴഗപ്പന്‍ ഒന്ന് മുരണ്ടു. തന്റെ ഹനീഫയെ കണ്ടോ എന്നായിരുന്നിരിക്കണം അവന്‍ ചോദിച്ചത്.
കഴിഞ്ഞ വേനലില്‍ വാകമരത്തിന്റെ ചുവട്ടിലും വെള്ളം ഒഴിക്കുവാന്‍ ഹനീഫയുടെ കൂടെ അഴഗപ്പനും വന്നിട്ടുള്ളതാണ്. പക്ഷെ ഹനീഫയുടെ കാര്യത്തില്‍ മാത്രം വാകമരത്തിനും ഒന്നും പറയാനുണ്ടായില്ല. കുറേനേരം നോക്കിനിന്നപ്പോള്‍ മനസ്സലിഞ്ഞിട്ടാകണം, ചുവന്നപ്പൂക്കള്‍ കൊണ്ടൊരു പുഷ്പവൃഷ്ടി നടത്തി, വാകമരം. കാറ്റത്തുലഞ്ഞ് ഒരു ഞരക്കത്തോടെ.
ഇനി ബസ് സ്്റ്റാന്‍ഡില്‍ കുറച്ചുനേരം പോയിനില്‍ക്കാം. അഴഗപ്പന്‍ കരുതി. അവിടെ സ്‌കൂള്‍ വിട്ട് നില്‍ക്കുന്ന കുട്ടികള്‍ക്കും പ്രിയങ്കരനായിരുന്നല്ലോ ഹനീഫ. അവര്‍ക്കെല്ലാം മിഠായി വാങ്ങിക്കൊടുക്കുമ്പോള്‍ അഴഗപ്പനും കൂട്ടുപോകാറുണ്ടായിരുന്നുവല്ലോ.
ആരെങ്കിലും ഹനീഫയെപ്പറ്റി എന്തെങ്കിലും പറയാതിരിക്കില്ല. കുട്ടികള്‍ അഴഗപ്പനെ കണ്ടപ്പോള്‍ ഓടിവന്നെങ്കിലും ഹനീഫയെപ്പറ്റി ഒന്നും പറഞ്ഞില്ല. അവര്‍ക്ക് മിഠായി കൊടുക്കാത്തതുകൊണ്ടാവും, അഴഗപ്പന്‍ കരുതി.
കുട്ടികള്‍ വാത്സല്യത്തോടെ അഴഗപ്പനെ തഴുകുകയും ഓമനിക്കുകയും ചെയ്തപ്പോഴെങ്കിലും എന്തെങ്കിലും പറയുമെന്നുകരുതി അവരുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കിനിന്നു. നാലുമണിയുടെ മീനു ബസ് വന്നുനിര്‍ത്തിയപ്പോള്‍ കുട്ടികളെല്ലാം അതില്‍ കയറി വീട്ടിലേക്ക് പോയതല്ലാതെ ഹനീഫയെപ്പറ്റി ആരും ഒന്നും പറഞ്ഞില്ല.
കുറച്ചുകൂടെ ഇവിടെ കാത്തുനില്‍ക്കാം. അഴഗപ്പന്‍ തീരുമാനിച്ചു. അഞ്ചുമണിക്ക് ഓഫീസുകള്‍ വിടുമ്പോള്‍ ഹനീഫയുടെ കുറെ കൂട്ടുകാര്‍ വരും. അവര്‍ക്ക് ചായ കൊണ്ടുപോകുമ്പോഴും അഴഗപ്പന്‍ കൂട്ടുപോകാറുണ്ടായിരുന്നുവല്ലോ. അഞ്ചുമണിയുടെ സൈറണ്‍ മുഴങ്ങിയപ്പോള്‍ അഴഗപ്പന് വീണ്ടും പ്രതീക്ഷയായി. അവരെങ്കിലും ഹനീഫയെപ്പറ്റി എന്തെങ്കിലും പറയാതിരിക്കില്ല .
കാരണം, പരിപ്പുവടയുടെയും പഴബോളിയുടെയും കൂടെ അവര്‍ക്കിഷ്ടമുള്ള പലഹാരങ്ങള്‍ വിളമ്പിയിരുന്നത് ഹനീഫയായിരുന്നല്ലോ.
ഓഫീസില്‍ നിന്നും വന്നവരെ പ്രതീക്ഷയോടെ കുറേനേരം നോക്കിനിന്നിട്ടും അവരും ഒന്നും പറയുന്നില്ല.
അവരില്‍ ചിലര്‍ക്കൊക്കെ പരാതിയായിരുന്നു. നാലുമണിക്കുള്ള പതിവ് ചായയും കടിയും മുടങ്ങിയതിലാണ് അവര്‍ പരാതി പറഞ്ഞുകൊണ്ടിരുന്നത് .
ചായകുടിക്കാഞ്ഞിട്ട് ശ്രീദേവി മാഡത്തിന് തലവേദനയാണത്രെ. അതിനിടയില്‍ ശ്രീദേവി മാഡത്തിന് വിക്‌സ് ഓഫര്‍ ചെയ്യുന്നുണ്ട് പദ്മജാക്ഷന്‍ സാര്‍. അഴഗപ്പന്‍ പദ്മജാക്ഷന്‍ സാറിന്റെ നേരെ നോക്കി, എന്റെ യജമാനനെ കണ്ടോ? നിങ്ങള്‍ അല്പം കരുണയുള്ളവനല്ലേ, തലവേദനയേക്കാള്‍ എത്ര കഠിനമാണ് ഈ മനസ്സിന്റെ വേദന. എന്താണ് നിങ്ങളൊന്നും എന്റെ വേദന മനസ്സിലാക്കാത്തത്. അഴഗപ്പന്‍ സങ്കടപ്പെട്ടു.
പരിപ്പുവടയും ചായയും കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവരൊക്കെ എത്ര നല്ല മനുഷ്യരാണെന്നാണ് താന്‍ കരുതിയിരുന്നത്, അഴഗപ്പന്‍ അങ്ങനെ പലതും ചിന്തിച്ചുകൊണ്ടിരുന്നപ്പോഴാണ് അവര്‍ അഴഗപ്പനെ നോക്കി എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഹനീഫയുടെ വീട്ടിലേക്കുള്ള ചെമ്മണ്‍പാതയിലേക്ക് കയറിപ്പോയത്.
അഴഗപ്പനും അവരുടെ പുറകെപ്പോയി. അവിടെയെത്തിയപ്പോള്‍ മുറ്റത്ത് ആളുകള്‍ നിറഞ്ഞിരുന്നു. മഴയില്‍ കുതിര്‍ന്ന മണ്ണിന്റെയും നനഞ്ഞ വസ്ത്രങ്ങളുടെയും ഇടയില്‍, അവന് പരിചിതമായിരുന്ന ഒരു മണം എവിടെയോ കിടന്നിരുന്നു. തന്റെ യജമാനന്റെ മണം. അവന്‍ ഒന്ന് മുരണ്ടപ്പോഴേക്കും ആരോ അവനെ ഓടിച്ചുവിട്ടു.
അവന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും പതുക്കെ അവിടെയുള്ള ഒരു മതിലില്‍ കയറി ഇരിപ്പുറപ്പിച്ചു.
വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു ശരീരം മുറ്റത്തിന്റെ നടുവില്‍ കിടത്തിയിരുന്നു. ചുറ്റും പുരുഷന്മാര്‍. ചിലര്‍ തലകുനിച്ച് നില്‍ക്കുന്നു. ചിലരുടെ ചുണ്ടുകള്‍ പതുക്കെ ചലിക്കുന്നുണ്ട്. കരച്ചിലിന്റെ ശബ്ദം ഇടയ്ക്കിടെ ഉയരുകയും താഴുകായും ചെയ്യുന്നുണ്ട്.
ആരോ പരിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ വായിക്കുന്നുണ്ടായിരുന്നു.
അഴഗപ്പന്‍ വാലാട്ടിയില്ല. കുരച്ചുമില്ല. അവന്‍ ആള്‍ക്കൂട്ടത്തെ നോക്കിയങ്ങനെ നിന്നു. തന്റെ യജമാനന്റെ വിളിയും കാത്തുകൊണ്ട്.
പരിചിതമായ ആ മണം അവനെ വല്ലാതെ ഉലച്ചുകൊണ്ടിരുന്നു. ഒരു ശ്രമം കൂടി നടത്താം, അഴഗപ്പന്‍ മതിലില്‍ നിന്നും ചാടി വെള്ളത്തുണിയുടെ അടുത്തേക്ക് പോകാനൊരു ശ്രമം കൂടി നടത്തി. വീണ്ടും അവനെ ആരോ ആട്ടിപ്പായിച്ചു.
വീണ്ടും മതിലിനു മുകളില്‍ കയറിയ അവന്റെ കണ്ണുകള്‍ ആ വെള്ളത്തുണിയില്‍ തന്നെയായിരുന്നു. അത് തന്റെ യജമാനനാണെന്ന് അവന് മനസ്സിലായിരുന്നു.
കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ശരീരം എടുത്തു. ആളുകള്‍ നാലുഭാഗത്തുനിന്നും ചേര്‍ന്ന് മയ്യത്ത് കട്ടിലില്‍ കിടത്തി. അഴഗപ്പന്‍ പിന്നാലെ നടന്നു.
മഴ നിലച്ചിരുന്നെങ്കിലും വഴിയാകെ ചെളിയായിരുന്നു. മുന്നില്‍ ചിലര്‍ പതുക്കെ നടന്നു. പിന്നില്‍ കുറെയധികം ആളുകള്‍. ആരും വലിയ ശബ്ദത്തില്‍ സംസാരിച്ചില്ല. ഇടയ്ക്കിടെ ''അല്ലാഹു അക്ബര്‍' എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനാശബ്ദങ്ങള്‍ മാത്രം കാറ്റില്‍ പറന്നു നനഞ്ഞു.
അഴഗപ്പന് അതൊന്നും മനസ്സിലായില്ല. ഒന്നറിയാം, തന്റെ യജമാനനെ ഇവരെല്ലാം കൂടെ എങ്ങോട്ടോ കൊണ്ടുപോകുന്നു.
പള്ളിയുടെ മുറ്റത്ത് എത്തിയപ്പോള്‍ പുരുഷന്മാര്‍ അകത്തേക്കും പുറത്തേക്കുമായി നീങ്ങി.
മയ്യത്ത്കട്ടില്‍ താഴെ വച്ചു. ചിലര്‍ നിരയായി നിന്നു. അഴഗപ്പന്‍ അകലെ നിന്നു നോക്കി.
പിന്നെ എല്ലാവരും ഒരുമിച്ച് നിശ്ശബ്ദരായി. അവര്‍ നമസ്‌കാരത്തിനായി നിരന്നുനിന്നു.
അഴഗപ്പന്‍ വാലാട്ടിയില്ല. കുരച്ചുമില്ല. അവന്‍ ആള്‍ക്കൂട്ടത്തെ നോക്കിയങ്ങനെ നിന്നു. തന്റെ യജമാനന്റെ വിളിയും കാത്തുകൊണ്ട്.
ഒരിക്കല്‍ കൂടി 'അഴഗപ്പാ'യെന്ന് വിളിക്കുമെന്ന പ്രതീക്ഷയില്‍. അവനെ ആരും ഒന്നും വിളിച്ചില്ല. അവന്‍ ഇവരുടെ ആരും അല്ലല്ലോ, തെരുവില്‍ ജീവിച്ച അഴഗപ്പന് ഹനീഫ മാത്രമായിരുന്നല്ലോ ആകെയുണ്ടായിരുന്നത്. ഇപ്പോള്‍ ഹനീഫയും അവനെ വിളിക്കുന്നില്ല. കുറച്ചുനേരം കഴിഞ്ഞ് മയ്യത്ത് വീണ്ടും എടുത്തു.
ഖബറിസ്ഥാനിലെത്തിയപ്പോള്‍ മണ്ണിന്റെ മണം കൂടുതല്‍ ശക്തമായിരുന്നു. പുതുതായി കുഴിച്ചെടുത്ത നനഞ്ഞ മണ്ണ്. മഴവെള്ളം കെട്ടിനിന്ന ചെറിയ കുഴികള്‍. ആളുകളുടെ കാലടിപ്പാടുകള്‍. കുഴിയരികില്‍ മയ്യത്ത് താഴ്ത്തി.
മയ്യത്തിനെ ഖബറില്‍ ഇറക്കിയ ശേഷം, ആളുകള്‍ ചുറ്റും നിന്നു.
ഇമാമിന്റെ ശബ്ദം മണ്ണിന്റെ നനവിലൂടെ പതുക്കെ ഒഴുകിവന്നു. മരിച്ചവന് മാപ്പും കരുണയും നല്‍കണമെന്നുള്ള പ്രാര്‍ത്ഥന. ചുറ്റും നിന്നവര്‍ താഴ്ന്ന സ്വരത്തില്‍ ''ആമീന്‍'' എന്നു പറഞ്ഞു.
അഴഗപ്പന് ആ വാക്കിന്റെ അര്‍ത്ഥമറിയില്ലായിരുന്നു. പക്ഷേ, എല്ലാവരും ഒരേ മനുഷ്യനുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് അവന് മനസ്സിലായി. അതവന്റെ യജമാനന് വേണ്ടിയാണെന്നും. അതുകൊണ്ട് തന്നെ അര്‍ത്ഥമറിയാതെ വെറുതെ അവന്‍ മുരടനക്കി.
അഴഗപ്പന്‍ ഖബറിസ്ഥാന്റെ മതിലില്‍ കയറിയിരുന്ന് കബറിടത്തിലേക്ക് നോക്കിയിരിക്കെ വെള്ളത്തുണി മണ്ണിനുള്ളിലേക്ക് അപ്രത്യക്ഷമായി. പിന്നെ മണ്ണ് വീഴാന്‍ തുടങ്ങി.
ആദ്യത്തെ മണ്ണ് വീണപ്പോള്‍ അഴഗപ്പന്‍ ഒന്ന് ഞെട്ടി. രണ്ടാമത്തെ പിടി മണ്ണ് വീണപ്പോള്‍ അവന്‍ മതിലില്‍ നിന്നും ചാടി ഒന്ന് മുന്നോട്ടാഞ്ഞു. ആരോ അവനെ വീണ്ടും തടഞ്ഞു. അവന്‍ കരയുകയോ കുരക്കുകയോ ചെയ്തില്ല, ഒന്ന് ഞരങ്ങിയതേയുള്ളു. അഴഗപ്പന്റെ അകമഴിഞ്ഞ അന്ത്യമോപചാരം.
അവസാനം വെള്ളത്തുണിയുടെ സ്ഥാനത്തൊരു ചെറിയ മണ്‍കൂന മാത്രം ബാക്കിയായി.
ആള്‍ക്കാര്‍ പതുക്കെ പിരിഞ്ഞുപോകാന്‍ തുടങ്ങി. ആ രാത്രി ഖബറിസ്ഥാനില്‍നിന്ന് ആളുകള്‍ മടങ്ങിപ്പോയ ശേഷവും അഴഗപ്പന്‍ പോയില്ല.
എല്ലാവരും പോയിക്കഴിഞ്ഞുവെന്നുറപ്പാക്കിയപ്പോള്‍ അവന്‍ മതിലില്‍ നിന്നും താഴെയിറങ്ങി. ആ മണ്‍കൂനയുടെ അടുത്തേക്ക് ചെന്നു. മൂക്ക് മണ്ണിനോട് ചേര്‍ത്തു. മണം ഉണ്ടായിരുന്നു. വളരെ നേരിയ മണം. തന്റെ യജമാനന്റെ മണം. അഴഗപ്പന്‍ മണ്‍കൂനയിലേക്ക് കയറിക്കിടന്നു. ഒരു റീത്തു പോലെ, വട്ടത്തില്‍, മണ്ണിനോട് പറ്റിച്ചേര്‍ന്ന്, മറ്റു അന്ത്യോപചാര പുഷ്പചക്രങ്ങളോടൊപ്പം.
പിറ്റേന്ന് ഒരുകൂട്ടം തെരുവുനായ്ക്കള്‍ കുരക്കുന്നത് കേട്ടാണ് വാങ്ക് വിളിക്കുവാന്‍ വന്ന മുസലിയാര്‍ കബറിസ്ഥാനിലേക്ക് പോയത്. അവിടെ കണ്ട കാഴ്ച അയാളെ അമ്പരപ്പിക്കുന്നതായിരുന്നു. ഒരുകൂട്ടം തെരുവുനായ്ക്കളുടെ നടുവില്‍ പ്രകാശം പരത്തിക്കൊണ്ട് രണ്ടു വണ്ടുകള്‍, അവരുടെ കൈകള്‍ കോര്‍ത്തുപിടിച്ചുകൊണ്ട് ആകാശത്തേക്ക് പറന്നുയരുന്നു. ആ പ്രകാശത്തിന്റെ തീക്ഷ്ണതയില്‍ മുസലിയാര്‍ ബോധം കെട്ടു നിലത്തു വീണു.
അപ്പോള്‍ ആരോ വാങ്ക് വിളിക്കുകയും കുരിശുംതൊട്ടിയിലെ കര്‍ത്താവ് പുഞ്ചിരിക്കുകയും ചെയ്തു.
തെരുവ് നായ്ക്കള്‍ അപ്പോഴും കുരച്ചുകൊണ്ടേയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates